Kozhikode
പ്രിസം പദ്ധതിയിലൂടെ നടക്കാവ് സ്‌കൂള്‍ ലോകോത്തര നിലവാരത്തിലേക്ക്
കോഴിക്കോട്: പൊതുവിദ്യാഭ്യാസ നിലവാരവും അടിസ്ഥാന സൗകര്യവും മെച്ചപ്പെടുത്തി നടക്കാവ് ഗവ. ഗേള്‍സ് ഹൈസ്‌കൂളിനെ ഇന്ത്യയിലെ ആദ്യത്തെ പത്ത് മുന്‍നിര സ്‌കൂളുകളിലൊന്നാക്കുകയാണ് ലക്ഷ്യമെന്ന് കെ ഇ എഫ് ഹോള്‍ഡിംഗ്‌സിന്റെയും ഫൈസല്‍ ആന്‍ഡ് ശബാന ഫൗണ്ടേഷന്റെയും ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അടിസ്ഥാന സൗകര്യ വികസനം, മികച്ച അധ്യാപക പരിശീലനം എന്നിവയിലൂടെയാണ് ലോകോത്തര നിലവാരത്തിലേക്ക് സ്‌കൂളിനെ എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ക്ലാസ്മുറികള്‍, ടോയ്‌ലറ്റുകള്‍, സയന്‍സ് ലാബോറട്ടറികള്‍, ഇന്‍ഡോര്‍ ജിംനേഷ്യം, ആട്രിയം, ഡൈനിംഗ് ഹാള്‍, ആസ്‌ട്രോ ടര്‍ഫ് സ്റ്റേഡിയം, ലാന്‍ഡ് സ്‌കേപ്പിംഗ് എന്നിവ നവീകരണത്തിന്റെ ഭാഗമായി നടപ്പാക്കി.
എ പ്രദീപ്കുമാര്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്നതും പ്രിസം (പ്രമോട്ടിംഗ് റീജിയനല്‍ സ്‌കൂള്‍സ് ടു ഇന്റര്‍നാഷനല്‍ സ്റ്റാന്‍ഡേഡ്‌സ് ത്രൂ മള്‍ട്ടിപ്പിള്‍ ഇന്റര്‍വെന്‍ഷന്‍സ്) പരിപാടിയുടെ പ്രേരകശക്തിയും ഫൈസല്‍ ആന്‍ഡ് ശബാന ഫൗണ്ടേഷനാണ്. കേവലം ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലുപരിയായി വിദ്യാഭ്യാസത്തിന്റെ നിലവാരം, വിദ്യാര്‍ഥികളുടെ ക്രിയാത്മകത, നൂതനത്വം എന്നിവയും അധ്യയനം, നേതൃപാടവം എന്നിവയിലെ മികവ് വര്‍ധിപ്പിക്കുന്നതും പ്രിസത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍പ്പെടുന്നു.
ഇന്ത്യയിലെ ബഹുഭൂരിഭാഗം വിദ്യാര്‍ഥികളും പഠിക്കുന്നത് സര്‍ക്കാര്‍ സ്‌കൂളുകളിലോ സര്‍ക്കാര്‍ എയ്ഡ്ഡ് സ്‌കൂളുകളിലോ ആണെന്ന് ഫൈസല്‍ കൊട്ടിക്കോളന്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ സ്‌കൂളുകളിലെ ഹാജര്‍ നില ദിനം തോറും താഴുകയാണ്. കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് നടത്തിയ പഠനത്തില്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ അഭിമുഖീകരിക്കുന്ന അപര്യാപ്തതകള്‍ ചൂണ്ടിക്കാട്ടിയിരുന്നു. പെണ്‍കുട്ടികളുടെ വിദ്യാലയങ്ങളില്‍ ടോയ്‌ലറ്റ് ഇല്ലാത്തത് പോലുള്ള അസൗകര്യങ്ങളും ഹാജര്‍ കുറയുന്നതിനും പഠനനിലവാരം താഴുന്നതിന് ഇടയാക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാജ്യത്തിനും സംസ്ഥാനത്തിനും മാതൃകയാകുന്ന രീതിയില്‍ സ്‌കൂള്‍ വികസിപ്പിക്കുന്നതിനാണ് ഫൗണ്ടേഷന്‍ ഈ പ്രൊജക്ട് ഏറ്റെടുത്തത്.
നടക്കാവ് സ്‌കൂളിനെ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ പത്ത് മുന്‍നിര സ്‌കൂളുകളിലൊന്നാക്കാനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്. ഇന്ത്യയിലെ മറ്റൊരു സര്‍ക്കാര്‍ സ്‌കൂളും ഈ ലക്ഷ്യം കൈവരിച്ചിട്ടില്ല. അധ്യാപകര്‍ക്ക് ആത്മവിശ്വാസവും നേതൃപാടവവും നല്‍കുന്നതിന് കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റുമായി ചേര്‍ന്ന് ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുകയാണെന്നും ഫൈസല്‍ കൊട്ടിക്കോളന്‍ പറഞ്ഞു.
അടുത്ത ഘട്ടത്തില്‍ കാരപ്പറപ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും മെഡിക്കല്‍ കോളജ് ക്യാമ്പസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലുമാണ് ഇത്തരത്തിലുള്ള പദ്ധതി ആവിഷ്‌കരിക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത് എ പ്രദീപ് കുമാര്‍ എം എല്‍ എ പറഞ്ഞു.