Connect with us

Kerala

അനാഥാലയങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനും പഠനത്തിനും ധനസഹായം

Published

|

Last Updated

കോഴിക്കോട്: അനാഥാലയങ്ങളിലെ പെണ്‍കുട്ടികള്‍ക്ക് വിവാഹത്തിനും പഠനത്തിനും ധനസഹായം. പെണ്‍കുട്ടികള്‍ക്ക് വിവാഹ ധനസഹായമായി അന്‍പതിനായിരം രൂപയാണ് നല്‍കുക. കൂടാതെ ഉന്നത വിദ്യാഭ്യാസമുള്‍പ്പെടെ പെണ്‍കുട്ടികള്‍ പഠിച്ചു കൊണ്ടിരിക്കുന്ന കാലമത്രയും ധനസഹായം നല്‍കും. ഇത് എത്രയെന്ന് ക്ലിപ്തപ്പെടുത്തിയിട്ടില്ല.

ആവശ്യമായ സഹായം നല്‍കാനാണ് തീരുമാനം. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡാണ് ധനസഹായം നല്‍കുന്നത്. ഇതു സംബന്ധിച്ച് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നിര്‍ദേശം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവിറക്കി. അനാഥാലയങ്ങളില്‍ പഠിക്കുന്ന എല്ലാ വിഭാഗം പെണ്‍കുട്ടികള്‍ക്കും ഈ ആനുകൂല്യം ലഭിക്കും. വിവാഹ ധനസഹായം നല്‍കുന്നതിനായി സര്‍ക്കാര്‍ അഞ്ച് കോടി രൂപ ആദ്യഘട്ടമെന്ന നിലയില്‍ വകയിരുത്തി. അടുത്തു തന്നെ വിവാഹ ധനസഹായം നല്‍കി തുടങ്ങും.

വിദ്യാഭ്യാസ ധനസഹായം അതത് സമയങ്ങളില്‍ അനാഥാലയങ്ങളിലെ മാനേജര്‍മാരുടെ റിപ്പോര്‍ട്ട് അനുസരിച്ച് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് വിതരണം ചെയ്യും. ഇതിനായി പ്രത്യേക ഫണ്ട് വകയിരുത്തിയിട്ടില്ല. വിവാഹ ധനസഹായം ലഭിക്കുന്നതിനായി അനാഥാലയങ്ങളിലെ മാനേജര്‍മാരുടെ സര്‍ട്ടിഫിക്കറ്റോട് കൂടി അനാഥാലയം വഴിയാണ് അപേക്ഷിക്കേണ്ടത്. ഇന്ത്യയില്‍ ആദ്യമായാണ് അനാഥാലയങ്ങളിലെ പെണ്‍കുട്ടികള്‍ക്കായി ഇത്തരത്തിലൊരു സഹായം നല്‍കുന്നത്.

തീരുമാനം പ്രഖ്യാപിച്ചതോടെ തന്നെ വലിയ പ്രതികരണമാണുള്ളതെന്നും കൂടുതല്‍ ഫണ്ട് ലഭ്യമാക്കമെന്നാവശ്യപ്പെട്ട് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ടെന്നും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ പി സി ഇബ്‌റാഹീം മാസ്റ്റര്‍ പറഞ്ഞു. അനാഥത്വത്തിന്റെ ഭാരം പേറി ആശ്രയമില്ലാതെ കഴിയുന്ന പെണ്‍കുട്ടികള്‍ക്ക് പുതിയ തീരുമാനം ഏറെ ആശ്വാസം പകരും.

കൂടാതെ തുടര്‍പഠനത്തിനായി ഫണ്ട് നല്‍കാനുള്ള തീരുമാനം ഉന്നത വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ പെണ്‍കുട്ടികള്‍ക്ക് ഏറെ സഹായകരമാണ്. സംസ്ഥാനത്ത് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് കീഴില്‍ റജിസ്റ്റര്‍ ചെയ്ത 2118 അനാഥാലയങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഈ അനാഥാലയങ്ങളിലെ കുട്ടികള്‍ക്കെല്ലാം സഹായം ലഭ്യമാകും.

നിലവില്‍ മാസത്തില്‍ 700 രൂപ ഗ്രാന്റാണ് ഇവര്‍ക്ക് നല്‍കി വരുന്നത്. കൂടാതെ ഒരു രൂപക്ക് ഏഴ് കിലോ അരി, 4.30 രൂപയുടെ മൂന്ന് കിലോ ഗോതമ്പ്, 10.30 രൂപയുടെ 450 ഗ്രാം പഞ്ചസാര എന്നിവയും അനാഥാലയങ്ങളിലെ കുട്ടികള്‍ക്കായി നല്‍കി വരുന്നുണ്ട്.