Connect with us

Kerala

ജനം ചൂലെടുക്കും മുമ്പ് മുഖ്യമന്ത്രി ഒഴിയണം: വി എസ്

Published

|

Last Updated

തിരുവനന്തപുരം: ജനം ചൂലെടുക്കും മുമ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തല്‍സ്ഥാനത്തുനിന്നും ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് എല്‍ ഡി എഫ് നടത്തുന്ന ക്ലിഫ് ഹൗസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി എസ്. കള്ളന്‍മാരെയും അഴിമതിക്കാരെയും ജനങ്ങള്‍ വെറുതെ വിടില്ല. നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം അഴിമതിഅതിന് തെളിവാണ്. സോളാര്‍ കേസില്‍ അന്വേഷണം നേരിടാനുള്ള ആര്‍ജവമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെക്കണം. രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുകയാണ് വേണ്ടത്. വിരമിച്ച ജഡ്ജിയെക്കൊണ്ട് നടത്തുന്ന അന്വേഷണം വഴിപാടാണെന്നും വി എസ് പറഞ്ഞു.

സെക്രട്ടേറിയേറ്റ് ഉപരോധം പെട്ടെന്ന് അവസാനിപ്പിച്ചതില്‍ ജനങ്ങള്‍ക്ക് അമര്‍ഷമുണ്ടെന്ന് ഉപരോധത്തില്‍ സംസാരിച്ച സി പി ഐ നേതാവ് സി ദിവാകരന്‍ പറഞ്ഞത് ശ്രദ്ധേയമായി. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള പ്രകടനം തടഞ്ഞാല്‍ സമരക്കാര്‍ വഴങ്ങിയേക്കും. ക്ലിഫ് ഹൗസിലേക്കുള്ള മറ്റു റോഡുകള്‍ ഉപരോധിക്കില്ലെന്ന് എല്‍ ഡി എഫ് നേരത്തെ അറിയിച്ചിരുന്നു.

സമരം അനിശ്ചിത കാലമായിരിക്കുമെന്നും പ്രതീകാത്മകമായിരിക്കില്ലെന്നുമാണ് എല്‍ ഡി എഫ് ജില്ലാ ഘടകത്തിന്റെ പ്രസ്താവന തള്ളിക്കൊണ്ട് സംസ്ഥാന സമിതി പ്രഖ്യാപിച്ചിരിക്കുന്നത്. ഉപരോധ സമരം രാവിലെ പത്ത് മുതല്‍ ഉച്ചക്ക് രണ്ട് വരെ മാത്രമാണെന്നായിരുന്നു സി പി എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവന. സെക്രട്ടേറിയറ്റ് ഉപരോധം, ജനസമ്പര്‍ക്ക പരിപാടിക്കെതിരായ സമരം എന്നിവ ലക്ഷ്യം കാണാതെ അവസാനിപ്പിക്കേണ്ടിവന്നിരുന്നു.