Ongoing News
റെയില്‍വേ ടിക്കറ്റ് റീഫണ്ട് വ്യവസ്ഥകളില്‍ മാറ്റമില്ല

തിരുവനന്തപുരം: യാത്രാ ടിക്കറ്റ് റദ്ദാക്കുമ്പോള്‍ തിരിച്ചു നല്‍കുന്ന തുകയില്‍ വ്യത്യാസമൊന്നും വരുത്തിയിട്ടില്ലെന്ന് റെയില്‍വേ മന്ത്രാലയം അറിയിച്ചു. റെയില്‍വേ ടിക്കറ്റ് റീഫണ്ട് നിയമങ്ങളില്‍ മാറ്റം വരുത്തുന്നതായി വാര്‍ത്തകള്‍ വന്നതിനെ തുടര്‍ന്നാണ് റെയില്‍വേയുടെ വിശദീകരണം. 2013 ജൂലൈ ഒന്നിനാണ് അവസാനമായി പുതുക്കിയ റീഫണ്ട് വ്യവസ്ഥകള്‍ നടപ്പിലാക്കിയത്.
യാത്ര തുടങ്ങുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഉറപ്പായ ടിക്കറ്റ് (കണ്‍ഫേം ടിക്കറ്റ്) റദ്ദാക്കുന്ന യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിന്റെ 50ശതമാനം വരെ തിരിച്ചു ലഭിക്കും. യാത്ര ചെയ്യുന്നതിന് 48 മണിക്കൂര്‍ മുമ്പ് ടിക്കറ്റ് റദ്ദാക്കുകയാണെങ്കില്‍ എയര്‍ കണ്ടീഷന്‍ഡ്/ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്ക് ടിക്കറ്റൊന്നിന് 120 രൂപ വീതവും എ സി/2 ടയര്‍/എ സി ചെയര്‍കാര്‍ യാത്രക്കാര്‍ക്ക് 100 രൂപയും എ സി 3 ടയര്‍/എ സി ചെയര്‍കാര്‍ യാത്രക്കാര്‍ക്ക് 90 രൂപയും സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്ക് ടിക്കറ്റൊന്നിന് 60 രൂപയും സെക്കന്‍ഡ് ക്ലാസിന് 30 രൂപ വീതവും നഷ്ടമാവും. ട്രെയിന്‍ പുറപ്പെടുന്ന സമയം കഴിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷം സമര്‍പ്പിക്കുന്ന ടിക്കറ്റുകള്‍ക്ക് പണം മടക്കി നല്‍കുന്നതല്ല.