Connect with us

National

മോഡിക്ക് പ്രത്യേക സുരക്ഷ ഇല്ല

Published

|

Last Updated

ന്യുഡല്‍ഹി: ഗുജറാത്ത് മുഖ്യമന്ത്രിയും ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ നരേന്ദ്ര മോഡിക്ക് ഇപ്പോള്‍ത്തന്നെ പഴുതടച്ച സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രത്യേക സംരക്ഷണ ഗ്രൂപ്പിന്റെ (എസ് പി ജി) സേവനം ആവശ്യമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. നരേന്ദ്ര മോഡിക്ക് പിഴവില്ലാത്ത സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തണമെന്ന ബി ജെ പിയുടെ ആവശ്യത്തെ പരാമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ആര്‍ പി എന്‍ സിംഗാണ് ഇക്കാര്യം അറിയിച്ചത്.
“മോഡിക്ക് ഞങ്ങള്‍ എന്‍ എസ് ജി സുരക്ഷ നല്‍കിയിട്ടുണ്ട്. അദ്ദേഹം ഏതെങ്കിലും സ്ഥലം സന്ദര്‍ശിക്കുന്നുവെങ്കില്‍ സന്ദര്‍ശനത്തിന് മുമ്പ് മുന്‍കൂട്ടി സെക്യൂരിറ്റി ഡ്രില്‍ നടത്താന്‍ ഉത്തരവ് നല്‍കിയിട്ടുണ്ട്.”- സിംഗ് പറഞ്ഞു.
ഒരു നേതാവിനുള്ള സുരക്ഷാ ഭീഷണിയുടെ തോത് പരിഗണിച്ചാണ് സുരക്ഷാ സംവിധാനം ഒരുക്കുന്നത്. അദ്ദേഹത്തിന് എന്‍ എസ് ജി സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മോഡിക്ക് എസ് ജി പി സുരക്ഷ ഏര്‍പ്പെടുത്തണമെന്ന ആവശ്യം മന്ത്രി നിരസിച്ചു. പാര്‍ലിമെന്റ് ചട്ടമനുസരിച്ച് പ്രധാനമന്ത്രി, മുന്‍ പ്രധാനമന്ത്രിമാര്‍, അവരുടെ ഉറ്റ ബന്ധുക്കള്‍ എന്നിവര്‍ക്ക് മാത്രമാണ് എസ് ജി പി സുരക്ഷ നല്‍കുന്നത്. ഇക്കാര്യം ബി ജെ പിക്ക് അറിയാവുന്നതാണ്. മോഡിയുടെ സുരക്ഷയുടെ പേരില്‍ അവര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
പാറ്റ്‌നയില്‍ ഈയിടെ നടന്ന സ്‌ഫോടന പരമ്പര മോഡി അടക്കമുള്ള നേതാക്കളെ ഉന്മൂലനം ചെയ്യാനുള്ളതായിരുന്നുവെന്ന് ബി ജെ പി ആരോപിച്ചിരുന്നു. അതുകൊണ്ടുതന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ നരേന്ദ്ര മോഡിക്ക് പ്രധാനമന്ത്രിക്ക് തുല്യമായ എസ് പി ജി സുരക്ഷ ഏര്‍പ്പെടുത്തണമെന്ന് ഇന്നലെ ചേര്‍ന്ന ബി ജെ പി പാര്‍ലിമെന്ററി ബോര്‍ഡ് പ്രമേയം പാസ്സാക്കുകയും ചെയ്തു. മോഡിയുടെ സുരക്ഷാ കാര്യം കേന്ദ്ര സര്‍ക്കാര്‍ ഗൗരവമായി കാണുന്നില്ലെന്ന് വക്താവ് പ്രകാശ് ജവദേക്കര്‍ കുറ്റപ്പെടുത്തി. പാറ്റ്‌നയിലെ സംഭവവുമായി ബന്ധപ്പെട്ട് സുരക്ഷാ വീഴ്ച വരുത്തിയെന്നാരോപിച്ച് ബീഹാറിലെ നിതീഷ് കുമാര്‍ മന്ത്രസഭയെയും ബി ജെ പി കുറ്റപ്പെടുത്തി. തിരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ നരേന്ദ്ര മോഡിയെ പങ്കെടുപ്പിച്ച് ബി ജെ പി നിരവധി റാലികളും പൊതു യോഗങ്ങളുമാണ് നടത്താന്‍ പോകുന്നന്നത്. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന് സംരക്ഷണം ഒരുക്കേണ്ടത് സര്‍ക്കാറുകളുടെ കര്‍ത്തവ്യമാണെന്നും പ്രകാശ് ജവദേക്കര്‍ പറഞ്ഞു. അതിനിടെ, നരേന്ദ്ര മോഡിക്ക് എസ് പി ജി സംരക്ഷണം നല്‍കണമെന്ന് കിരണ്‍ ബേഡിയും ആവശ്യപ്പെട്ടു. പ്രധാനമന്ത്രി സ്ഥാനാര്‍ഥി എന്ന നിലയില്‍ നരേന്ദ്ര മോഡി ഭീഷണി നേരിടുന്നുണ്ടെന്നും സര്‍ക്കാര്‍ അദ്ദേഹത്തിന് എസ് പി ജി സുരക്ഷ ഏര്‍പ്പെടുത്തണമെന്നുമാണ് കിരണ്‍ ബേഡി ട്വിറ്ററില്‍ കുറിച്ചത്.
നരേന്ദ്ര മോഡിക്ക് നിലവില്‍ ഇസെഡ് പ്ലസ് സുരക്ഷയാണ് ദേശീയ സുരക്ഷാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നല്‍കിവരുന്നത്. 36 കരിമ്പൂച്ചകള്‍ സദാ സമയവും അദ്ദേഹത്തിന്റെ സുരക്ഷക്കായി കൂടെയുണ്ടാകും.

---- facebook comment plugin here -----

Latest