Connect with us

Ongoing News

വിജിലന്‍സിനെ രാഷ്ട്രീയമായി ഉപയോഗിക്കില്ല: ചെന്നിത്തല

Published

|

Last Updated

തിരുവനന്തപുരം: വിജിലന്‍സിനെ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുമെന്നും രാഷ്ട്രീയ താത്പര്യങ്ങള്‍ക്കായി ഉപയോഗിക്കില്ലെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തിരുവനന്തപുരം പ്രസ് ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുവന്നു അദ്ദേഹം.
വിജിലന്‍സിന്റെ പ്രവര്‍ത്തനം സുതാര്യമായ രീതിയിലാണെന്ന് ഉറപ്പ് വരുത്തും. അന്വേഷണ ഏജന്‍സികളുടെ വിശ്വാസ്യത പ്രധാനമാണ്. അത് നിലനിര്‍ത്താനാണ് ശ്രമിക്കുന്നത്. ഗുണ്ടാ മാഫിയാ സംഘങ്ങളെ കര്‍ശനമായി നിയന്ത്രിക്കും. സ്ത്രീകളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. ഇതിന്റെ ഭാഗമായി കൂടുതല്‍ വനിതാ പോലീസിനെ സേനയില്‍ ഉള്‍പ്പെടുത്തും.
എസ് ഐ മുതല്‍ ഉള്ള റാങ്കുകളില്‍ ഇവരെ ഉള്‍പ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. സലിം രാജിന്റെ കേസ് സി ബി ഐ അന്വേഷിക്കുന്നതില്‍ സര്‍ക്കാറിന് എതിര്‍പ്പില്ല. സി ബി ഐ അന്വേഷിക്കണമെന്നാണ് നിലപാട്. പോലീസിലെ ക്രിമിനല്‍ ബന്ധം പൂര്‍ണമായും അവസാനിപ്പിക്കുന്നതിന് നടപടി സ്വീകരിക്കും. ക്രിമിനല്‍-പോലീസ് കൂട്ടുകെട്ടിനെതിരെ ശക്തമായ നടപടി സ്വീകരിക്കും. ഒപ്പം പോലീസിലെ രാഷ്ട്രീയവത്കരണത്തെ കുറിച്ചും അന്വേഷിക്കും.
പോലീസിന്റെ മാഫിയാ ബന്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി പോലീസ് ഉദ്യോഗസ്ഥരുടെ സ്വത്ത് വെളിപ്പെടുത്തണമെന്ന മുന്‍ ഡി ജി പിയുടെ സര്‍ക്കുലര്‍ പിന്‍വലിച്ചത് അതിന് ആവശ്യമായ നിയമ പിന്‍ബലമില്ലാത്തിനാലാണ്. കേരളത്തെ ഒരു നിര്‍ഭയ സംസ്ഥാനമാക്കി മാറ്റുകയെന്നതാണ് ലക്ഷ്യം. എല്ലാവര്‍ക്കും നിര്‍ഭയമായി ജീവിക്കാനുള്ള സാഹചര്യമൊരുക്കും. ടി പി കേസില്‍ സി ബി ഐ അന്വേഷണം വേണമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെയും, കെ കെ രമയുടെയും അഭിപ്രായം വേണ്ടവിധത്തില്‍ പരിഗണിച്ച ശേഷം തീരുമാനമെടുക്കും. കേരളത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്ന വിഷയം ഏറെ ഗൗരവത്തോടെയാണ് കാണുന്നത്.
ഇതിനെക്കുറിച്ച് കര്‍ണാടക ആഭ്യന്തര മന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.
കെ പി സി സി പ്രസിഡന്റിന്റെ പദവി ഔദ്യോഗികമായി ഒഴിഞ്ഞിട്ടില്ലെങ്കിലും ഒഴിഞ്ഞതു പോലെയാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പുതിയ പ്രസിഡന്റ് വരുന്നതുവരെ തത്സ്ഥാനത്ത് തുടരുന്നുവെന്നേയുള്ളൂ. തന്റെ പിന്‍ഗാമി ആരാകണമെന്നത് സംബന്ധിച്ച് ഹൈക്കമാന്‍ഡ് നിര്‍ദേശം ആവശ്യപ്പെട്ടാല്‍ പറയും.
എന്‍ എസ് എസുമായി നല്ല ബന്ധമാണ് എന്നും സൂക്ഷിച്ചിട്ടുള്ളത്. ബാലകൃഷ്ണ പിള്ള യു ഡി എഫിന്റെ അവിഭാജ്യ ഘടകമാണ്. അദ്ദേഹത്തിന്റെ പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കും. തനിക്ക് ഔദ്യോഗിക വസതി ആവശ്യമില്ലെന്നാണ് നിലപാട്. തിരുവനന്തപുരത്ത് സ്വന്തമായി വീട് ഉള്ളതിനാലാണ് ഔദ്യോഗിക വസതി വേണ്ടെന്ന നിലപാട് സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.