Connect with us

Kozhikode

പി സി ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി അന്വേഷിക്കണം: കോടിയേരി

Published

|

Last Updated

കോഴിക്കോട്: ആഭ്യന്തരമന്ത്രിക്കെതിരെ സര്‍ക്കാര്‍ ചീഫ് വിപ്പ് പി സി ജോര്‍ജ് ഉന്നയിച്ച ആരോപണത്തെക്കുറിച്ച് മുഖ്യമന്ത്രി അന്വേഷിക്കണമെന്ന് സി പി എം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. സ്വതന്ത്ര എജന്‍സിയെ കൊണ്ട് ഇത് അന്വേഷിപ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.
വിലക്കയറ്റം, നിയമന നിരോധം തുടങ്ങിയവയില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ഡി വൈ എഫ് ഐ നടത്തുന്ന ഉപരോധ സമരത്തിന്റെ ഭാഗമായി കോഴിക്കോട് കലക്ടറേറ്റ് വളയല്‍ ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോളാര്‍ കേസില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം നടത്തുന്നത് വരെ എല്‍ ഡി എഫ് വിവിധ സമരങ്ങള്‍ നടത്തും. സോളാര്‍ കേസ് റിട്ട. ജഡ്ജിയെകൊണ്ടന്വേഷിപ്പിച്ച് ഉമ്മന്‍ ചാണ്ടി അനുകൂല റിപ്പോര്‍ട്ട് ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.
യു ഡി എഫ് തല്ലിപ്പൊളി മുന്നണിയായി മാറി. ഓരോ ഘടകക്ഷികളും പരസ്പരം പോരടിക്കുകയാണ്. പോലീസില്‍ ഇപ്പോള്‍ ചേരിതിരിവാണ്. ഉന്നത പോലീസുകാരില്‍ ഒരു വിഭാഗം മുഖ്യമന്ത്രിയൊടോപ്പം മറ്റൊരു ഭാഗം ആഭ്യന്തരമന്ത്രി തിരുവഞ്ചൂരിനോടൊപ്പവുമാണ്. സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലാണ്. അടുത്ത് തന്നെ പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍. അതോടുകൂടി സാമ്പത്തികരംഗം വലിയ തോതിലുള്ള പ്രതിസന്ധിയിലേക്ക് നീങ്ങുമെന്നും അദ്ദേഹം ആരോപിച്ചു.
സംസ്ഥാനം ഇന്ന് വരെ അഭിമുഖീകരിക്കാത്ത വിലക്കയറ്റത്തിന്റെ പിടിയിലാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പോലും സര്‍ക്കാര്‍ അട്ടിമറിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഉപരോധത്തില്‍ ജില്ലാ പ്രസിഡന്റ് അശ്വിനിദേവ് അധ്യക്ഷത വഹിച്ചു.