Connect with us

Ongoing News

എ പി എല്‍ ഗോതമ്പ് പുനഃസ്ഥാപിച്ചു

Published

|

Last Updated

തിരുവനന്തപുരം: എ പി എല്‍ കുടുംബങ്ങള്‍ക്കുള്ള ഗോതമ്പ് വിഹിതം കേന്ദ്ര സര്‍ക്കാര്‍ പുനഃസ്ഥാപിച്ചതായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. അടുത്ത രണ്ട് മാസത്തേക്ക് 17,000 മെട്രിക് ടണ്‍ ഗോതമ്പ് കേന്ദ്രം അനുവദിച്ചു. കേരളത്തിലെ 60ലക്ഷത്തോളം വരുന്ന എ പി എല്‍ കാര്‍ക്ക്് കിലോക്ക് 8.90 രൂപാ നിരക്കില്‍ മൂന്ന് കിലോ ഗോതമ്പ് വിതരണം ചെയ്യും. രണ്ട് മാസത്തേക്കാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്. തുടര്‍ന്നും ആവശ്യമായ ഗോതമ്പ് അനുവദിക്കാമെന്ന് കേന്ദ്രമന്ത്രി കെ വി തോമസ് അറിയിച്ചതായും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തിനു വളരെ ആശ്വാസകരമായ തീരുമാനമാണിത്. ഈ മാസം 25നു 11 സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകള്‍ കൂടി നിരത്തിലിറങ്ങുമെന്നും മന്ത്രി അറിയിച്ചു.

സപ്ലൈകോക്ക് മികച്ച രീതിയില്‍ വിപണി ഇടപെടല്‍ നടത്തുന്നതിന് പ്രതിമാസം 30 കോടി രൂപയെങ്കിലും വേണം. എന്നാല്‍, ബജറ്റില്‍ 65 കോടി രൂപയാണ് ആകെ അനുവദിച്ചത്. അതിന്റേതായ പരിമിതികള്‍ സപ്ലൈകോക്കുണ്ട്. എന്നാല്‍, ആവശ്യമായ സന്ദര്‍ഭങ്ങളിലെല്ലാം വിപണി ഇടപെടലിന് വേണ്ടിവരുന്ന തുക നല്‍കാമെന്ന് ധനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. നല്ലൊരു തുക സപ്ലൈകോക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുണ്ടെന്നത് ശരിയാണ്. എന്നാല്‍, ധനവകുപ്പിന്റെ സമീപനം ഒരു ഘട്ടത്തിലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടില്ല- മന്ത്രി വ്യക്തമാക്കി. സപ്ലൈകോ വളരെ നല്ല പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ്. നെല്ല് സംഭരണത്തെക്കുറിച്ചും പരാതികളുയര്‍ന്നിട്ടില്ല.
കൂടുതല്‍ സ്‌കൂളുകളില്‍ കണ്‍സ്യൂമര്‍ ക്ലബുകള്‍ ആരംഭിക്കാന്‍ സംസ്ഥാന ഉപഭോക്തൃ സംരക്ഷണ സമിതിയുടെ ആദ്യ യോഗം തീരുമാനിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ക്കിടയില്‍ ഉപഭോക്തൃ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്തുന്നതിന് സ്‌കൂളുകളില്‍ സെമിനാറുകളും ഫീല്‍ഡ് വര്‍ക്കുകളും സംഘടിപ്പിക്കും. ഉപഭോക്തൃ സംരക്ഷണത്തിന്മേലുള്ള ബോധവത്കരണം ലക്ഷ്യമിട്ട് ലഘുലേഖകളും ബുക്ക്‌ലെറ്റുകളും റസിഡന്റ്‌സ് അസോസിയേഷനുകള്‍ കേന്ദ്രീകരിച്ച് വിതരണം ചെയ്യും. ജില്ലാ ഉപഭോക്തൃ ഫോറങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കും. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ജില്ലകളില്‍, ജില്ലാ ആസ്ഥാനങ്ങള്‍ വിട്ടുള്ളിടങ്ങളില്‍ ക്യാംപ് സിറ്റിംഗ് നടത്തി പരാതികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.