Connect with us

Editorial

സി ബി ഐക്ക് നിയന്ത്രിത അധികാരം

Published

|

Last Updated

രാജ്യത്തെ സ്വതന്ത്ര അന്വേഷണ ഏജന്‍സിയായി വിശേഷിപ്പിക്കപ്പെടുന്ന സി ബി ഐക്ക് സമ്പൂര്‍ണ സ്വയംഭരണവും പരമാധികാരവും നല്‍കണമെന്ന മുറവിളിക്കിടയില്‍ നിയന്ത്രിതമായ സ്വയംഭരണം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കയാണ്. കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നിലപാടിന്റെ വെളിച്ചത്തില്‍ സാമ്പത്തിക ക്രയവിക്രയങ്ങളില്‍ സി ബി ഐക്ക് ഇനി ആഭ്യന്തര വകുപ്പിന്റെയോ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയോ അനുമതിക്കായി കാത്തു നില്‍ക്കേണ്ടിവരില്ല. പുതിയ തീരുമാനപ്രകാരം 15 കോടി രൂപ വരെയുള്ള സാമ്പത്തിക നയങ്ങളില്‍ സി ബി ഐ ഡയരക്ടര്‍ക്ക് തീരുമാനമെടുക്കാം. ചെലവ് സംബന്ധിച്ച് മുന്‍കൂര്‍ അനുമതി വാങ്ങാതെ തന്നെ സി ബി ഐക്ക് തീരുമാനം കൈക്കൊള്ളാനാകും. ഇതോടൊപ്പം സി ബി ഐ ഡയരക്ടര്‍ക്ക് കേന്ദ്ര സെക്രട്ടറിയുടെ പദവി നല്‍കാനും കേന്ദ്രം സന്നദ്ധമായിട്ടുണ്ട്. എന്നാല്‍ സെക്രട്ടറിയുടെ പൂര്‍ണ ചുമതല ഉണ്ടാകില്ല. കേസന്വേഷണത്തിന്റെ ഭാഗമായി വിദേശ പര്യടനങ്ങള്‍ക്ക് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാരിന്റെയോ ആഭ്യന്തര മന്ത്രാലയത്തിന്റെയോ അനുമതി ആവശ്യമില്ലെന്നതാണ് മറെറാരു തീരുമാനം . ഇക്കാര്യങ്ങളെല്ലാം സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശരന്‍ സുപ്രീം കോടതിയെ അറിയിച്ചിരിക്കായാണ്.
എന്നാല്‍ സി ബി ഐക്ക് പൂര്‍ണമായും സ്വയംഭരണം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇനിയും തയാറായിട്ടില്ല. സി ബി ഐ കൂട്ടിലടച്ച തത്തയാണെന്നും കൂടുതല്‍ അധികാരങ്ങള്‍ അവര്‍ക്ക് നല്‍കണമെന്നും കോടതി വാക്കാല്‍ പരാമര്‍ശിച്ചിരുന്നു. വൈകിയാണെങ്കിലും സുപ്രീം കോടതി നിര്‍ദേശത്തിന്റെ അന്തഃസത്ത ഉള്‍ക്കൊണ്ടാണ് വൈകിയാണെങ്കിലും നിയന്ത്രിത സ്വയംഭരണാവകാശം നല്‍കാന്‍ കേന്ദ്രം തീരുമാനിച്ചത്.
കല്‍ക്കരി അഴിമതിക്കേസില്‍ സി ബി ഐയുടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്നത്തെ നിയമ മന്ത്രി അശ്വനി കുമാര്‍ ഇടപെട്ട് തിരുത്തിയതിനെ തുടര്‍ന്നാണ് സി ബി ഐയെ സ്വതന്ത്രമാക്കണമെന്ന് സുപ്രീം കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചത്.
എന്നാല്‍ സി ബി ഐക്ക് സ്വയംഭരണം നല്‍കുക എന്ന ആശയത്തോട് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോഴും വിയോജിപ്പ് തുടരുകയാണ്. 2013 നവംബര്‍ 13ന് സുപ്രീം കോടതി മുമ്പാകെ നല്‍കിയ സത്യവാങ്മൂലത്തില്‍ അറേറാര്‍ണി ജനറല്‍ ജി എന്‍ വഹന്‍വതി ഇക്കാര്യം വ്യകതമാക്കിയിരുന്നു. മന്ത്രാലയ സെക്രട്ടറിക്ക് സമാനമായ പദവി സി ബി ഐ ഡയരക്ടര്‍ക്ക് നല്‍കാനാകില്ലെന്നും ഇത് ഡയരക്ടര്‍ക്ക് അമിതാധികാരം ലഭിക്കുന്ന സാഹചര്യമുണ്ടാക്കുമെന്നുമായിരുന്നു കേന്ദ്ര നിലപാട്. കേസുകളുടെ സ്വതന്ത്രമായ അന്വേഷണങ്ങള്‍ക്ക് സ്വയംഭരണം അനുവദിക്കണമെന്ന് സി ബി ഐ നേരത്തെ സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതേ ആവശ്യവുമായി അഴിമതിക്കെതിരേ പോരാട്ടം നടത്തുന്ന നിരവധി സംഘടനകളും രംഗത്തുണ്ടായിരുന്നു. നേരത്തെ സുപ്രീം കോടതി നിര്‍ദേശത്തോട് അനുകൂലമായി പ്രതികരിച്ച യു പി എ സര്‍ക്കാര്‍ സി ബി ഐക്ക് സ്വയംഭരണം നല്‍കുന്ന കാര്യം തത്വത്തില്‍ അംഗീകരിക്കുകയും ഇതു സംബന്ധിച്ചു പഠിക്കാന്‍ മന്ത്രിസഭാ സമിതിയെ നിയോഗിക്കുകയും ചെയ്തിരുന്നു. ഡല്‍ഹി പോലീസ് പ്രത്യേക സ്ഥാപന നിയമപ്രകാരമാണ് സി ബി ഐ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ഏല്‍പ്പിക്കുന്ന കേസുകളേ ഇവര്‍ക്ക് അന്വേഷിക്കാനാകൂ. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ അന്വേഷണ വിവരങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിക്കാനും ഇവര്‍ നിര്‍ബന്ധിതരാകുന്നു.
നിയന്ത്രിത സ്വയംഭരണം സി ബി ഐയെ കൂട്ടില്‍ നിന്ന് മോചിപ്പിക്കുകയോ സ്വതന്ത്രമാക്കുകയോ ചെയ്യുന്നില്ല. ഭരിക്കുന്നവരുടെ ചട്ടുകമായി സി ബി ഐയെ നിലനിര്‍ത്താനാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെല്ലാം താത്പര്യം. സി ബി ഐയെ കയറൂരി വിട്ടാല്‍ രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും നില്‍ക്കക്കള്ളിയുണ്ടാകില്ലെന്നത് പകല്‍ വെളിച്ചം പോലെ വ്യക്തം. അഴിമതി വിപാടനത്തിന് നടപ്പാക്കിയ ലോക്പാല്‍ പോലെ തന്നെ ജനാധിപത്യത്തിന്റെ ഭദ്രതക്കും നിലനില്‍പ്പിന്നും സി ബി ഐയെ പോലുള്ള ഒരന്വേഷണ ഏജന്‍സിക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുങ്ങണം. സി ബി ഐ ഡയരക്ടര്‍ക്ക് കേന്ദ്ര സെക്രട്ടറിയുടെ പദവി മാത്രം പോരാ, പരമാധികാരവും ലഭിക്കണം. എന്നാല്‍ മാത്രമേ അന്വേഷണങ്ങളിലും മറ്റും ഭരണകൂടങ്ങളുടെ ഇടപെടലില്‍ നിന്ന് മോചനം നേടാനാകൂ.

---- facebook comment plugin here -----

Latest