Connect with us

Kerala

സംസ്ഥാനത്ത് 20 മുതല്‍ മൂന്ന് ദിവസം നിര്‍മാണ ബന്ദ്

Published

|

Last Updated

തിരുവനന്തപുരം: നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ താത്പര്യം കാണിക്കാത്തതിനെത്തുടര്‍ന്ന് 20, 21, 22 തീയതികളില്‍ സംസ്ഥാനത്ത് നിര്‍മാണ ബന്ദ് നടത്താന്‍ കോണ്‍ഫെഡറേഷന്‍ ഓഫ് കണ്‍സ്ട്രക്ഷന്‍ ഓര്‍ഗനൈസേഷന്‍സ്(സി സി ഒ) തീരുമാനിച്ചു.
ഒന്നാമത്തെ തൊഴില്‍ മേഖലയായി മാറിക്കഴിഞ്ഞ നിര്‍മാണമേഖല പ്രശ്‌നങ്ങളുടെ നീര്‍ചുഴിയിലാണെന്നും പരിഹാരം തേടി മുഖ്യമന്ത്രിക്ക് രണ്ട് മാസം മുമ്പ് അവകാശ പത്രിക സമര്‍പ്പിച്ചിട്ടും ചര്‍ച്ചക്ക് പോലും തയ്യാറാകാത്തതിനാലാണ് മൂന്ന് ദിനം തുടര്‍ച്ചയായി നിര്‍മാണ മേഖല സ്തംഭിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഈ മേഖലയില്‍ 21 സംഘടനകളുടെ കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വര്‍ഷം 55000 കോടി രൂപയുടെ മുതല്‍ മുടക്കുള്ള നിര്‍മാണ മേഖലയെ വ്യവസായമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഇതുവരെ അംഗീകരിക്കപ്പെട്ടിട്ടില്ല. നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ഒരു ചര്‍ച്ചയും കൂടാതെയാണ് പാസാക്കുന്നത്. അശാസ്ത്രീയ നിയമങ്ങളും അഴിമതിയും ഖനന നിരോധവും നിര്‍മാണ മേഖലയുടെ പൂര്‍ണ സ്തംഭനം ക്ഷണിച്ചുവരുത്തുന്നതാണ്.
25 ലക്ഷം തൊഴിലാളികളും 15 ലക്ഷം അനുബന്ധ തൊഴിലാളികളും 217 വ്യവസായങ്ങളെ നേരിട്ട് ബാധിക്കുന്നതുമായ നിര്‍മാണ മേഖലയെ വ്യവസായമായി സര്‍ക്കാര്‍ പ്രഖ്യാപിക്കുക, സമഗ്ര നിര്‍മാണ വ്യവസായ നയം പ്രഖ്യാപിക്കുക, സിമന്റ് ഉള്‍പ്പെടെയുള്ള നിര്‍മാണ സാമഗ്രികളുടെ അനിയന്ത്രിത വിലക്കയറ്റം തടയുക, സ്റ്റീല്‍ വില നിയന്ത്രിക്കാന്‍ പൊതുമേഖലയില്‍ സ്റ്റീല്‍ ഫാക്ടറികള്‍ ആരംഭിക്കുക, ബില്‍ഡിംഗ് റൂളിലെ അപാകതകള്‍ പരിഹരിക്കുക, അന്യ സംസ്ഥാന തൊഴിലാളികളുടെ കൂലി അപഹരിക്കുന്ന ഇടനിലക്കാരെ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ബന്ദ് നടത്താന്‍ തീരുമാനം.
പ്രശ്‌ന പരിഹാരത്തിന് മൂന്ന് ദിവസത്തിനകം സര്‍ക്കാര്‍ മുന്‍കൈയെടുക്കുന്നില്ലെങ്കില്‍ ബന്ദ് അനിശ്ചിതകാലത്തേക്ക് ദീര്‍ഘിപ്പിക്കുമെന്ന് കോണ്‍ഫെഡറേഷന്‍ ചെയര്‍മാന്‍ എസ് എന്‍ രഘുചന്ദ്രന്‍ നായര്‍, വര്‍ക്കിംഗ് ചെയര്‍മാന്‍ ആര്‍ കെ മണിശങ്കര്‍, കണ്‍വീനര്‍ കെ കെ രാജന്‍ ഡയമണ്ട് എന്നിവര്‍ അറിയിച്ചു.

 

Latest