Connect with us

Ongoing News

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ബയേണ്‍-മാഞ്ചസ്റ്റര്‍ പോരാട്ടം

Published

|

Last Updated

നിയോണ്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ ആവേശപ്പോരാട്ടങ്ങള്‍ കാണാന്‍ തയ്യാറായിക്കോളൂ. നിലവിലെ ചാമ്പ്യന്‍മാരായ ബയേണ്‍ മ്യൂണിക്കിന് എതിരാളി മാഞ്ചസ്റ്റര്‍ യുനൈറ്റഡാണ്. ബാഴ്‌സലോണ-അത്‌ലറ്റികോ മാഡ്രിഡ് സ്പാനിഷ് ബ്ലോക്ബസ്റ്ററാണ് ഒന്ന്. റയല്‍മാഡ്രിഡും ബൊറൂസിയ ഡോട്മുണ്ടും നേര്‍ക്കുനേര്‍ വരുമ്പോള്‍ പോയ വര്‍ഷത്തെ സെമിഫൈനല്‍ ആവര്‍ത്തിക്കും. ചെല്‍സിക്ക് എതിരാളി ഫ്രഞ്ച് കരുത്തരായ പി എസ് ജി, പോരേ പൂരം ! ക്വാര്‍ട്ടറിന്റെ ആദ്യ പാദം ഏപ്രില്‍ ഒന്ന്, രണ്ട് തീയതികളില്‍. രണ്ടാം പാദം ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളില്‍.
1999 ചാമ്പ്യന്‍സ് ലീഗ് ക്ലാസിക് ഫൈനലാണ് ബയേണ്‍-മാഞ്ചസ്റ്റര്‍ ക്ലബ്ബുകളുടെ നേരങ്കം ഓര്‍മപ്പെടുത്തുന്നത്. ഒരു ഗോള്‍ ജയത്തോടെ കപ്പുയര്‍ത്താമെന്ന പ്രതീക്ഷയില്‍ നിന്ന ബയേണ്‍മ്യൂണിക്കിനെ അലക്‌സ് ഫെര്‍ഗൂസന്റെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അട്ടിമറിച്ചത് അവസാന മൂന്ന് മിനുട്ടിനിടെ നേടിയ രണ്ട് ഗോളുകളില്‍. പകരക്കാരനായെത്തിയ സോള്‍സ്‌കജെര്‍ ആയിരുന്നു യുനൈറ്റഡിന്റെ അത്ഭുതക്കുട്ടി.
വീണ്ടും അവര്‍ കണ്ടുമുട്ടാനൊരുങ്ങുമ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കരുത്തേകാന്‍ അലക്‌സ്‌ഫെര്‍ഗൂസന്‍ ഇല്ല. യുനൈറ്റഡിന്റെ സുവര്‍ണനിരയിലെ റിയാന്‍ ഗിഗ്‌സ് മാത്രമുണ്ട് ടീമില്‍.
ഇത്തവണ പ്രീക്വാര്‍ട്ടറില്‍ ഒളിമ്പ്യാകോസിനെതിരെ വാന്‍ പഴ്‌സി നേടിയ മൂന്ന് ഗോളുകള്‍ക്ക് പിറകിലും ഗിഗ്‌സിന്റെ പങ്കുണ്ടായിരുന്നു. ഡേവിഡ് മോയസ് എന്ന പരിശീലകന് കീഴില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് പുന:നിര്‍മാണപ്രക്രിയയിലാണ്. പെപ് ഗോര്‍ഡിയോളയുടെ ബയേണ്‍ മ്യൂണിക്കിനോട് മുട്ടിനില്‍ക്കാനുള്ള ബലം ഇംഗ്ലീഷ് ക്ലബ്ബിനില്ല. റോബന്‍-റിബറി-ഷൈ്വന്‍സ്റ്റിഗര്‍-മുള്ളര്‍-ലാം-എന്നീ താരനിര ബയേണിന്റെ കിരീടം നിലനിര്‍ത്താന്‍ പോന്നതാണ്. സെമിയിലേക്ക് ബയേണിന്റെ അനായാസ കുതിപ്പ് സ്വാഭാവികമായും പ്രതീക്ഷിക്കാം.
ബാഴ്‌സലോണ-അത്‌ലറ്റികോ മാഡ്രിഡ് പോരാട്ടമാണ് ശ്രദ്ധേയം. സ്‌പെയിനില്‍ കിരീടപ്പോരില്‍ ഒപ്പത്തിനൊപ്പം നില്‍ക്കുന്ന ക്ലബ്ബുകളുടെ യൂറോപ്പ് യുദ്ധം ക്ലാസിക് ആകുമെന്നതില്‍ തര്‍ക്കമില്ല. ഒരു പ്രചനം അസാധ്യമാക്കുന്ന പോരാട്ടം.
റയല്‍മാഡ്രിഡിന് പകരം ചോദിക്കാനുള്ള അവസരമാണിത്. കഴിഞ്ഞ തവണ സെമിയില്‍ ബൊറൂസിയയുടെ റോബര്‍ട് ലെവന്‍ഡോസ്‌കിയുടെ നാല് ഗോളുകള്‍ക്ക് മുന്നില്‍ തകര്‍ന്നു പോയവരാണ് റയല്‍. ഇരുപാദത്തിലുമായി 4-3നായിരുന്നു ജയം. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാസ്മരിക ഫോം ഇത്തവണ റയലിനെ ഫേവറിറ്റാക്കുന്നു.ചെല്‍സി-പിഎസ്ജി തുല്യശക്തികളുടെ പോരാട്ടമാകും. ജോസ് മൗറിഞ്ഞോ എന്ന തന്ത്രശാലിയായി പരിശീലകന്റെ ക്ലാസ് അളക്കുന്ന വേദിയാകുമിത്. ലോറന്റ് ബ്ലാങ്ക് എന്ന മുന്‍ ഫ്രഞ്ച് ലോകകപ്പ് താരമാണ് പി എസ് ജിയുടെ കോച്ച്. സ്വീഡിഷ് സ്‌ട്രൈക്കര്‍ സ്ലാറ്റന്‍ ഇബ്രാഹിമോവിചാണ് പി എസ് ജിയുടെ ശക്തി. ചെല്‍സിയുടെ വിധി നിര്‍ണയിക്കുക ഇബ്രാഹിമോവിചിന്റെ ഫോം ആകും.

---- facebook comment plugin here -----

Latest