Connect with us

Gulf

ഗാന്ധിസം വിസ്മരിച്ചു എന്നത് വെറും പ്രചാരണം മാത്രം: ജി കാര്‍ത്തികേയന്‍

Published

|

Last Updated

 അബുദാബി: ഗാന്ധിസം വിസ്മരിച്ചു എന്നത് വെറും പ്രചാരണം മാത്രമാണെന്ന് കേരള നിയമ സഭാസ്പീക്കര്‍ ജി കാര്‍ത്തികേയന്‍. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗാന്ധിസത്തിന്റെ വ്യത്യസ്ത തലങ്ങളെക്കുറിച്ച് ഗവേഷണം നടന്നുവരികയാണ്. ഒട്ടനവധി വിദേശ വിദ്യാര്‍ത്ഥികള്‍ ഇന്നും ഗാന്ധി ആശ്രമങ്ങളില്‍ താമസിച്ച് ഗവേഷണം നടത്തുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പല പദ്ധതികളും ഗാന്ധിയന്‍ സ്വപ്‌നങ്ങളെ സാക്ഷാത്കരിക്കാന്‍ വേണ്ടി രൂപംനല്‍കിയവയാണ്. കാലാതിവര്‍ത്തിയായ കര്‍മമാര്‍ഗ്ഗമാണ് ഗാന്ധിസം. ഏതൊരു കാലത്തെയും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ഗാന്ധിസത്തിന് മാത്രമേ കഴിയൂ-അദ്ദേഹം പറഞ്ഞു. അബുദാബി മലയാളി സമാജം സംഘടിപ്പിച്ച ഗാന്ധി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു കാര്‍ത്തികേയന്‍.

സമാജം പ്രസിഡന്റ് ഡോ. മനോജ് പുഷ്‌കര്‍ അധ്യക്ഷത വഹിച്ചു. സമാജം മാനേജിംഗ് കമ്മിറ്റി അംഗള്‍ കാര്‍ത്തികേയനെ സ്വീകരിച്ചു. ജനറല്‍ സെക്രട്ടറി ഷിബു വര്‍ഗീസ്, വൈ സൂധീര്‍ കുമാര്‍ ഷെട്ടി, അബ്ദുര്‍റഹ്മാന്‍ ഹാജി, എന്‍ പി മുഹമ്മദാലി, സതീഷ് കുമാര്‍, ട്രഷറര്‍ എം യു ഇര്‍ഷാദ് സംസാരിച്ചു. ഗാന്ധി ജയന്തിയോടനുബന്ധിച്ച് സമാജം നടത്തിയ ദേശഭക്തിഗാന മത്സരത്തിലും ഓണാഘോഷ മത്സരങ്ങളിലും വിജയിച്ചവാര്‍ക്ക് സ്പീക്കര്‍ സമ്മനങ്ങള്‍ വിതരണം ചെയ്തു.