Kozhikode
പട്ടയ വിതരണം പാടൂര്‍ രാജന് പുരസ്‌കാരമായി
കോഴിക്കോട്: പാടൂര്‍ രാജനിത് ക്രിസ്മസ് – പുതുവത്സര സമ്മാനം. മൂവായിരത്തിലധികം നാടകങ്ങളിലും 150 ലേറെ സിനിമകളിലും വേഷമിട്ട പാടൂര്‍ രാജന്‍ സ്വന്തമായി മൂന്ന് സെന്റ് ഭൂമി ലഭിച്ചതിന്റെ സന്തോഷത്തിലാണിപ്പോള്‍. സംസ്ഥാന സര്‍ക്കാറിന്റെ പട്ടയമേള ഒന്നാംഘട്ട വിതരണത്തിന്റെ ഭാഗമായാണ് നെല്ലിക്കോട് സ്വദേശിയായ പാടൂര്‍ രാജന് മൂന്ന് സെന്റ് ഭൂമി ലഭിച്ചത്. അരപ്പതിറ്റാണ്ടിലധികം കലാരംഗത്ത് പ്രവൃത്തിച്ച രാജന് സ്വന്തമായി വീടോ ഭൂമിയോ ഇല്ല. ആറ് പെണ്‍മക്കളാണ് എല്ലാവരെയും വിവാഹം കഴിച്ചയച്ചു. കലയല്ലാതെ വേറെ വരുമാനമാര്‍ഗമൊന്നും ഉണ്ടായിരുന്നില്ല. ആവനാഴി, ഉണ്ണികളെ ഒരു കഥ പറയാം, നാടോടിക്കാറ്റ് തുടങ്ങി 150ഓളം സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു. സത്യന്‍ അന്തിക്കാടിന്റെ നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയിലാണ് ഒടുവില്‍ വേഷമിട്ടത്. കരള്‍ സംബന്ധമായ രോഗങ്ങളെതുടര്‍ന്നാണ് അഭിനയിക്കാന്‍ സാധിക്കാതെ വന്നത്. നെല്ലിക്കോട് ഭാസ്‌ക്കരന്‍, കുതിരവട്ടം പപ്പു, കുഞ്ഞാണ്ടി തുടങ്ങിയവരോടൊപ്പം സജീവമായി നാടക രംഗത്തുണ്ടായിരുന്ന പാടൂര്‍ രാജന് ഇപ്പോള്‍ ഏക ആശ്രയം അമ്മ സംഘടനയില്‍ നിന്ന് പ്രതിമാസം ലഭിക്കുന്ന കൈനീട്ടം മാത്രമാണ്.
മന്ത്രിയില്‍ നിന്ന് പട്ടയം വാങ്ങുമ്പോള്‍ കുഞ്ഞയിശ വിതുമ്പുകയായിരുന്നു. പേരാമ്പ്ര മുളിയങ്ങല്‍ സ്വദേശിയായ കുഞ്ഞായിശയാണ് കോഴിക്കോട് നടന്ന പട്ടയമേളയില്‍ ആദ്യ പട്ടയം സ്വീകരിച്ചത്. അവിവാഹിതയായ ഇവര്‍ക്ക് കൊയിലാണ്ടി താലൂക്കിലെ ഉളേള്യരി വില്ലേജില്‍ കാക്കഞ്ചേരിയിലാണ് ഭൂമി നല്‍കിയത്. ബന്ധുക്കളുടെ കൂടെയാണ് താമസം. സ്വന്തം ഭൂമിയില്‍ കിടന്ന് മരിക്കണമെന്നാണ് തന്റെ മോഹമെന്നും അതിനുവേണ്ടിയാണ് അസുഖമായിട്ടും മേളക്കെത്തിയതെന്നും അവര്‍ പറഞ്ഞു.
കോഴിക്കോട് താലൂക്കിലെ കെ ഗോപാലകൃഷ്ണന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് വേദിയില്‍ നിന്ന് ഇറങ്ങിവന്നാണ് പട്ടയം കൈമാറിയത്. അരക്ക് താഴെ തളര്‍ന്ന ഗോപാലകൃഷ്ണന് പന്നിയങ്കര വില്ലേജിലെ തിരുവണ്ണൂരിനടുത്താണ് ഭൂമി അനുവദിച്ചത്. അപേക്ഷകര്‍ക്ക് അതാത് താലൂക്കില്‍ തന്നെ ഭൂമി നല്‍കാന്‍ അധികൃതര്‍ ശ്രമിച്ചതിന്റെ ഭാഗമായാണ് ഗോപാലകൃഷ്ണന് കോഴിക്കോട് താലൂക്കില്‍ തന്നെ ഭൂമി അനുവദിച്ചത്. തിരുവണ്ണൂരില്‍ പെട്ടിക്കട നടത്തിയാണ് ഗോപാലകൃഷ്ണനും കുടുംബവും ഉപജീവനം നടത്തുന്നത്. ഒരു ബന്ധുവിന്റെ വീട്ടിലാണ് ഇവര്‍ ഇപ്പോള്‍ അന്തിയുറങ്ങുന്നത്.