Connect with us

Ongoing News

നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ സച്ചിന് ഇഷ്ടമില്ലായിരുന്നു: ഗാംഗുലി

Published

|

Last Updated

ന്യൂഡല്‍ഹി: ഏകദിന ക്രിക്കറ്റില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യുന്നതില്‍ സച്ചിന് അനിഷ്ടമുണ്ടായിരുന്നുവെന്ന് സൗരവ് ഗാംഗുലി. 2002-03 കാലയളവിലാണ് ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം സ്ഥാനത്തേക്ക് ഇറങ്ങാന്‍ അന്ന് ടീം ക്യാപ്റ്റനായിരുന്ന ഗാംഗുലി ആവശ്യപ്പെട്ടത്. എന്നാല്‍, സച്ചിന്‍ അസന്തുഷ്ടനായിരുന്നു- ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോ പ്രസിദ്ധപ്പെടുത്തുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറെ സംബന്ധിച്ചുള്ള പുസ്തകത്തിലാണ് ഗാംഗുലിയുടെ വെളിപ്പെടുത്തല്‍.
341 ഏകദിന മത്സരങ്ങളില്‍ 143 ലും സച്ചിന്റെ ക്യാപ്റ്റനായിരുന്നത് സൗരവ് ഗാംഗുലിയാണ്. സച്ചിന്‍ എന്ന ക്യാപ്റ്റനെ കുറിച്ചും ഗാംഗുലി ഇതില്‍ എഴുതിയിട്ടുണ്ട്. റെക്കോര്‍ഡുകള്‍ സൂചിപ്പിക്കും സച്ചിന്‍ അത്ര മോശം ക്യാപ്റ്റനായിരുന്നില്ല. ദക്ഷിണാഫ്രിക്ക, വെസ്റ്റിന്‍ഡീസ്, ആസ്‌ത്രേലിയ എന്നിങ്ങനെ ഏറ്റവും മികച്ച ടീമുകള്‍ക്കെതിരെ സച്ചിന്‍ ടീമിനെ നയിച്ചു. തുടരെ എട്ട് ടെസ്റ്റുകള്‍ സച്ചിന് കീഴില്‍ ഇന്ത്യ പരാജയപ്പെട്ടിട്ടില്ല. മികച്ചൊരു ടീമായിരുന്നില്ല സച്ചിന്റെത്. അവസാനഘട്ടത്തിലെത്തി നില്‍ക്കുന്ന സീനിയര്‍ താരങ്ങളും അരങ്ങേറ്റം കുറിച്ച യുവതാരങ്ങളും ചേരുന്ന ടീം സന്തുലിതമായിരുന്നില്ല – ഗാംഗുലി ചൂണ്ടിക്കാട്ടുന്നു.
വിദേശത്ത് തുടരെ പത്ത് ടെസ്റ്റിലേറെ പരാജയപ്പെട്ട ധോണിയെ പരിഹസിക്കുന്ന അര്‍ഥം വെച്ചുള്ള നിരൂപണം കൂടിയാണ് സച്ചിന്‍ തുടരെ എട്ട് ടെസ്റ്റുകള്‍ തോറ്റിട്ടില്ലെന്നത്.
സച്ചിന്‍: ദ മാന്‍ ക്രിക്കറ്റ് ലൗവ്ഡ് ബാക്ക് എന്ന പുസ്തകത്തില്‍ രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്മണ്‍, യുവരാജ് സിംഗ് എന്നിവരും സച്ചിനെ ഓര്‍ക്കുന്നു.
സച്ചിനൊപ്പം 6920 ടെസ്റ്റ് റണ്‍സ് നേടി റെക്കോര്‍ഡിട്ട രാഹുല്‍ ദ്രാവിഡ് തനിക്ക് ഇഷ്ടപ്പെട്ട സച്ചിന്‍ ഷോട്ടിനെ കുറിച്ച് വാചാലനാകുന്നു. ലെഗ് സൈഡിലേക്കുള്ള അനായാസവും ലളിതവുമായ ഫ്‌ളിക്കാണ് ദ്രാവിഡിന് ഏറ്റവും ഇഷ്ടപ്പെട്ട സച്ചിന്‍ ഷോട്ട്.