Connect with us

Articles

അട്ടപ്പാടിയില്‍ പുഴകള്‍ മരിക്കുന്നു; കാട് കത്തുന്നു

Published

|

Last Updated

അട്ടപ്പാടി ഇപ്പോള്‍ ഒരു മരിച്ച വീട് പോലെയാണ്. വറ്റി വരണ്ട നീര്‍ച്ചാലുകള്‍, ഒഴുകാന്‍ ജലമില്ലാതെ ഗതിയറ്റു നില്‍ക്കുന്ന പ്രധാന പുഴകളായ ഭവാനിയും ശിരുവാണിയും. കുടിവെള്ളം കിട്ടാക്കനിയായ ആദിവാസി ഊരുകളും ഗ്രാമങ്ങളും വന്യമൃഗങ്ങളോ വരള്‍ച്ചയോ നശിപ്പിച്ച കൃഷിയിടങ്ങള്‍. കുനിന്മേല്‍ കുരുവെന്ന പോലെ ഭീകരമായ കാട്ടുതീയും. ഖാണ്ഡവദഹനത്തെ അനുസ്മരിക്കുന്ന ഭീതിദമായ ദൃശ്യങ്ങള്‍. അന്തരീക്ഷത്തില്‍ കാടിന്റെ ശവഗന്ധം. അഹാഡ്‌സ് വഴി നട്ടുപിടിപ്പിച്ച നൂറുക്കണക്കിന് ഹെക്ടര്‍ വളര്‍ത്തുകാടുകള്‍ കത്തിനശിച്ചു. സ്വാഭാവിക വനങ്ങളിലേക്കും തീ കയറി. വന്യമൃഗങ്ങള്‍ നാട്ടിലെത്തുന്നത് സാധാരണ കാഴ്ചയായി. ഇപ്പോഴും തീ അണഞ്ഞിട്ടില്ല. ജനങ്ങളുടെ വനപരിപാലന സമിതികള്‍ ഒരു കാലത്ത് ഈ കാടുകളെ കണ്ണിലെണ്ണയൊഴിച്ച് കാത്ത് രക്ഷിച്ചതാണ്. അവയെ പുനരുജ്ജീവിപ്പിച്ചിരുന്നെങ്കില്‍ ഈ വനനാശം ഒഴിവാക്കാമായിരുന്നു. അതിന് വേണ്ടി സര്‍ക്കാറിന് പണവും കണ്ടെത്തേണ്ടതില്ല. ലക്ഷക്കണക്കിന് രൂപ ഈ ജനകീയ സമിതികളുടെ അക്കൗണ്ടുകളില്‍ മിച്ചമൂല്യമായി കിടപ്പുണ്ട്.

അതിനിടയിലും വികസനത്തിന്റെ വണ്ടി കോടികളുമായി തലങ്ങും വിലങ്ങും പായുന്നു. ആദിവാസികള്‍ക്ക് കമ്മ്യൂണിറ്റി കിച്ചന്‍ എന്ന പേരില്‍ ഊരുകളില്‍ ഭക്ഷണം പാചകം ചെയ്ത് നല്‍കുന്ന പദ്ധതി പോലും അട്ടപ്പാടിയിലുണ്ട്. പണത്തിന്റെയോ പദ്ധതികളുടെയോ കുറവല്ല, അവയുടെ തെറ്റായ വിനിയോഗമാണ് അട്ടപ്പാടിയിലെ പ്രശ്‌നം. കേരളത്തിലെ പ്രത്യേകിച്ച് അട്ടപ്പാടിയിലെ ആദിവാസി വികസനം മൊത്തമായും ചില്ലറയായും ചില ഐ എ എസ് ഓഫീസര്‍മാര്‍ വിലക്കെടുത്തിരിക്കുകയാണ്. അവരുടെ ഉദ്ദേശ്യശുദ്ധിയെ ചോദ്യം ചെയ്യുന്നില്ല. പക്ഷേ, വികസനവീക്ഷണം വികലമാണ്.
അതിന്റെ പ്രകടമായ തെളിവാണ് കമ്മ്യൂണിറ്റി കിച്ചന്‍ എന്ന പേരില്‍ ആദിവാസികള്‍ക്ക് ഭക്ഷണം നല്‍കുന്ന പരിപാടി. പോഷകാഹാര പ്രശ്‌നത്തെത്തുടര്‍ന്ന് അട്ടപ്പാടിയിലുണ്ടായ ശിശു മരണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ അന്നദാന പരിപാടി ആരംഭിച്ചത്. വികസനം എപ്പോഴും ഒരു ജനതയെ സ്വാശ്രയത്വത്തിലേക്കും ആത്മാഭിമാനത്തിലേക്കും നയിക്കുന്നതാകണം. കമ്മ്യൂണിറ്റി കിച്ചന്‍ എന്ന സങ്കല്‍പ്പം തന്നെ അതിന്റെ എതിര്‍ദിശയിലേക്ക് മനുഷ്യനെ തള്ളിവിടുന്നു. മാത്രമല്ല, ഇത്രയും പ്രതിസന്ധികള്‍ ഉണ്ടായിട്ടു പോലും അട്ടപ്പാടിയില്‍ വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനവും സാധ്യമായിട്ടില്ല. രാമേശ്വരം ക്ഷൗരം പോലെയാണ് ഇപ്പോഴും വികസന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഏകോപനത്തിനായി സ്യഷ്ടിച്ച നോഡല്‍ ഓഫീസര്‍മാര്‍ക്കു പോലും ഏകോപനമില്ല. ഒരു കാലത്ത് നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കിയ ഊരുവികസന സമിതികള്‍ക്ക് ആദിവാസിവികസന കാര്യത്തില്‍ ഒരു ഊഴവുമില്ല.
അട്ടപ്പാടിയില്‍ ഭൂമിയാണ് വികസനത്തിനുള്ള മൂലധനം. ഏകദേശം 75,000 ഏക്കര്‍ സ്വകാര്യ ഭൂമി അട്ടപ്പാടിയിലുണ്ട്. അതില്‍ 20.000 ഓളം ഏക്കര്‍ ഭൂമി ഇപ്പോഴും ആദിവാസികളുടെ കൈവശത്തിലുണ്ട്. 2012 ലെ ഐ ടി ഡി പി സര്‍വേയനുസരിച്ച് 69,723 ആണ് അട്ടപ്പാടിയിലെ ജനസംഖ്യ. അതായത് അട്ടപ്പാടിയില്‍ പ്രതിശീര്‍ഷ ഭൂ വിസ്തൃതി ഒരേക്കറില്‍ കൂടുതലുണ്ട്. വളരെ വിചിത്രമായ വസ്തുത കഴിഞ്ഞ 30 വര്‍ഷമായി വന്തവാസി ജനസംഖ്യ വര്‍ധിച്ചിട്ടില്ല എന്നതാണ്. സെന്‍സസ് അനുസരിച്ച് 1981 ലെ വന്തവാസി ജനസംഖ്യ 41,587 ആണ്. എന്നാല്‍ 2012ല്‍ 39,263 ആണ്. അതായത് 2000 ആളുകള്‍ കുറഞ്ഞിരിക്കുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനുള്ളില്‍ ധാരാളം വന്തവാസികളാണ് അട്ടപ്പാടി ഉപേക്ഷിച്ചു പോയത്. കാലാവസ്ഥയിലെ താളഭംഗം, ജലക്ഷാമം, വന്യ മൃഗശല്യം എന്നിവ മൂലമുള്ള കൃഷിനാശം, കാര്‍ഷികോത്പന്നങ്ങളുടെ വിലയിടിവ്, സംവേദനക്ഷമമല്ലാത്ത സര്‍ക്കാര്‍ സംവിധാനങ്ങള്‍, വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തത, മറ്റു പശ്ചാത്തലസൗകര്യങ്ങളുടെ പരിമിധികള്‍ എന്നീ ക്ലേശങ്ങളാണ് ഈ പലായനങ്ങള്‍ക്ക് കാരണം. മറ്റു കുടിയേറ്റ മേഖലകള്‍ പോലെയല്ല, അട്ടപ്പാടിയിലെ കുടിയേറ്റക്കാരില്‍ മഹാഭൂരിപക്ഷവും ദരിദ്രരാണ്. പക്ഷേ, അവര്‍ ഈ ദരിദ്രാവസ്ഥയുടെ പേരില്‍ പഴിക്കുന്നത് ആദിവാസികളെയാണ്. വികസന പ്രവര്‍ത്തനങ്ങളെല്ലാം ആദിവാസികള്‍ക്കു വേണ്ടി മാത്രം ആവിഷ്‌കരിക്കപ്പെടുന്നു എന്നാണ് അവരുടെ പരാതി. എന്നാല്‍ അതല്ല യഥാര്‍ഥ കാരണം. കുടിയേറ്റക്കാരിലെ ദരിദ്രരെ ശരിയായ രീതിയില്‍ അഭിസംബോധന ചെയ്യുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കാത്തതാണ്.
അതേസമയം സെന്‍സസ് റിപ്പോര്‍ട്ടനുസരിച്ച് ആദിവാസി ജനസംഖ്യയില്‍ കാലോചിതമായ വര്‍ധന കാണാവുന്നതാണ്.1981ല്‍ അവരുടെ ജനസംഖ്യ 20,659 ആയിരുന്നു. എന്നാല്‍ 2012 ല്‍ അത് 30,460 ആയി വര്‍ധിച്ചു. അതായത് 30 വര്‍ഷത്തിനുള്ളില്‍ ഏകദേശം 10.000 പേര്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടു. ഇത്തരം കാര്യങ്ങള്‍ വസ്തുതാപരമായി ആരും വിശകലനം ചെയ്യാറില്ല. ആദിവാസികളുടെ ഇല്ലായ്മകളും ദുരിതവും മാത്രമാണ് എപ്പോഴും ഇഷ്ടപ്രമേയം. അവര്‍ തീര്‍ച്ചയായും പ്രത്യേക പരിഗണന അര്‍ഹിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ ഫണ്ടിന്റെ ലഭ്യതയും കൂടുതലുണ്ട്. എന്നാല്‍ ഈ ഫണ്ടിന് എന്ത് സംഭവിക്കുന്നു? പദ്ധതി ആസൂത്രണം ആദിവാസി സംസ്‌കാരത്തിന്റെ സവിശേതകള്‍ ഉള്‍ക്കൊള്ളുന്നില്ല. അഴിമതിയും കെടുകാര്യസ്ഥതയും കൊണ്ട് വികസന പ്രവര്‍ത്തനങ്ങള്‍ അധികവും പാഴായിപ്പോകുന്നു. പല പ്രവൃത്തികളും കരാറുകാരും ഉദ്യോഗസ്ഥന്മാരും തമ്മിലുള്ള വീതംവെപ്പാകുന്നു. ഗ്രാമസഭകള്‍ കെട്ടുകാഴ്ചകളാകുന്നു. ജനപങ്കാളിത്തവും സുതാര്യതയും കടലാസ്സിലൊതുങ്ങുന്നു. വാസ്തവത്തില്‍ അട്ടപ്പാടിയില്‍ സുഖമനുഭവിക്കുന്നത് അഴിമതിക്കാരായ ഉദ്യോഗസ്ഥരാണ്. അവര്‍ക്ക് ഇതൊരു സ്വര്‍ഗരാജ്യമാണ്. ജനങ്ങളുടെ അജ്ഞതയും കൃത്യമായ മൂല്യനിര്‍ണയത്തിന്റെ അഭാവവും കൊണ്ട് തന്നിഷ്ടങ്ങള്‍ അനായാസം നടപ്പിലാക്കാന്‍ സാധിക്കുന്നു. നല്ല ഉദ്യോഗസ്ഥന്മാര്‍ ദീര്‍ഘ കാലം ഇവിടെ വാഴുകയുമില്ല. വന്തവാസികള്‍ക്ക് തിരിച്ചുപോകാന്‍ എവിടെയെങ്കിലും ഒരിടമുണ്ട്. ആദിവാസികള്‍ എവിടേക്ക് പോകും? ചുരുക്കത്തില്‍ ഈ നില തുടര്‍ന്നാല്‍ അട്ടപ്പാടി കേരളത്തിന് ഉണക്കാനാകാത്ത മുറിവായി മാറും. ആദിവാസിപ്രേമത്തിന്റെ പേരിലോ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ പേരിലോ ഇപ്പോള്‍ തന്നെ ആദിവാസി- വന്തവാസി വൈരുധ്യം പലരും മൂര്‍ച്ഛിപ്പിക്കുന്നുണ്ട്. അത് തീക്കൊള്ളി കൊണ്ട് തല ചൊറിയലാണ്.
പ്രശ്‌നങ്ങള്‍ ഇത്രയും ഗുരുതരമായിട്ടും ഭൂവികസന കാര്യത്തില്‍ ഒട്ടും ഊന്നല്‍ ഉണ്ടായിട്ടില്ല. ആദിവാസികളുടെ പേരില്‍ പണം വരുന്നതിലാണ് പലര്‍ക്കും സന്തോഷം. അത് ധാരാളമായി വരികയും ചെയ്തു. എന്നാല്‍ നൂറുകണക്കിന് തരം കാര്‍ഷികവിളകള്‍ ഉത്പാദിപ്പിക്കാന്‍ പറ്റുന്ന ഫലഭൂയിഷ്ഠവും അത്ഭുതകരവുമായ ഈ മണ്ണ് ഉപയോഗപ്പെടുത്താന്‍ ഇനിയും ചിന്തിച്ചിട്ടില്ല. കേരളത്തിന് മുഴുവന്‍ പഴവും പച്ചക്കറിയും പ്രദാനം ചെയ്യാന്‍ പറ്റുന്ന ജൈവകൃഷി ബ്ലോക്കാക്കാന്‍ പറ്റുന്ന ഏക പ്രദേശമാണ് അട്ടപ്പാടി. അതുപോലെ ശാസ്തീയമായ ജലവികസനത്തിനോ ജലവിനിയോഗത്തിനോ വേണ്ട പദ്ധതികളില്ല. വന്യമൃഗശല്യങ്ങളില്‍ നിന്ന് കൃഷിയെ രക്ഷിക്കാനും ആസൂത്രിത പരിപാടികളില്ല. ഓരോ വര്‍ഷവും നൂറുക്കണക്കിന് ഏക്കര്‍ കൃഷിഭൂമിയാണ് വന്യമൃഗങ്ങളാല്‍ മാത്രം നശിപ്പിക്കപ്പെടുന്നത്. വരള്‍ച്ചയുടെ ആഘാതം കൂടിയായതോടെ കര്‍ഷകര്‍ക്ക് നില്‍ക്കക്കള്ളിയില്ലാതെയായി. സാധാരണയായി പാലക്കാടിന്റെ കൊടും ചൂട് അട്ടപ്പാടിയെ ബാധിക്കാറില്ല. പക്ഷേ, കേരളം നേരിടുന്ന വന്‍ വരള്‍ച്ചയുടെ ഭീഷണിയില്‍ നിന്ന് അട്ടപ്പാടി ഇപ്പോള്‍ മുക്തമല്ല. ആയിരം മില്ലിമീറ്ററില്‍ താഴെ വര്‍ഷപാതം ലഭിക്കുന്ന കിഴക്കന്‍ അട്ടപ്പാടിയും 3000 മില്ലിമീറ്റര്‍, അതായത് കേരളത്തിന്റെ ശരാശരി വര്‍ഷപാതം കിട്ടുന്ന പടിഞ്ഞാറന്‍ അട്ടപ്പാടിയും ചേര്‍ന്നതാണ് അട്ടപ്പാടി ബ്ലോക്ക്. 24 സൂക്ഷ്മ കാലാവസ്ഥാ മേഖലകളും അട്ടപ്പാടിയിലുണ്ട്.
ഈ വരള്‍ച്ച വളരെ നേരത്തെ പ്രവചിക്കപ്പെട്ടതാണ്. ഭാവനാപൂര്‍ണമായി ഇടപെട്ടിരുന്നുവെങ്കില്‍ ഒരു പരിധിവരെ അതിനെ പ്രതിരോധിക്കാന്‍ പറ്റുമായിരുന്നു. വരള്‍ച്ചയെപ്പറ്റി വിലപിക്കാന്‍ ആര്‍ക്കും സാധിക്കും. ടാങ്കര്‍ ലോറിയില്‍ കുടിവെള്ളമെത്തിച്ച് ജനപ്രതിനിധികള്‍ക്ക് തങ്ങളുടെ സേവനങ്ങള്‍ക്ക് വലിയ തലക്കെട്ട് നല്‍കാനും സാധിക്കും. എന്നാല്‍ അല്‍പ്പം വിവേകത്തോടെ ഇടപെട്ടാല്‍ ഈ ദുരന്തത്തെ കാലേക്കൂട്ടി തന്നെ നിയന്ത്രിക്കാനും ലക്ഷങ്ങളുടെ പാഴ്‌ച്ചെലവ് ഒഴിവാക്കാനും പറ്റുമായിരുന്നു.
ജലസംരക്ഷണത്തിനു വേണ്ടി ലക്ഷക്കണക്കിന് മഴക്കുഴികളും ആയിരക്കണക്കിന് ചെക്ക്ഡാമുകളും അഹാഡ്‌സ് നിര്‍മിച്ചിട്ടുണ്ട്. കൊടങ്ങരപ്പള്ളം എന്ന ചെറുപുഴ വീണ്ടും ഒഴുകാന്‍ തുടങ്ങിയത് അപ്രകാരമാണ്. ഇപ്പോള്‍ കുടങ്ങരപ്പള്ളം വറ്റിവരണ്ടു. അഹാഡ്‌സ് ഇത്തരം ജല സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും മുമ്പ് മഴക്കാലത്ത് മാത്രമാണ് ആ പുഴ ഒഴുകിയിരുന്നത്. മരങ്ങളില്ലാത്ത മൊട്ടക്കുന്നുകള്‍ ഒരു തുള്ളിവെള്ളം പോലും പിടിച്ചുനിര്‍ത്തിയിരുന്നില്ല. അട്ടപ്പാടിയിലെ മഴകള്‍ മലഞ്ചെരിവുകളിലൂടെ മണ്ണിളക്കിയൊഴുകി അതിവേഗം പുഴകളിലെത്തുമായിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ അട്ടപ്പാടിയിലെ വെള്ളവും മണ്ണും കാവേരിയിലും പിന്നെ ബംഗാള്‍ ഉള്‍ക്കടലിലും ചെല്ലുമായിരുന്നു. എന്നാല്‍ അഹാഡ്‌സിന്റെ ജലസംരക്ഷണ- വനവല്‍ക്കരണപരിപാടികള്‍ കുടങ്ങരപ്പള്ളം എന്ന പുഴയെ പതുക്കെ വീണ്ടെടുക്കാന്‍ തുടങ്ങി. വേനല്‍മാസങ്ങളിലും അത് ഒഴുകാന്‍ തുടങ്ങി. പക്ഷേ, അഹാഡ്‌സിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ജലസംരക്ഷണപ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയില്ലാതെയായിതീര്‍ന്നു. മഴക്കുഴികളിലും ചെക്ക്ഡാമുകളിലും മണ്ണ് വന്ന് നിറഞ്ഞു. ഓരോ മഴയിലും കുത്തിയൊലിച്ചു പോകുമായിരുന്ന ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് മഴക്കുഴികളും ചെക്ക്ഡാമുകളും ഭൂഗര്‍ഭത്തിലേക്ക് കൂട്ടിച്ചേര്‍ത്തിരുന്നത്. ഇപ്പോള്‍ അവക്ക് ജലാഗിരണശേഷി നഷ്ടപ്പെട്ടു. അഹാഡ്‌സിന്റെ പ്രവര്‍ത്തന കാലത്ത് കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഭൂഗര്‍ഭ ജലശേഷി കുറഞ്ഞുക്കൊണ്ടിരുന്നപ്പോള്‍ അട്ടപ്പാടിയില്‍ അത് പുഷ്ടിപ്പെടുകയായിരുന്നുവെന്ന് അക്കാലത്തെ പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു. കൂടാതെ ഇപ്പോള്‍ വളര്‍ത്തുകാടുകളിലെ മരങ്ങള്‍ വിറകാകാനും തുടങ്ങി. 12,000 ഹെക്ടറോളം മൊട്ടക്കുന്നുകളില്‍ അഹാഡ്‌സിന്റെ സഹായത്തോടെ ലക്ഷക്കണക്കിന് മരങ്ങങ്ങളാണ് ജനകീയ സമിതികള്‍ നട്ടുപിടിപ്പിച്ച് വളര്‍ത്തിയത്. മാത്രമല്ല, അഹാഡ്‌സിന്റെ സംരക്ഷണം വഴി ലക്ഷക്കണക്കിന് ചന്ദന മരങ്ങളും വളര്‍ന്നുവന്നു. മതിയായ ശ്രദ്ധ നല്‍കിയാല്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ മറയൂരിനേക്കാള്‍ വലിയ ചന്ദന റിസര്‍വായി അട്ടപ്പാടിയിലെ ചില പ്രദേശങ്ങള്‍ മാറും. ഈ സ്വപ്‌നങ്ങള്‍ക്കാണ് കാട്ടുതീ ഗുരുതര ഭീഷണി ഉയര്‍ത്തുന്നത്. രാഷ്ട്രീയതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ അഹാഡ്‌സ് പലപ്പോഴും പരാജയപ്പെട്ടിട്ടുണ്ട്. എന്നാല്‍ പ്രകൃതിയുടെയും ആദിവാസികളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഒരു പരിധിവരെ വിജയിച്ചിരുന്നു. ഇപ്പോള്‍ പരിസ്ഥിതിനാശത്തിന്റെ മഹാ ദുരന്തത്തിലേക്കാണ് അട്ടപ്പാടി വീണ്ടും സഞ്ചരിക്കുന്നത്.