Connect with us

Ongoing News

സര്‍ക്കാര്‍ ജോലിക്ക് മലയാളം നിര്‍ബന്ധം

Published

|

Last Updated

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിക്ക് മലയാളം പഠിച്ചിരിക്കണമെന്നത് നിര്‍ബന്ധമാക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് പി എസ് സി നല്‍കിയ ശിപാര്‍ശ മന്ത്രിസഭാ യോഗം അംഗീകരിച്ചു. പത്താം ക്ലാസ് വരെയോ അല്ലെങ്കില്‍ പ്ലസ്ടു, ബിരുദതലത്തിലോ മലയാളം ഒരു വിഷയമായി പഠിച്ചിട്ടില്ലാത്തവര്‍ സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചാല്‍, പ്രൊബേഷന്‍ പൂര്‍ത്തീകരിക്കുന്നതിന് മുമ്പ് മലയാളം മിഷന്‍ നടത്തുന്ന ഹയര്‍ ഡിപ്ലോമാ തുല്യതാ പരീക്ഷ പാസാകണം. ഇക്കാര്യം കെ എസ് എസ് ആറില്‍ ഉള്‍പ്പെടുത്തും.

തമിഴ്, കന്നഡ എന്നീ ഭാഷാ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് കെ എസ് എസ് ആറില്‍ ഇപ്പോഴുള്ള വ്യവസ്ഥ തുടരും. പത്ത് വര്‍ഷത്തിനകം തുല്യതാ പരീക്ഷ ജയിക്കണമെന്നാണ് ഇതു സംബന്ധിച്ചു കെ എസ് എസ് ആറിലുള്ള വ്യവസ്ഥ.
തുല്യതാ പരീക്ഷക്കുള്ള പാഠ്യപദ്ധതി, പരീക്ഷാ സമ്പ്രദായം തുടങ്ങിയവ സംബന്ധിച്ച് പി എസ് സി തീരുമാനമെടുക്കുമെന്ന് മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു.
ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ ശിപാര്‍ശ പ്രകാരം തിരുവനന്തപുരത്ത് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സെന്റര്‍ സ്റ്റേറ്റ് ടെക്‌നോളജി പാര്‍ട്ണര്‍ഷിപ്പ് ആന്‍ഡ് അഡാപ്‌റ്റേഷന്‍ എന്ന സ്ഥാപനം തുടങ്ങാന്‍ അനുമതി നല്‍കി. പതിനാല് കോടി രൂപ ചെലവ് വരുന്ന സ്ഥാപനത്തിന് ഈ സാമ്പത്തിക വര്‍ഷം 3.5 കോടി അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പോലീസ് കോണ്‍സ്റ്റബിള്‍ പരിശീലനത്തിനായി സൃഷ്ടിച്ച 673 തസ്തികകളിലെ താത്കാലിക നിയമനത്തിനു മന്ത്രിസഭ തുടര്‍ അനുമതി നല്‍കി. തീരദേശ വികസനത്തിനായി ഹാര്‍ബര്‍ എന്‍ജിനീയറിംഗ് വിഭാഗം നബാര്‍ഡ്, ആര്‍ കെ ബി വൈ, എന്‍ എഫ് ഡി എഫ് എന്നീ സ്ഥാപനങ്ങളിലെ വിവിധ പദ്ധതികള്‍ വിനിയോഗിക്കുന്നത് സംബന്ധിച്ച് സാങ്കേതിക, സാമൂഹിക പഠനം നടത്താന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി.
പൂന്തുറ ഇടയാര്‍ മേഖലയില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ വീട്ടുപകരണങ്ങള്‍, ജീവനോപാധികള്‍ എന്നിവക്ക് നാശനഷ്ടം സംഭവിച്ചവര്‍ക്ക് അടിയന്തര നഷ്ടപരിഹാരം നല്‍കുന്ന കാര്യത്തില്‍ നടപടിയെടുക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നിയമനം: പ്രായപരിധി ഉയര്‍ത്തി

തിരുവനന്തപുരം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴിയുള്ള നിയമനങ്ങള്‍ക്കുള്ള പ്രായപരിധി ഉയര്‍ത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നിയമനങ്ങളിലെ പൊതു ഒഴിവുകള്‍ക്ക് ഉയര്‍ന്ന പ്രായപരിധി 38 വയസ്സെന്നത് 41 വയസ്സായും എസ് സി, എസ് ടി വിഭാഗക്കാര്‍ക്കു സംവരണം ചെയ്യപ്പെട്ട ഒഴിവുകള്‍ക്ക് ഉയര്‍ന്ന പ്രായപരിധി 43ല്‍ നിന്ന് 46 ആയും ഒ ബി സി ഉള്‍പ്പെടെ മറ്റു പിന്നാക്ക വിഭാഗങ്ങള്‍ക്കു സംവരണം ചെയ്യപ്പെട്ട ഒഴിവുകള്‍ക്ക് 41ല്‍ നിന്ന് 44 ആയുമാണ് പ്രായപരിധി ഉയര്‍ത്തിയത്. ഇത് സംബന്ധിച്ച യു ഡി എഫ് ഏകോപന സമിതി യോഗത്തിന്റെ ശിപാര്‍ശ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. നിയമനങ്ങളിലെ പൊതു വിഭാഗങ്ങള്‍ക്ക് അവസരം നഷ്ടപ്പെടുന്നുവെന്ന കാര്യം കഴിഞ്ഞ യു ഡി എഫ് യോഗം ചര്‍ച്ച ചെയ്തിരുന്നു.
പൊതു വിഭാഗത്തിലെ സംവരണാനുകൂല്യത്തിന് അര്‍ഹതയില്ലാത്തവരെ 36 വയസ്സ് കഴിയുമ്പോള്‍ അയോഗ്യരാക്കുന്നുവെന്ന് വ്യാപക പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് എല്ലാ വിഭാഗക്കാര്‍ക്കും മൂന്ന് വയസ്സിന്റെ ഇളവ് നല്‍കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ച് ചട്ടങ്ങളില്‍ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Latest