Connect with us

Gulf

ഗതാഗതക്കുരുക്കില്‍ ഷാര്‍ജ വീര്‍പ്പ് മുട്ടുന്നു

Published

|

Last Updated

ഷര്‍ജ: എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗത കുരുക്ക് മൂലം യാത്രക്കാര്‍ പൊറുതി മുട്ടുന്നു. ദുബൈയിലേക്കുള്ള നിരത്തുകളിലാണ് പ്രധാനമായും ഗതാഗത കുരുക്ക് അനുഭവപ്പെടുന്നത്. ദുബൈ-ഷാര്‍ജ റോഡായ അല്‍ ഇത്തിഹാദ് റോഡില്‍ തിരക്കൊഴിയുന്ന നേരം വിരളമാണ്. രാവിലെയും വൈകുന്നേരവും അവസ്ഥ ഒരുപോലെ. രാവിലെ ദുബൈയിലേക്കുള്ള വാഹനങ്ങള്‍ ഒച്ചിഴയും വേഗത്തിലാണ് നീങ്ങുന്നത്. വൈകുന്നേരമാകട്ടെ സ്ഥിതി മറിച്ചും. ഒരേ ദിക്കില്‍ ഒരു മണിക്കൂറോളം ഗതാഗത കുരുക്കിര്‍പ്പെടുന്ന അവസ്ഥയാണ്. അതിനാല്‍ നിശ്ചിത സമയത്ത് യാത്രക്കാര്‍ക്ക് ലക്ഷ്യസ്ഥാനത്ത് എത്താന്‍ കഴിയാത്ത അവസ്ഥയാണ്. അല്‍താവൂന്‍, അല്‍ കാന്‍, അല്‍ നഹ്ദ എന്നിവിടങ്ങളിലൂടെ ദുബൈക്കുള്ള നിരത്തുകളും ഗതാഗതക്കുരുക്കില്‍ നിന്നും മുക്തമല്ല. ഷാര്‍ജ കോളജ് റൗണ്ട് എബൗട്ട്, അല്‍ താവൂന്‍ റൗണ്ട് എബൗട്ട് എന്നിവിടങ്ങളില്‍ വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. നാല്‍ക്കുനാള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഗതാഗക്ലേശം യാത്രക്കാരെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. ദുബൈയില്‍ ജോലി ചെയ്യുന്നവരില്‍ നല്ലൊരു ശതമാനവും താമസിക്കുന്നത് ഷാര്‍ജയിലാണ്. ഇവരും വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഇതിനു പുറമെ സ്‌കൂള്‍ ബസുകള്‍ കൂടി നിരത്തിലെത്തിയപ്പോള്‍ ഗതാഗതക്കുരുക്കിന്റെ ആക്കം ഇരട്ടിയായി.
ദുബൈ റോഡില്‍ സാലിക് നിലവില്‍ വന്നതോടെ തിരക്ക് കുറയുമെന്ന് പ്രതീക്ഷിച്ചെങ്കിലും തിരക്കിനു ശമനമില്ല. സാലിക്ക് സ്ഥാപിച്ച ആദ്യ ദിനങ്ങളില്‍ തിരക്കിനു അല്‍പം ശമനമുണ്ടായിരുന്നുവെങ്കിലും ഇപ്പൊ സ്ഥിതി മാറി. ഗതാഗതക്കുരുക്കൊഴിവാക്കി യാത്ര സുഗമമാക്കാന്‍ പോലീസ് കഠിന ശ്രമം നടത്തുന്നുണ്ടെങ്കിലും അതു പരിമിതമാണ്. വാഹന തിരക്ക് അപകടങ്ങള്‍ക്കു കാരണമാകുന്നതായും പരാതിയുണ്ട്.

 

Latest