Connect with us

National

മുസാഫര്‍നഗര്‍: 225 പേര്‍ക്കെതിരെ എസ് ഐ ടി കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

മുസാഫര്‍നഗര്‍: സെപ്തംബറില്‍ മുസാഫര്‍നഗറിലുണ്ടായ കലാപവുമായി ബന്ധപ്പെട്ട് 225 പേര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി) കുറ്റപത്രം സമര്‍പ്പിച്ചു. 28 പരാതികളില്‍ പ്രതികളെ കണ്ടെത്താനായിട്ടില്ലെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ അഡീഷനല്‍ സുപ്രണ്ട് മനോജ് ഝാ അറിയിച്ചു. ഒമ്പത് കേസുകളിലെ അന്തിമ റിപ്പോര്‍ട്ട് പ്രാദേശിക കോടതിയില്‍ സമര്‍പ്പിച്ചു. കേസന്വേഷണത്തില്‍ തെളിവുകളുടെ അഭാവം പോലീസിനെ വല്ലാതെ കുഴക്കുന്നുണ്ട്.
വിവിധ കലാപക്കേസുകളില്‍ പ്രതികളായ 522 പേരുടെ പട്ടിക എസ് ഐ ടി പ്രാദേശിക പോലീസിന് കൈമാറിയിട്ടുണ്ട്. 48 കൊലക്കേസുകളില്‍ 89 പേര്‍ക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് പ്രതികള്‍ക്കെതിരെ കോടതി നടപടികള്‍ ആരംഭിച്ചു. ആറ് ബലാത്സംഗ കേസുകളില്‍ 27 പ്രതികള്‍ ഉണ്ടെങ്കിലും ഒരാളെ പോലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. പീഡനത്തിനിരയായ ആറ് പേരില്‍ നിന്ന് എസ് എ ടി മൊഴിയെടുത്തിട്ടുണ്ട്. കലാപം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ രാജേഷ് വര്‍മയെന്ന പത്രപ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ പോലും പ്രതികളാരെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.
6386 പേര്‍ പ്രതിസ്ഥാനത്തുള്ള മൊത്തം 571 കേസുകളാണ് പ്രത്യേക അന്വേഷണ സംഘം കൈകാര്യം ചെയ്യുന്നത്. മുസാഫര്‍നഗറില്‍ 538 ഉം, ശംലിയില്‍ 27ഉം ഭഗപതില്‍ രണ്ടും മീറത്തിലും സഹരണ്‍പൂറിലും ഓരോരുത്തര്‍ വീതവും പ്രതികളായിട്ടുണ്ടെന്ന് എസ് ഐ ടി അറിയിച്ചു.