Connect with us

Kannur

ആധുനിക തോക്കുകള്‍ ഉപയോഗിക്കാന്‍ പോലീസുകാര്‍ക്ക് പരിശീലനം തുടങ്ങി

Published

|

Last Updated

കണ്ണൂര്‍: സംസ്ഥാനത്തിന്റെ അതിര്‍ത്തി വനമേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ പോലീസുകാര്‍ക്ക് യന്ത്രത്തോക്ക്ഉള്‍പ്പെടെയുള്ള ആധുനിക തോക്കുകള്‍ ഉപയോഗിക്കുന്നതില്‍ പരിശീലനം നല്‍കിത്തുടങ്ങി. ആദ്യ ഘട്ടത്തില്‍ വനാതിര്‍ത്തി പ്രദേശങ്ങളിലുള്ള സി ഐമാര്‍ക്കും എസ് ഐമാര്‍ക്കുമാണ് പരിശീലനം നല്‍കുന്നത്.
ആഭ്യന്തര വകുപ്പിന്റെ പ്രത്യേക നിര്‍ദേശാനുസരണമുള്ള പരിശീലന പരിപാടി കണ്ണൂരില്‍ ആരംഭിച്ചു. പെരിങ്ങോം സി ആര്‍ പി എഫ് ക്യാമ്പിലാണ് പരിശീലനം. ഇരിട്ടി, കൂത്തുപറമ്പ്, പേരാവൂര്‍, ആലക്കോട് എന്നിവിടങ്ങളിലെ സി ഐമാരും കണ്ണവം, ആലക്കോട്, ആറളം, കരിക്കോട്ടക്കരി, ഇരിട്ടി എന്നിവിടങ്ങളുള്‍പ്പെടെയുള്ള വനമേഖലാ സ്റ്റേഷനുകളിലെ എസ് ഐമാരുമാണ് ആദ്യ ദിവസ പരിശീലനത്തില്‍ പങ്കെടുത്തത്.
സുരക്ഷാ സേനയില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന മാവോയിസ്റ്റുകള്‍ പശ്ചിമ ഘട്ട മേഖല കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാവോയിസ്റ്റ് സംഘത്തെ പിടികൂടാന്‍ പ്രത്യേക സായുധ സേനക്ക് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നു.
കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വനപ്രദേശങ്ങളില്‍ സാന്നിധ്യമറിയിച്ച മാവോയിസ്റ്റുകളെ കണ്ടെത്താന്‍ കഴിഞ്ഞ എട്ട് മാസത്തിലധികമായി തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളും ലോക്കല്‍ പോലീസും നടത്തുന്ന ശ്രമങ്ങള്‍ ലക്ഷ്യം കാണാത്ത സാഹചര്യത്തിലാണ് മാവോയിസ്റ്റ് വേട്ടക്കു മാത്രമായി അയല്‍ സംസ്ഥാനങ്ങളിലേതിനു സമാനമായ പ്രത്യേക സേനക്ക് ആഭ്യന്തര വകുപ്പ് രൂപം നല്‍കിയത്. ഓരോ ജില്ലയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട സബ് ഇന്‍സ്‌പെക്ടര്‍മാരെ ഉള്‍ക്കൊള്ളിച്ചുള്ള സേനയുടെ പൂര്‍ണ ദൗത്യം നക്‌സല്‍ വേട്ട മാത്രമാണ.്
അതേസമയം, മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചിട്ടും തിരച്ചില്‍ ഉള്‍പ്പെടെയുള്ളവ സംസ്ഥാനത്ത് കാര്യക്ഷമമല്ലെന്നും ആരോപണമുണ്ട്. വനമേഖലകളില്‍ തണ്ടര്‍ബോള്‍ട്ടും പോലീസും ചേര്‍ന്ന് പരിശോധന നടത്തിയതല്ലാതെ തുടര്‍നടപടികള്‍ ഉണ്ടാകുന്നില്ല. മാവോയിസ്റ്റ് ഭീഷണി നേരിടാന്‍ പോലീസ് സേനയില്‍ കാര്യക്ഷമമായ ഒരു സംവിധാനവും ഇന്നില്ല. മിക്ക സ്റ്റേഷനുകള്‍ക്ക് മുന്നിലും മണല്‍ചാക്ക് അട്ടിയിട്ടതല്ലാതെ കൂടുതല്‍ സംവിധാനങ്ങളൊന്നുമില്ല. തോക്കുകള്‍ പോലും പോലീസ് സ്റ്റേഷനുകളിലില്ലാത്ത സാഹചര്യമാണുള്ളത്. സി ഐമാര്‍ക്കും എസ് ഐമാര്‍ക്കും യന്ത്രത്തോക്ക് ഉപയോഗിക്കുന്നതില്‍ പരിശീലനം നല്‍കുന്നുണ്ടെങ്കിലും നിലവില്‍ സ്റ്റേഷനുകളിലേക്ക് യന്ത്രത്തോക്ക് നല്‍കിയിട്ടുമില്ല. ഏതെങ്കിലും രീതിയിലുള്ള പ്രശ്‌നങ്ങളുണ്ടായാല്‍ ജില്ലാ പോലീസ് ആസ്ഥാനത്തു നിന്ന് തോക്ക് ഉള്‍പ്പെടെയുള്ളവ എത്തിക്കേണ്ട അവസ്ഥയാണ് പോലീസ് ഇന്നഭിമുഖീകരിക്കുന്നത്.
എട്ട് മാസത്തിനുള്ളില്‍ കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളുടെ കിഴക്കന്‍ മേഖലകളിലാണ് പശ്ചിമ ഘട്ട സംരക്ഷണമടക്കമുള്ള മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി മാവോയിസ്റ്റുകള്‍ സാന്നിധ്യമറിയിച്ചത്. ജനവാസ കേന്ദ്രങ്ങളിലിറങ്ങി പ്രവര്‍ത്തിക്കാനുള്ള രാഷ്ട്രീയ പിന്തുണയൊന്നുമില്ലാത്തതിനാല്‍ ആദിവാസി കോളനികള്‍ ഇടക്കിടെ സന്ദര്‍ശിച്ച് ആശയപ്രചാരണം നടത്തിയാണ് ഇവര്‍ സാന്നിധ്യമറിയിക്കുന്നത്.

---- facebook comment plugin here -----

Latest