Connect with us

Palakkad

ജില്ലാ പഞ്ചായത്ത് ബജറ്റ്: കാര്‍ഷികമേഖലക്ക് ഊന്നല്‍; വനിതാക്ഷേമത്തിന് പ്രത്യേക പരിഗണന

Published

|

Last Updated

പാലക്കാട്: കൃഷിക്കും അനുബന്ധമേഖലയിലെ വികസനത്തിനും പട്ടികജാതിക്ഷേമത്തിനും സാമൂഹ്യ സുരക്ഷക്കും ഊന്നല്‍ നല്‍കുന്ന 2014-15 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ് ജില്ലാ പഞ്ചായത്തില്‍ അവതരിപ്പിച്ചു.
കഴിഞ്ഞവര്‍ഷത്തെക്കാള്‍ കാര്‍ഷികമേഖലയ്ക്കും സ്ത്രീകളുടേയും കുട്ടികളുടേയും ഉന്നമനത്തിനും കൂടുതല്‍ തുക നീക്കിവെച്ചിട്ടുണ്ട്. വിദ്യാഭ്യാസമേഖലയിലെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനായി പ്രത്യേക പരിഗണന നല്‍കി. ഒമ്പതുകോടി രൂപ ഉത്പാദനമേഖലയ്ക്കും 43 കോടിരൂപ സേവനമേഖലയ്ക്കും 33 കോടി രൂപ പശ്ചാത്തലമേഖലക്കുമായി വകയിരുത്തി.
കൃഷിക്കും അനുബന്ധമേഖലയിലെ വികസനത്തിനുമായി 19 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. പട്ടികജാതിക്ഷേമത്തിന് 20 കോടിയും പട്ടികവര്‍ഗക്ഷേമത്തിന് മൂന്നു കോടി രൂപയും മാറ്റിവെച്ചു. റോഡുകളുടേയും പാലങ്ങളുടേയും സുഗമമായ പ്രവര്‍ത്തനത്തിന് 16കോടി രൂപയും പൊതുമരാമത്തിന് 15 കോടിരൂപയും വകയിരുത്തി. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി ഒമ്പതുകോടിരൂപയാണ് വിഭാവനം ചെയ്തിരിക്കുന്നത്. വിദ്യഭ്യാസമേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് 13 കോടി രൂപ വകയിരുത്തി.
കുടുംബക്ഷേമത്തിന് 11 കോടിരൂപയും വൈദ്യസഹായവും പൊതുജനാരോഗ്യത്തിനുമായി മൂന്നുകോടി രൂപയും നീക്കിവെച്ചിട്ടുണ്ട്. പഞ്ചായത്ത് സേവനങ്ങള്‍ക്കായി അഞ്ചുകോടി രൂപ മാറ്റിവെച്ചു.
വനിതാക്ഷേമത്തിനായി പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. എയ്ഡ്‌സ് രോഗികള്‍ക്ക് പോഷകാഹാരത്തിന് 20 ലക്ഷം രൂപയും ജില്ലാതല ആശുപത്രികളുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നുകോടി രൂപയും കഞ്ചിക്കോട് കാന്‍സര്‍ പരിശോധനാകേന്ദ്രത്തിന്റെ പുനര്‍പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടിരൂപയും വിദ്യാര്‍ഥി പോലീസ് കാഡറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്നുകോടി രൂപ നീക്കിവെച്ചിട്ടുണ്ട്.
പുതിയ ബജറ്റില്‍ ഗ്യാസ് ക്രിമറ്റോറിയത്തിനായി 25 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്. ജില്ലാ പഞ്ചായത്തിന്റെ മീന്‍വല്ലം ജലവൈദ്യുതപദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപ നീക്കിവെച്ചിട്ടുണ്ട്. ജില്ലയിലെ കുടിവെള്ള പദ്ധതികള്‍ക്കും ചെറുകിട ജലസേചന പദ്ധതികളുടെ അറ്റകുറ്റപ്പണികള്‍ക്കുമായി മുന്‍ഗണന നല്‍കിയിട്ടുണ്ട്.
സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡന്റ് സുബൈദ ഇസ്ഹാഖ് ജില്ലാ പഞ്ചായത്തില്‍ അവതരിപ്പിക്കുന്നു.

---- facebook comment plugin here -----

Latest