Connect with us

Gulf

ഹജ്ജ് കര്‍മങ്ങള്‍ക്ക് ഇനി രണ്ട് നാള്‍; പുണ്യസ്ഥലങ്ങളില്‍ കനത്ത സുരക്ഷ

Published

|

Last Updated

മക്ക: പരിശുദ്ധ ഹജ്ജ് കര്‍മങ്ങള്‍ ഞായറാഴ്ച തുടങ്ങാനിരിക്കേ, പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് മക്കയിലും പുണ്യസ്ഥലങ്ങളിലും ഒരുക്കിയിട്ടുള്ളത്. അനുമതിപത്രമില്ലാത്തവര്‍ക്ക് കര്‍ശന വിലക്കാണ് ഈവര്‍ഷം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പുണ്യ സ്ഥലങ്ങളിലെ നിര്‍മാണ പ്രവൃത്തികള്‍ കാരണമുള്ള സ്ഥല പരിമിതിയും തിരക്കും എല്ലാവരും ഉള്‍ക്കൊള്ളണമെന്ന് സഊദി ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ മുഹമ്മദ് ബിന്‍ നായിഫ് രാജകുമാരന്‍ അഭ്യര്‍ഥിച്ചു.

രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് വേദിയാക്കാന്‍ ഹജ്ജ് ഉപയോഗപ്പെടുത്തരുതെന്നും ഹജ്ജിനിടയിലുണ്ടാകുന്ന ഏത് സംഘര്‍ഷങ്ങളും വന്‍ ദുരന്തങ്ങള്‍ക്ക് കാരണമാകുമെന്നും ഈജിപ്തിലേയും സിറിയയിലേയും സംഭവ വികാസങ്ങള്‍ മുന്‍നിര്‍ത്തി ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നല്‍കി. മക്കയിലേക്ക് പ്രവേശിക്കാനുള്ള എട്ട് ചെക്ക് പോയിന്റുകളിലും സുരക്ഷാ പരിശോധന കര്‍ശനമാക്കി. ചെക്ക്‌പോയിന്റുകളിലെ ഇ -ഗേറ്റുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. മക്കാ നിവാസികളല്ലാത്ത സ്വദേശികളെയും വിദേശികളെയും മക്കയിലേക്ക് കടത്തി വിടുന്നില്ല. മക്കയില്‍ ജോലി ചെയ്യുന്ന ജിദ്ദക്കാര്‍ക്ക് ജവാസാത്തിന്റെ പ്രത്യേക അനുമതിപത്രം നിര്‍ബന്ധമാണ്. അതില്ലാത്തവര്‍ക്കും മക്കയിലേക്ക് പ്രവേശമില്ല. അനുമതി പത്രമില്ലാതെ മക്കയിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച അയ്യായിരത്തോളം തീര്‍ ഥാടകരെ തിരിച്ചയച്ചതായി ഹജ്ജ് സുരക്ഷാ സേനാ വക്താവ് അറിയിച്ചു. നിയമം ലംഘിച്ച 4000ത്തോളം വാഹനങ്ങളെ ചെക്ക്‌പോയിന്റുകളില്‍ നിന്ന് തിരിച്ചയച്ചു.
വിവിധ പ്രവിശ്യകളില്‍ നിന്ന് മക്കയിലേക്കുള്ള പ്രധാന റോഡുകളിലെല്ലാം വലിയ തോതില്‍ സുരക്ഷാ ഭടന്‍മാരെ വിന്യസിച്ചിട്ടുണ്ട്. സിവില്‍ ഡിഫന്‍സ് സേനക്ക് പുറമേ ഹജ്ജ് സുരക്ഷയുടെ ഭാഗമായി 95,000 സുരക്ഷാ ഭടന്‍മാര്‍ പുണ്യസ്ഥലങ്ങളില്‍ നിലയുറപ്പിച്ചു കഴിഞ്ഞു. പുറമേ നാഷനല്‍ ഗാര്‍ഡ്, പ്രസിഡന്‍സി സേനകളും ഹജ്ജിനായി സേവനം നടത്തുന്നുണ്ട്. പുണ്യ കേന്ദ്രങ്ങളില്‍ പൊതുസ്ഥലങ്ങള്‍ കൈയേറുന്നവര്‍ കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്ന് ഹജ്ജ് സുരക്ഷാ സേനാ അസി. കമാണ്ടര്‍ മേജര്‍ മസ്ഊദ് അല്‍ അദ്‌വാനി പറഞ്ഞു. റോഡുകളിലും മേല്‍പ്പാലങ്ങള്‍ക്ക് താഴെയും ഫുട്പാത്തുകളിലും മറ്റും പായ വിരിച്ചു താമസിക്കുന്ന തീര്‍ഥാടകരുടെ വിരലടയാളം രജിസ്റ്റര്‍ ചെയ്യുമെന്നും ഹജ്ജനു ശേഷം കടുത്ത ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ഹജ്ജ് കര്‍മത്തിനായി വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയ തീര്‍ ഥാടകര്‍ 14 ലക്ഷം കവിഞ്ഞു. ഇന്ത്യയില്‍ നിന്ന് ഹജ്ജ് മിഷന് കീഴിലുള്ള 1,21,420 പേര്‍ അടക്കം 1,36,020 പേരാണ് എത്തിയിട്ടുള്ളത്. കേരളത്തില്‍ നിന്നും ലക്ഷദ്വീപില്‍ നിന്നുമുള്ള അവസാന സംഘം ബുധനാഴ്ചയാണ് ജിദ്ദയിലെത്തിയത്. സഊദിയില്‍ നിന്നുള്ള ആഭ്യന്തര ഹാജിമാര്‍ ഈ വര്‍ഷം ലക്ഷം പേര്‍ മാത്രമായിരിക്കും. ആഭ്യന്തര സര്‍വീസുകള്‍ക്ക് പകുതിപേരുടെ അനുമതിപത്രം മാത്രമാണ് ഈ വര്‍ഷം അനുവദിച്ചിട്ടുള്ളത്.
മദീനയിലുള്ള തീര്‍ഥാടകര്‍ ഇന്നും നാളെയുമായി മക്കയിലെത്തും. ദുല്‍ഹജ്ജ് ഏഴിന്(നാളെ) രാത്രിയോടെ ഹാജിമാര്‍ മിനായിലെ തമ്പുകളിലേക്ക് നീങ്ങിത്തുടങ്ങും. ഈമാസം 14ന് തിങ്കളാഴ്ചയാണ് അറഫാ സംഗമം.

 

Latest