Connect with us

Ongoing News

എന്‍ഡോസള്‍ഫാന്‍ ടൈ്രബ്യൂണലിന് കരട് രൂപം നല്‍കാന്‍ നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്റെ നിര്‍ദേശ പ്രകാരമുള്ള എന്‍ഡോസള്‍ഫാന്‍ ട്രൈബ്യൂണല്‍ സ്ഥാപിക്കുന്നതിന്റെ കരട് രൂപം തയ്യാറാക്കാന്‍ ഇന്നലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ട്രൈബ്യൂണലിന്റെ കാലാവധി മൂന്ന് വര്‍ഷമാക്കണമെന്ന കമ്മീഷന്‍ നിര്‍ദേശത്തില്‍ ചര്‍ച്ചകളിലൂടെ അന്തിമ തീരുമാനമെടുക്കും. കമ്മീഷന്റെ നിര്‍ദേശങ്ങള്‍ അന്തിമമല്ലെന്നും ചര്‍ച്ചകളിലൂടെ മാത്രമേ തീരുമാനമെടുക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.
അര്‍ബുദ ബാധിതര്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡുവിതരണം പൂര്‍ത്തിയാക്കുന്നതിന് 1.84 കോടി രൂപ അനുവദിക്കും. മരിച്ചവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന ഫണ്ടില്‍ നിന്നാണ് ഈ തുക കണ്ടെത്തുക. മരിച്ചവരുടെ ആശ്രിതരായ 200 പേര്‍ക്ക് നഷ്ട പരിഹാരം നല്‍കിയിട്ടില്ല. ആശ്രിതര്‍ ആരെന്നുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനാലാണിത്. ഇരകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് താലോലം, ആരോഗ്യ കിരണം പദ്ധതികളില്‍ ഉള്‍പ്പെടുത്തി ചികിത്സ നല്‍കും. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാത്ത കുട്ടികളുണ്ടെങ്കില്‍ അവരെയും കണ്ടെത്തി ചികിത്സ ഉറപ്പാക്കണമെന്ന് ആരോഗ്യമന്ത്രി വി എസ് ശിവകുമാര്‍ നിര്‍ദേശിച്ചു.
ദുരിത ബാധിതരെ കണ്ടെത്തുന്നതിനുള്ള അരവിന്ദന്‍ കമ്മിറ്റിയുടെ കാലാവധി അടുത്ത ഡിസംബര്‍ 31 വരെ നീട്ടാനും തീരുമാനമായി. എന്‍ഡോസള്‍ഫാന്‍ പ്രയോഗം മൂലം പ്രത്യാഘാതങ്ങളുണ്ടായ മേഖലയുടെ പരിധി പ്ലാന്‍േറഷന്‍ കോര്‍പ്പറേഷന്‍ തോട്ടത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവാക്കുന്ന കാര്യം പരിഗണിക്കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കാന്‍ കുടുംബശ്രീ, സാമൂഹിക സുരക്ഷ മിഷന്‍ എന്നിവയെ ഉപയോഗപ്പെടുത്തും. പെന്‍ഷന്‍ തുക നല്‍കുന്നതിലെ അപാകം പരിഹരിക്കും. എന്‍ഡോസള്‍ഫാന്‍ ദുരിതാശ്വാസ പരിധിയില്‍ വരുന്ന സ്‌പെഷ്യല്‍ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് ശമ്പളം കെ എസ് എസ് എം ഫണ്ടില്‍ നിന്നും നല്‍കും. ഇവരുടെ ശമ്പള നിരക്ക് കൂട്ടുന്ന കാര്യവും എല്ലാ സ്‌പെഷ്യല്‍ സ്‌കൂളുകളിലെയും അധ്യാപകര്‍ക്കും ഈ തരത്തില്‍ ശമ്പളം നല്‍കുന്ന കാര്യവും പരിഗണിക്കും.