Connect with us

National

അഴിമതിവിരുദ്ധ ബില്ലുകള്‍ എതിര്‍ക്കുന്നത് ബി ജെ പിയെന്ന് രാഹുല്‍ ഗാന്ധി

Published

|

Last Updated

ബെല്‍ഗാം: അഴിമതി തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ആറ് ബില്ലുകള്‍ പാസാക്കാന്‍ ബി ജെ പി അനുവദിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആരോപിച്ചു. പാര്‍ലിമെന്റിനെ പ്രവര്‍ത്തിക്കാന്‍ ബി ജെ പി അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ണാടകയിലെ ബെല്‍ഗാമില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍.
ജനങ്ങള്‍ക്ക് വേണ്ടിയാണ് അഴിമതിവിരുദ്ധ ബില്ലുകള്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നത്. എന്നാല്‍ ബി ജെ പി അതിനെയൊക്കെ എതിര്‍ക്കുകയാണ്. വിവരാവകാശ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസാണ്. അതിലൂടെ അധികാരത്തിന്റെ അടച്ചിട്ട മുറിക്കുള്ളില്‍ നടക്കുന്ന കാര്യങ്ങള്‍ ജനങ്ങള്‍ക്ക് അറിയാനുള്ള സാഹചര്യം ഒരുങ്ങി. അഴിമതിക്കെതിരെയുള്ള ലോക്പാല്‍ ബില്‍ കൊണ്ടുവന്നത് കോണ്‍ഗ്രസല്ലേയെന്നും രാഹുല്‍ ചോദിച്ചു.
ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരിനെയാണ് കര്‍ണാടകയില്‍ ബി ജെ പി നയിച്ചിരുന്നത്. ബെല്ലാരിയിലായിരുന്നു സര്‍ക്കാരിന്റെ ആസ്ഥാനമെന്നും റെഡ്ഢി സഹോദരന്മാരുടെ അനധികൃത ഖനന കമ്പനികളെ പേരെടുത്ത് പറയാതെ രാഹുല്‍ സൂചിപ്പിച്ചു. ഒരു മുന്‍ മുഖ്യമന്ത്രിയും 16 മന്ത്രിമാരും ഖനന കേസില്‍പെട്ട് കര്‍ണാടകയില്‍ രാജിവെച്ചുവെന്നും രാഹുല്‍ പറഞ്ഞു.
ജനങ്ങള്‍ക്ക് അധികാരം നല്‍കാനാണ് എക്കാലത്തും കോണ്‍ഗ്രസ് ശ്രമിച്ചതെന്ന് രാഹൂല്‍ പറഞ്ഞു. തെലങ്കാന ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാര്‍ലിമെന്റിനെ പ്രക്ഷുബ്ധമാക്കിയതിന്റെ ഉത്തരവാദം ബി ജെ പിക്ക് മേല്‍ കെട്ടിവെച്ചാണ് രാഹൂല്‍ പ്രസംഗം തുടര്‍ന്നത്. ഇത്തരം ജനോപകാരപ്രദമായ ബില്ലുകള്‍ തടയാതെ പ്രതിപക്ഷം സഹകരിക്കണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടു.
അഴിമതിക്കെതിരെയുള്ള യുദ്ധം കോണ്‍ഗ്രസ് തുടരുകയാണ്. എന്നാല്‍ പ്രതിപക്ഷം ഇതിന് പിന്തുണ നല്‍കുന്നില്ലെന്നും അതിനാലാണ് കഴിഞ്ഞ പാര്‍ലിമെന്റ് സമ്മേളനത്തില്‍ ബില്ലുകളുടെ അവതരണം ബി ജെ പി തടസ്സപ്പെടുത്തിയതെന്നും രാഹൂല്‍ കുറ്റപ്പെടുത്തി. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം രാഹുല്‍ മഹാരാഷ്ട്രയിലേക്ക് പോകും.