Connect with us

Palakkad

സൈലന്റ്‌വാലി ദേശീയോദ്യാനത്തില്‍ ഒമ്പത് ഇനം പുതിയ പക്ഷികള്‍

Published

|

Last Updated

മണ്ണാര്‍ക്കാട്: സൈലന്റ് വാലി ദേശീയോദ്യാനത്തിലെ സര്‍വേയില്‍ ഒമ്പത് ഇനം പക്ഷികളുടെ പുതിയ സാന്നിധ്യം കണ്ടെത്തി. 142 ഇനം പക്ഷികള്‍ സൈലന്റ് വാലിയിലുണ്ടെന്ന് സര്‍വേയില്‍ ബോധ്യപ്പെട്ടു.—നാട്ടുകുയില്‍, പ്രാക്കാട, സാധാരണ നീര്‍ക്കാട, പചîനീര്‍ക്കാട, പസിഫിക് ശരപ്പപക്ഷി, ഉപ്പൂപ്പന്‍, ചെറിയ മീന്‍പരുന്ത്, വയല്‍ക്കോതി, വയല്‍ക്കുരുവി എന്നിവയാണ് ദേശീയോദ്യാനത്തിലെ പുതിയ താമസക്കാര്‍.
നിത്യഹരിത വനങ്ങളില്‍ സ്ഥിരസാന്നിധ്യമില്ലാത്തവയാണ് ഇവ. അന്തരീക്ഷ താപ നിലയിലെ വര്‍ധനയും കാലാവസ്ഥാ വ്യതിയാനവുമാകാം ഇവയെ ചേക്കേറാന്‍ പ്രേരിപ്പിചതെന്ന് കരുതുന്നു. ഇന്ത്യന്‍ ശരപക്ഷി, കറുമ്പന്‍ ബുള്‍ബുള്‍, ചെറുതേന്‍കിളി, മഞ്ഞ ബുള്‍ബുള്‍ എന്നിവയാണ് സൈലന്റവാലിയിലെ സാധാരണപക്ഷികള്‍. പരുന്തുകളുടെ കൂട്ടത്തില്‍ കരിമ്പരുന്തിനാണു പ്രഥമ സ്ഥാനം. സര്‍വേ നടത്തിയ മേഖലകളിലെല്ലാം ഈ വലിയ പരുന്തിനെ കാണാനായി. പശ്ചിമഘട്ടത്തില്‍ മാത്രമുള്ള പതിനാറിനം പക്ഷികളില്‍ പതിനഞ്ചിനെയും നിശ്ശബ്ദതാഴ്‌വരയില്‍ കണ്ടെത്തി.
ഇവയുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയില്ല. സൈരന്ധ്രി, പൂച്ചിപ്പാറ, നീലിക്കല്‍, പുന്നമല, വാളക്കാട്, സ്വിസ്പാറ എന്നിവിടങ്ങളില്‍ മൂന്ന്ദിവസം വനത്തില്‍ ക്യാംപ് ചെയ്തായിരുന്നു സര്‍വേ. കേരളം, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള 32 നിരീക്ഷകര്‍ സര്‍വേയില്‍ പങ്കെടുത്തു. വിവിധ കോളജുകളില്‍ നിന്നുള്ള യുവ നിരീക്ഷകരുടെ പങ്കാളിത്തവും മുംബൈയില്‍ നിന്നുള്ള പക്ഷി നിരീക്ഷകന്‍ ഷാന്‍ബാഗന്റെസാന്നിധ്യവും ശ്രദ്ധേയമായി. 1990 മുതല്‍ എല്ലാ സര്‍വേകളിലും പങ്കെടുത്ത പക്ഷിനിരീക്ഷകന്‍ പി കെ ഉത്തമന്‍ നേതൃത്വം നല്‍കി. ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പ്രമോദ് ജി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സൈലന്റ് വാലി വാര്‍ഡന്‍ പി പി ചെറിയാന്‍കുഞ്ഞ്, അസി. കണ്‍സര്‍വേറ്റര്‍ എം വിമല്‍, വൈല്‍ഡ് ലൈഫ് എജ്യൂക്കേഷന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ഗീത, അസി. വാര്‍ഡന്‍ എം ജോഷില്‍ എന്നിവര്‍ മാര്‍ഗനിര്‍ദേശം നല്‍കി.

Latest