Connect with us

Gulf

യു എ ഇ ഡെലിവറി ഡ്രോണ്‍സ് വികസിപ്പിച്ചു

Published

|

Last Updated

droneദുബൈ: ഡെലിവറി ഡ്രോണ്‍സ് വികസിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ രേഖകളും ചെറു പൊതിക്കെട്ടുകളും വിവിധ ഇടങ്ങളിലേക്ക് കൊണ്ടുപോകാന്‍ ലക്ഷ്യമിട്ടാണ് ആളില്ലാ ഡ്രോണ്‍ വിമാനങ്ങള്‍ വികസിപ്പിച്ചത്. ഇത്തരത്തില്‍ സര്‍ക്കാര്‍ സേവനങ്ങളുടെ വേഗം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ലോകത്ത് ആദ്യത്തെ സംരംഭമാണ് ഇതെന്ന് കാബിനറ്റ് കാര്യ മന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി വ്യക്തമാക്കി. അര മീറ്റര്‍ വലുപ്പത്തിലുള്ളതാണ് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ചെറു വിമാനം. ചെറിയ പാര്‍സലുകളും ഇതിലൂടെ വിവിധ പ്രദേശങ്ങളിലേക്ക് എത്തിക്കാന്‍ സാധിക്കും.
അബ്ദുറഹ്മാന്‍ അല്‍സെര്‍കാല്‍ എന്ന സ്വദേശി എഞ്ചിനിയറാണ് ഇത് വികസിപ്പിച്ചത്. ഫിംഗര്‍ പ്രിന്റും ഐ സ്‌കാനുമാണ് സംവിധാനത്തെ സംരക്ഷിക്കാന്‍ സ്വീകരിച്ചിരിക്കുന്നത്. ഡ്രോണില്‍ മുന്‍കൂട്ടി പതിപ്പിച്ച ഐസ്‌കാന്‍ റിസല്‍ട്ടും ഫിംഗര്‍ പ്രിന്റുമുള്ളവര്‍ക്ക് മാത്രമേ ഡെലിവറി ഡ്രോണ്‍ തുറക്കാന്‍ സാധിക്കൂ.
ഇതിന്റെ ഫലപ്രാപ്തിയും കാലാവധിയും അടുത്ത ആറു മാസം പരിക്ഷിച്ച ശേഷമാവും ഡെലിവറി ഡ്രോണിനെ ഒരു വര്‍ഷത്തിനകം രാജ്യത്തെ ഔദ്യോഗിക ഉപയോഗത്തിലേക്ക് കൊണ്ടുവരിക. തുടക്കത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ്, തിരിച്ചറിയല്‍ കാര്‍ഡ്, മറ്റ് പെര്‍മിറ്റുകള്‍ എന്നിവ വിവിധ ഇടങ്ങളിലേക്ക് എത്തിക്കാനും സംവിധാനം സര്‍ക്കാര്‍ പ്രയോജനപ്പെടുത്തുക. സിവിലിയന്‍ ഉപയോഗത്തിന് ഇത് സ്വീകരിക്കാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉള്ളതായും അദ്ദേഹം വിശദീകരിച്ചു.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പാര്‍സലുകളും മറ്റും എത്തിക്കാന്‍ ഡ്രോണുകള്‍ ഉപയോഗിക്കാന്‍ യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂം ഉത്തരവിട്ടു. സ്വദേശി എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തിലാണ് കൂടുതല്‍ ഡ്രോണുകള്‍ നിര്‍മിക്കുക. പരിശോധനാ പറക്കലിന് ശൈഖ് മുഹമ്മദും ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്്തൂമും സാക്ഷ്യം വഹിച്ചു. സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ വീട്ടുപിക്കല്‍ എത്തിക്കാനും ഡ്രോണുകളെ ഉപയോഗപ്പെടുത്തും. ലോകത്താദ്യമായി യു എ ഇയിലായിരിക്കും ഡ്രോണുകളുടെ സേവനം സര്‍ക്കാര്‍ ഉപയോഗിക്കുന്നത്.

---- facebook comment plugin here -----

Latest