Connect with us

Malappuram

കടുങ്ങാത്തുകുണ്ടില്‍ സബ് ട്രഷറി; നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു

Published

|

Last Updated

കല്‍പകഞ്ചേരി: കടുങ്ങാത്തുകുണ്ട് ടൗണില്‍ സബ് ട്രഷറി അനുവദിക്കുന്നതിനുള്ള സര്‍ക്കാര്‍ നടപടി എങ്ങുമെത്തിയില്ല.
മുന്‍ സര്‍ക്കാറിന്റെ കാലത്ത് മേഖലയിലെ പെന്‍ഷന്‍കാരുടെ സംഘടനകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ ആവശ്യം ഉന്നയിച്ച് പല തവണ ബന്ധപ്പെട്ട അധികാരികള്‍ക്ക് നിവേദനം നല്‍കിയിട്ടും അനുകൂലമായ നടപടിയൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. സബ് ട്രഷറിക്ക് വേണ്ടിയുള്ള നാട്ടുകാരുടെ കാത്തിരിപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി. കല്‍പകഞ്ചേരി, വളവന്നൂര്‍, പൊന്മുണ്ടം, ചെറിയമുണ്ടം, പെരുമണ്ണ ക്ലാരി തുടങ്ങിയ പഞ്ചായത്തുകള്‍ക്ക് പ്രയോജനകരമാകുന്ന രീതിയില്‍ സബ് ട്രഷറി വേണമെന്നാണ് നാട്ടുകാര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നത്.
കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അതിനുള്ള നീക്കം നടത്തിയിരുന്നെങ്കിലും പിന്നീട് നടപടി എങ്ങുമെത്താതെ കിടക്കുകയാണ്. ട്രഷറിക്ക് സര്‍ക്കാര്‍ അനുമതി നല്‍കുകയാണെങ്കില്‍ ഇത് പ്രവര്‍ത്തിക്കാന്‍ ആവശ്യമായ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ തന്നെ ടൗണില്‍ തന്നെയുണ്ട്. ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്ന ടൗണില്‍ സബ് ട്രഷറി അനുവദിക്കുകയാണെങ്കില്‍ ആവശ്യമായ എല്ലാ സഹായവും ചെയ്യാന്‍ തയ്യാറായി ഗ്രാമ പഞ്ചായത്തുകളും രംഗത്തുണ്ട്.
ഒഴിഞ്ഞ് കിടക്കുന്ന ബ്ലോക്ക് പഞ്ചായത്തിന്റെ കെട്ടിടം ഇതിനായി ഉപയോഗപ്പെടുത്താമെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. നിലവില്‍ ഈ ഭാഗത്തുള്ളവര്‍ തിരൂര്‍, വളാഞ്ചേരി ഭാഗങ്ങളിലെ ട്രഷറികളെയാണ് ആശ്രയിക്കുന്നത്.

Latest