Connect with us

Kerala

വി എസിന് ഇന്ന് തൊണ്ണൂറ്

Published

|

Last Updated

തിരുവനന്തപുരം: സന്ധിയില്ലാത്ത സമരം സിരകളിലോടുന്ന പുന്നപ്രയുടെ നായകന് തൊണ്ണൂറാം പിറന്നാള്‍. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദന്‍ ഇന്ന് തൊണ്ണൂറാം പിറന്നാള്‍ ആഘോഷിക്കുകയാണ്. അഴിമതിക്കെതിരെ ജീവിതം മുഴുവന്‍ സന്ധിയില്ലാത്ത സമരപ്രഖ്യാപനം നടത്തി സമരം തന്നെ ജീവിതമെന്ന സന്ദേശം നല്‍കിയാണ് വി എസ് നവതിയാഘേഷിക്കുന്നത്.
1923 ഒക്ടോബര്‍ 20ന് ആലപ്പുഴയിലെ കര്‍ഷകകുടുംബമായ ശങ്കരന്‍-അക്കമ്മ ദമ്പതികളുടെ മകനായി ജനിച്ച വി എസ് അച്യുതാനന്ദന് ബാല്യത്തില്‍ തന്നെ മാതാപിതാക്കള്‍ നഷ്ടമായി. നാലാം വയസ്സില്‍ മാതാവും 11-ാം വയസ്സില്‍ പിതാവും മരിച്ചതോടെ ആറാം ക്ലാസില്‍ പഠനം നിര്‍ത്തി. ബാല്യത്തില്‍ ജേഷ്ഠന്റെ തയ്യല്‍കടയില്‍ സഹായിയായി നിന്ന അച്യുതാനന്ദന്‍ പിന്നീട് ആലപ്പുഴയിലെ കയര്‍ഫാക്ടറിയില്‍ തൊഴിലാളിയായി. ജന്മിത്ത കുത്തകക്കെതിരെ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടായിരുന്നു രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കം. 16-ാം വയസ്സില്‍ എ കെ ഗോപാലന്റെയും എ വി കുഞ്ഞമ്പുവിന്റെയും നേതൃത്വത്തില്‍ കയര്‍ തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ അദ്ദേഹം മികവ് തെളിയിച്ചു.
കോണ്‍ഗ്രസ് പ്രസ്ഥാനത്തോടൊപ്പം സ്വാതന്ത്ര്യ സമരത്തിലും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലും പ്രവര്‍ത്തിച്ച വി എസ് പുന്നപ്ര- വയലാര്‍ സമരങ്ങളുടെ മുന്നണി പോരാളികളില്‍ അമരക്കാരനായി. തിരുവിതാംകൂര്‍ ദിവാന്‍ സര്‍ സി പി രാമസ്വാമി അയ്യരുടെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ നടന്ന രക്തരൂക്ഷിത വിപ്ലവത്തിനൊടുവില്‍ 1946 ഒക്ടോബര്‍ 28നു പൂഞ്ഞാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ക്രൂരമായ ലോക്കപ്പ് മര്‍ദനവും അഞ്ചുവര്‍ഷത്തെ ജയില്‍ ജീവിതവും നാലരവര്‍ഷത്തോളമുള്ള ഒളിവ് കാലവും സമരജീവിതത്തിന് അനുഭവങ്ങളുടെ തീക്ഷ്ണത പകര്‍ന്നു. 1940 ല്‍ അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച വി എസ് 1957ല്‍ പാര്‍ട്ടി സെക്രട്ടേറിയറ്റ് അംഗമായി. 1962 ലെ ഇന്ത്യ- ചൈനാ യുദ്ധകാലത്ത് പരിക്കേറ്റ ഇന്ത്യന്‍ പട്ടാളക്കാര്‍ക്ക് രക്തം നല്‍കി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അച്ചടക്കം ലഘിച്ചതിനും വിഭാഗീയ പ്രവര്‍ത്തനത്തിനും മറ്റൊരു സെക്രട്ടേറിയറ്റ് അംഗമായിരുന്ന ഒ പി ജോസഫിനൊപ്പം തരംതാഴ്ത്തല്‍ നടപടിക്ക് വിധേയനായി. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോന്നു സി പി എം രൂപവത്കരിച്ച 32 പേരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏക മലയാളിയാണ് വി എസ്. വിവാദങ്ങളും എതിര്‍പ്പുകളുമുയരുമ്പോള്‍ ഇരട്ടി കരുത്താര്‍ജിക്കുന്ന ആ അപൂര്‍വ പോരാളിയുടെ നാള്‍വഴികള്‍ മലയാളികള്‍ക്കും രാഷ്ട്രീയ വിദ്യാര്‍ഥികള്‍ക്കും പഠിക്കാനുള്ള പാഠങ്ങളായി ഇനിയും അവശേഷിക്കും.