Connect with us

Kerala

നെല്ലിയാമ്പതി: എസ്റ്റേറ്റ് ഉടമകളെ റവന്യൂ അധികൃതര്‍ സഹായിച്ചു

Published

|

Last Updated

പാലക്കാട്: നെല്ലിയാമ്പതിയില്‍ പാട്ടഭൂമി ഈടുനല്‍കി എസ്‌റ്റേറ്റുടമകള്‍ കോടികള്‍ വായ്പയെടുത്ത കേസില്‍ സി ബി ഐക്ക് നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി സൂചന. നെല്ലിയാമ്പതി വില്ലേജ് ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് ബേങ്ക് വായ്പക്കായി എസ്‌റ്റേറ്റുടമകളെ റവന്യൂ അധികൃതര്‍ സഹായിച്ചതിന്റെ രേഖകള്‍ ലഭിച്ചത്. നെല്ലിയാമ്പതിയില്‍ പാട്ടത്തിന് നല്‍കിയ സര്‍ക്കാര്‍ ഭൂമിക്ക് എസ്‌റ്റേറ്റ് ഉടമകളില്‍ നിന്ന് ഭൂനികുതി സ്വീകരിക്കുകയും ഇവര്‍ക്ക് കൈവശാവകാശ രേഖ നല്‍കുകയും ചെയ്തതിന്റെ വിവരങ്ങളാണ് സി ബി ഐക്ക് ലഭിച്ചത്. നെല്ലിയാമ്പതിയിലെ ആറ് എസ്‌റ്റേറ്റുകള്‍ പാട്ടഭൂമി ഈടുനല്‍കി കോടികള്‍ വായ്പ എടുത്ത കേസില്‍ അന്വേഷണം നടത്തുന്ന സി ബി ഐ തിരുവനന്തപുരം യൂനിറ്റിലെ അഡീഷനല്‍ എസ് പി. വൈ ഹരികുമാറിന്റെ നേതൃത്വത്തില്‍ നെല്ലിയാമ്പതി വില്ലേജ് ഓഫീസില്‍ നടത്തിയ പരിശോധനയിലാണ് ഇതു സംബന്ധിച്ച തെളിവുകള്‍ ലഭിച്ചത്.
സര്‍ക്കാര്‍ ഭൂമി പാട്ടത്തിനെടുത്തവരില്‍ നിന്ന് ഭൂനികുതി സ്വീകരിക്കാന്‍ പാടില്ലെന്നിരിക്കേ വന്‍ ക്രമക്കേടാണ് റവന്യൂ അധികൃതര്‍ നടത്തിയിട്ടുള്ളത്. ഈ രേഖകള്‍ കൂടി ഉപയോഗിച്ചാണ് എസ്‌റ്റേറ്റ് ഉടമകള്‍ അനധികൃതമായി ബേങ്കില്‍ നിന്ന് വായ്പ എടുത്തിട്ടുള്ളത്. വില്ലേജ് ഓഫീസില്‍ പരിശോധന നടത്തിയ സി ബി ഐ സംഘം നെല്ലിയാമ്പതി റേഞ്ച് ഓഫീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കൊല്ലങ്കോട് സബ് രജിസ്ട്രാര്‍ ഓഫീസിലെ രേഖകളും കഴിഞ്ഞ ദിവസം സി ബി ഐ പരിശോധിച്ചു. നെല്ലിയാമ്പതിയിലെ എസ്റ്റേറ്റുകളായ മീരാ ഫ്‌ളോര്‍സ് (9. 9 കോടി), ചെറുനെല്ലി (29 ലക്ഷം), കാരപ്പാറ (3.34 കോടി), ബ്രൂക്ക് ലാന്‍ഡ് (85.44 ലക്ഷം), സീതാമൗണ്ട് (1.15 കോടി), ലക്ഷ്മി (11.5 ലക്ഷം) എന്നിവയുടെ ഭൂമിയാണ് പണയപ്പെടുത്തിയത്.
വ്യാജ രേഖ നിര്‍മിച്ച് റവന്യൂ-ബേങ്ക് ജീവനക്കാരുടെ സഹായത്തോടെ വായ്പയെടുത്തുവെന്നാണ് വനം വകുപ്പ് റിപ്പോര്‍ട്ട്. മീരാ ഫ്‌ളോര്‍സിന്റെ വായ്പ ഈടാക്കാന്‍ റവന്യൂ റിക്കവറി നടത്തുന്നതിനെക്കുറിച്ച് നെന്മാറ മുന്‍ ഡി എഫ് ഒ പി ധനേഷ്‌കുമാര്‍ നടത്തിയ അന്വേഷണത്തിലാണ് വായ്പ തട്ടിപ്പിന്റെ കഥകള്‍ പുറത്തുവന്നത്. വനം വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പാടഗിരി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. നെന്മാറ സി ഐയും ആലത്തൂര്‍ ഡി വൈ എസ് പിയും അന്വേഷിച്ചു. തുടര്‍ന്ന് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് അന്വേഷിച്ച ആറ് കേസുകളാണ് സി ബി ഐ ഏറ്റെടുത്തത്.
പണയ ഈടായി എസ്‌റ്റേറ്റ് ഉടമകള്‍ നല്‍കിയ രേഖകള്‍ ഹാജരാക്കാന്‍ അതാത് ബേങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ വനം, റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചോ എന്നും അന്വേഷിക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കും. എസ്‌റ്റേറ്റ് ഉടമകളോട് രേഖകളുമായി ഹാജരാകാന്‍ സി ബി ഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.