Connect with us

International

യൂറോപ്പില്‍ മൂന്നിലൊരു സ്ത്രീയും പീഡനത്തിന് ഇരയാകുന്നു

Published

|

Last Updated

ബ്രസ്സല്‍സ്: യൂറോപ്പില്‍ മൂന്നിലൊരു ഭാഗം സ്ത്രീകളും പീഡനത്തിനിരയാകുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. അഞ്ച് ശതമാനം സ്ത്രീകള്‍ ബലാത്സംഗത്തിന് ഇരയാകുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
പതിനഞ്ച് വയസ്സിന് മുമ്പെ പത്തില്‍ ഒരു സ്ത്രീയും ലൈംഗിക പീഡനത്തിന് ഇരയാകുന്നുണ്ട്. മൗലികാവകാശ സംരക്ഷണത്തിനുള്ള യൂറോപ്യന്‍ യൂനിയന്‍ ഏജന്‍സിയാണ് സര്‍വേ നടത്തിയത്. സ്ത്രീകള്‍ക്കെതിരെ ശാരീരിക, ലൈംഗിക, മാനസിക പീഡനങ്ങള്‍ യൂറോപ്യന്‍ യൂനിയനിലെ എല്ലാ അംഗരാഷ്ട്രങ്ങളിലും നടക്കുന്നുണ്ടെന്നും ഇത് പൂര്‍ണ മനുഷ്യാവകാശ ധ്വംസനമാണെന്നും സര്‍വേക്ക് നേതൃത്വം നല്‍കിയ സംഘത്തിന്റെ തലവന്‍ മോര്‍ട്ടണ്‍ യേറം പറഞ്ഞു. ഇരുപതില്‍ ഒരു സ്ത്രീയും ബലാത്സംഗത്തിനും അഞ്ചിലൊരു സ്ത്രീയും ഭര്‍ത്താവില്‍ നിന്നോ മുന്‍ ഭര്‍ത്താവില്‍ നിന്നോ ശാരീരിക, മാനസിക പീഡനങ്ങള്‍ക്കും ഇരയാകുന്നുണ്ട്. പീഡനങ്ങള്‍ തടയാനുള്ള നടപടികള്‍ തുടരുന്നതായി യേറം പറഞ്ഞു.
26 രാഷ്ട്രങ്ങളിലെ 18നും 74നും ഇടയില്‍ പ്രായമുള്ള 42000 സ്ത്രീകളെ നേരില്‍ കണ്ട് സംസാരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ലോകാടിസ്ഥാനത്തില്‍ തന്നെ ഇത് ആധികാരികമാണെന്ന് ഏജന്‍സി അറിയിച്ചു. നിരവധി സ്ത്രീകളുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പീഡനങ്ങളുടെ സമഗ്ര ചിത്രമാണ് ഇതെന്ന് യേറം പറഞ്ഞു. ഗാര്‍ഹിക പീഡനം, പിന്തുടര്‍ന്ന് ശല്യം ചെയ്യല്‍, ലൈംഗിക പീഡനം, കുട്ടികളുടെ അനുഭവങ്ങള്‍, പുതിയ സാങ്കേതിക വിദ്യകള്‍ വഹിക്കുന്ന പങ്ക് തുടങ്ങിയവയാണ് റിപ്പോര്‍ട്ടിലുള്ളത്. ഭര്‍ത്താവില്‍ നിന്നുള്ള ഗുരുതരമായ പീഡനം പോലീസില്‍ പരാതിപ്പെട്ടവരുടെ എണ്ണം 14 ശതമാനമാണ്. ഭര്‍ത്താവല്ലാത്തവരില്‍ നിന്നുള്ള പീഡനങ്ങള്‍ പരാതിപ്പെട്ടവര്‍ 13 ശതമാനവും.
പീഡനങ്ങളുടെ അനന്തരഫലം ഇരകളില്‍ ദീര്‍ഘകാലം നിലനില്‍ക്കുന്നതാണ്. ഇരകളില്‍ അഞ്ചിലേറെ പേര്‍ പരിഭ്രാന്തരായി ആക്രമണം നടത്തുകയും മൂന്നിലേറെ പേര്‍ വിഷാദ രോഗത്തിന് അടിമകളാകുകയും 43 ശതമാനം പേര്‍ അത്തരം ബന്ധങ്ങളില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കുകയും ചെയ്യുന്നു.