Connect with us

National

ആര്‍ ജെ ഡി പിളര്‍ന്നു: എം എല്‍ എമാര്‍ ജെ ഡി യുവിലേക്ക്

Published

|

Last Updated

പാറ്റ്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബീഹാറില്‍ ലാലുപ്രസാദ് യാദവിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയ ജനതാദളിന് (ആര്‍ ജെ ഡി) വന്‍ തിരിച്ചടി. ബീഹാറിലെ രാഷ്ട്രീയ സമവാക്യങ്ങള്‍ മാറ്റിയെഴുതി ആര്‍ ജെ ഡിയുടെ ഏഴ് നിയമസഭാംഗങ്ങള്‍ പാര്‍ട്ടി വിട്ടു. ഇവര്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ യുനൈറ്റഡില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. ലോക്‌സഭാ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് പിളര്‍പ്പിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. വിമത എം എല്‍ എമാര്‍ വിധാന്‍ സഭാ സ്പീക്കര്‍ ഉദയ് നരൈന്‍ ചൗധരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നിതീഷ്‌കുമാര്‍ സര്‍ക്കാറിനെ പിന്തുണക്കുന്നതായി അറിയിച്ചിട്ടുണ്ട്. സഭയില്‍ പ്രത്യേക വിഭാഗമായി ഇവരെ സ്പീക്കര്‍ അംഗീകരിച്ചു.

പതിമൂന്ന് നിയമസഭാംഗങ്ങള്‍ ആര്‍ ജെ ഡി വിട്ട് ജെ ഡി യുവിന് പിന്തുണ നല്‍കിയെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട്. പിന്നീട് ആറംഗങ്ങള്‍ ആര്‍ ജെ ഡിയിലേക്ക് മടങ്ങുകയായിരുന്നു. വിമത എം എല്‍ എ സാമ്രാട്ട് ചൗധരിയുടെ വസതിയില്‍ യോഗം ചേര്‍ന്ന ശേഷമാണ് ഏഴ് അംഗങ്ങള്‍ വിധാന്‍ സഭാ സ്പീക്കറെ കണ്ടത്. ആര്‍ ജെ ഡിയുടെ ഏഴ് എം എല്‍ എമാര്‍ ജെ ഡി യുവിന് പിന്തുണ നല്‍കുന്നതായി അറിയിച്ച് സ്പീക്കര്‍ക്ക് കത്ത് നല്‍കിയതായി ആര്‍ ജെ ഡിയുടെ ജാവീദ് ഇഖ്ബാല്‍ അന്‍സാരി സ്ഥിരീകരിച്ചു.
ജെ ഡി യുവില്‍ ലയിക്കാന്‍ അനുവദിക്കണമെന്നും അതുവരെ വിധാന്‍ സഭയില്‍ പ്രത്യേക ഇരിപ്പിടം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് സഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നതായി വിമത ആര്‍ ജെ ഡി. എം എല്‍ എ സാമ്രാട്ട് ചൗധരി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതിനുള്ള അനുമതിയാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി ലാലുപ്രസാദ് യാദവ് ഡല്‍ഹിയിലാണ്. ആര്‍ ജെ ഡിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി കോണ്‍ഗ്രസിന്റെ ബി ടീമായാണ് ആര്‍ ജെ ഡി പ്രവര്‍ത്തിക്കുന്നതെന്നും ചൗധരി കുറ്റപ്പെടുത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജെ ഡി യുവിനെതിരെ കോണ്‍ഗ്രസുമായി സഖ്യമായി മത്സരിക്കാനാണ് ആര്‍ ജെ ഡി ശ്രമിച്ചത്. ഇക്കാര്യം ചര്‍ച്ച ചെയ്യാനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുമായും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായും ലാലുപ്രസാദ് കൂടിക്കാഴ്ച നടത്തിയിരുന്നു.
കാലിത്തീറ്റ കുംഭകോണ കേസില്‍ അഞ്ച് വര്‍ഷം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയവെ, ജാമ്യത്തിലിറങ്ങിയ ലാലുവിന് കനത്ത തിരിച്ചടിയായാണ് എം എല്‍ എമാരുടെ പാര്‍ട്ടി മാറ്റം. പാര്‍ട്ടി പിളര്‍പ്പിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് കാര്യമായി പ്രതികരിക്കാതെ ഒഴിഞ്ഞുമാറുകയായിരുന്നു ലാലുപ്രസാദ് യാദവ്.
243 അംഗ നിയമസഭയില്‍ 22 എം എല്‍ എമാരാണ് ആര്‍ ജെ ഡിക്കുണ്ടായിരുന്നത്. ആര്‍ ജെ ഡിയുടെ ഏഴ് അംഗങ്ങള്‍ പിന്തുണ നല്‍കിയതോടെ ഭരണകക്ഷിയായ ജെ ഡി യുവിന് 123 അംഗങ്ങളുടെ പിന്തുണയായി. സ്പീക്കര്‍ ഉള്‍പ്പെടെ 116 എം എല്‍ എമാരാണ് ജെ ഡി യുവിനുള്ളത്. ബി ജെ പി പിന്തുണ പിന്‍വലിച്ചതോടെ വിശ്വാസ വോട്ട് തേടിയ നിതീഷ്‌കുമാര്‍ സര്‍ക്കാറിന് നാല് കോണ്‍ഗ്രസ് അംഗങ്ങളും നാല് സ്വതന്ത്രരും ഒരു സി പി ഐ അംഗവും പിന്തുണ നല്‍കിയിരുന്നു.

Latest