Connect with us

Malappuram

ഇ- ലോകത്ത് മലയാള ഭാഷാവിപ്ലവം തീര്‍ത്ത് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് കൂട്ടായ്മ

Published

|

Last Updated

മലപ്പുറം: വിവര സാങ്കേതികവിദ്യാ യുഗത്തില്‍ മലയാളത്തിന്റെ യശസ്സ് ലോകത്തുള്ള മലയാളികള്‍ക്കെല്ലാം ലഭ്യമാക്കി ഭാഷാ സംരക്ഷണ പ്രവര്‍ത്തനം നടത്തി മാതൃകയാകുകയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ് കൂട്ടായ്മ. ഇന്ത്യയിലെ ഏറ്റവും വലിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഡെവലപ്പര്‍ കൂട്ടായ്മയാണ് സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗ്. “എന്റെ കമ്പ്യൂട്ടറിന് എന്റെ ഭാഷ” എന്ന മുദ്രാവാക്യത്തില്‍ 2002ല്‍ പ്രവര്‍ത്തനം തുടങ്ങിയ ഈ ഓണ്‍ലൈന്‍ കൂട്ടായ്മ മലയാള ഭാഷയുടെ വികസനത്തിനായി നിസ്വാര്‍ഥമായി പ്രവര്‍ത്തിക്കുകയാണ്. ഇംഗ്ലീഷ് അറിയാത്തവര്‍ക്ക് കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ കഴിയാതിരുന്ന ഒരു കാലത്ത് തുടങ്ങിയ പ്രവര്‍ത്തനം ഇന്ന് ഏതൊരാള്‍ക്കും മാതൃഭാഷയില്‍ വിവരസാങ്കേതികവിദ്യ സ്വായത്തമാക്കാനുതകും വിധം വളര്‍ച്ച പ്രാപിച്ചതില്‍ ഈ കൂട്ടായ്മ വഹിച്ച പങ്ക് ചെറുതല്ല. കമ്പ്യൂട്ടറില്‍ മലയാളം ലഭ്യമാക്കാനായി യൂനിക്കോഡ് ഫോണ്ടുകള്‍ നിര്‍മിച്ചും അവ നവീകരിച്ചും ഇവര്‍ സൗജന്യമായി ആര്‍ക്കും യഥേഷ്ടം ഉപയോഗിക്കാകുന്ന വിധത്തില്‍ അറിവുകളെ സ്വതന്ത്രമാക്കി.
ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍ ജോലിചെയ്യുന്ന സന്നദ്ധരായ ഒരു പറ്റം മലയാളികള്‍ തങ്ങളുടെ ഒഴിവു വേളകളിലും മറ്റും ഭാഷാ സംരക്ഷണ പ്രവര്‍ത്തനത്തിന് വേണ്ടി സാങ്കേതിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരിക്കുകയാണ്. കമ്പ്യൂട്ടറിന് പുറമെ മൊബൈല്‍ ഫോണുകളിലെ മലയാളം ലഭ്യമാക്കല്‍, കൃത്യമായ മലയാള ചിത്രീകരണം ഉറപ്പ് വരുത്തല്‍, മൊബൈല്‍ ഉപകരണങ്ങളില്‍ മലയാളം ടൈപ്പ് ചെയ്യാന്‍ വേണ്ടിയുള്ള നിരവധി നിവേശക രീതികളുടെ നിര്‍മാണം, പുതുക്കല്‍, മലയാള ഗ്രന്ഥസൂചി, തുടങ്ങി ഭാഷാ തര്‍ജമക്കുള്ള സംവിധാനം വരെ തയ്യാറാക്കുന്ന പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിരിക്കുകയാണ് ഈ കൂട്ടായ്മ.
മലയാളം ഫോണ്ടുകളുടെയും നിരവധി പ്രശസ്ത ഗ്‌നു/ലിനക്‌സ് സിസ്റ്റങ്ങള്‍ക്ക് വേണ്ടിയുള്ള ഉപകരണങ്ങളുടെയും പിന്നണിയില്‍ ഈ കൂട്ടായ്മയാണ്. ഇവര്‍ തയ്യാറാക്കിയ പ്രശസ്ത ഓണ്‍ലൈന്‍ നിഘണ്ടുവായ “ഓളം” ആയിരക്കണക്കിനാളുകളാണ് ഇന്ന് ഉപയോഗിക്കുന്നത്. സോഫ്റ്റ്‌വെയര്‍ ഡെവലപ്പര്‍മാര്‍ക്ക് പുറമെ, ഭാഷാവിദഗ്ധന്മാര്‍, പത്രപ്രവര്‍ത്തകര്‍, വിക്കിപീഡിയന്മാര്‍, എഴുത്തുകാര്‍ അങ്ങനെ ഭാഷാ ഉപയോക്താക്കള്‍ പലരും ഇവരുടെ ഇടയിലുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരവധി സര്‍ക്കാര്‍, സര്‍ക്കാരിതര കമ്പ്യൂട്ടിംഗ് പ്രവര്‍ത്തനങ്ങളുടെയും ഭാഗമാകാനും ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന് രണ്ട് തവണ മെന്ററിംഗ് ഓര്‍ഗനൈസേഷനായി തിരഞ്ഞെടുക്കപ്പെടാനും സ്വതന്ത്രമലയാളം കമ്പ്യൂട്ടിംഗിന് സാധിച്ചു. ഐ ടി അറ്റ് സ്‌കൂളിലെ മലയാള ലഭ്യത, കേരളസര്‍ക്കാറിന്റെ 2008 ല്‍ തുടങ്ങിയ മലയാളം കമ്പ്യൂട്ടിംഗ് ക്യാമ്പയിന്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കാനുള്ള സ്വതന്ത്രമായ സാങ്കേതിക അടിത്തറ നിര്‍മിക്കാനായതും ഈ കൂട്ടായ്മയുടെ ഒരു നേട്ടമാണ്.

Latest