Connect with us

Kerala

കരുനാഗപ്പള്ളിയില്‍ ആക്രമണ പരമ്പര; ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍

Published

|

Last Updated

കൊല്ലം: നഗരസഭാ ചെയര്‍മാന് നേരെയുണ്ടായ കയ്യേറ്റ ശ്രമത്തെത്തുടര്‍ന്ന് കരുനാഗപ്പളളിയില്‍ ആക്രമണ പരമ്പര. സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ ആക്രമണമുണ്ടായി. ആക്രമണത്തില്‍ പ്രതിഷേധിച്ച് കരുനാഗപ്പളളിയില്‍ഇന്ന് ഹര്‍ത്താലിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.

കരുനാഗപ്പളളിയില്‍ ദേശീയപാതയോരത്തെ അനധികൃത കടകളും ഫ്‌ളക്‌സ് ബോര്‍ഡും നീക്കം ചെയ്യാനുളള നഗരസഭാ ചെയര്‍മാന്‍ അന്‍സറിന്റെ ശ്രമം ഒരു വിഭാഗം തടഞ്ഞ് അദ്ദേഹത്തെ കയ്യേറ്റംചെയ്യാന്‍ ശ്രമിച്ചതാണ് അക്രമ സംഭവങ്ങളുടെ തുടക്കം. ഇതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് യു ഡി എഫ് പ്രവര്‍ത്തകര്‍ വൈകീട്ട് നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സി പി എം ഏരിയാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം ഉണ്ടായി.

ഇതിനെ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസ് ആക്രമിച്ചു. കസേരകളും ടി വിയും വാഹനങ്ങളും തകര്‍ത്തു. കനത്ത തിരിച്ചടി നേരിട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കരുനാഗപ്പളളി പോലീസ് സ്‌റ്റേഷനിലേക്ക് തളളിക്കയറി.

പ്രതികളെ പിടികൂടാമെന്ന എ സി പിയുടെ ഉറപ്പിനെത്തുടര്‍ന്ന് രാത്രി എട്ടേമുക്കാലോടെ മടങ്ങിയ കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം പ്രവര്‍ത്തകര്‍ സോഡാകുപ്പികളെറിയുകയായിരുന്നു. സോഡാകുപ്പിയേറില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക പരിക്കേറ്റു. ദേശീയപാതയിലൂടെയുളള ഗതാഗതം അരമണിക്കൂറോളം തടസ്സപ്പെട്ടു. പോലീസ് ഏറെ പണിപ്പെട്ടാണ് അക്രമികളെ ഓടിച്ചത്.

സംഘര്‍ഷം പരിഹരിക്കാന്‍ ജില്ലാ കളക്ടര്‍ ഇന്ന് വൈകുന്നേരം സര്‍വ്വ കക്ഷിയോഗവും വിളിച്ചിട്ടുണ്ട്.