Connect with us

Ongoing News

ചെല്‍സി ആഴ്‌സണലിനെ ഗോളില്‍ മുക്കി (6-0)

Published

|

Last Updated

ലണ്ടന്‍: ആഴ്‌സണലിനൊപ്പമുള്ള ആയിരാമത് മത്സരം കോച്ച് ആര്‍സെന്‍ വെംഗര്‍ ജീവിതത്തിലൊരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടില്ല. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ ചെല്‍സി മറുപടിയില്ലാത്ത ആറ് ഗോളുകള്‍ക്കാണ് ആഴ്‌സണലിനെ തകര്‍ത്തുവിട്ടത്. റഫറി അനാവശ്യമായി റെഡ് കാര്‍ഡ് കാണിച്ചതും അതു തന്നെ ആള് മാറിപ്പോയതും മത്സരത്തിലെ നാടകീയതയായി.
പത്ത് പേരുമായിട്ടാണ് കളിച്ചതെങ്കിലും ആറ് ഗോളുകള്‍ വഴങ്ങിയത് ആഴ്‌സണലിന് ന്യായീകരണമില്ലാത്ത തോല്‍വിയായി. കളിക്കാരുടെ അശ്രദ്ധയായിരുന്നു ആഴ്‌സണലിന് തിരിച്ചടിയായത്. സാമുവല്‍ എറ്റു (5), ആന്ദ്രെ ഷുറെല്‍ (7), ഹസാദ് (17), ഓസ്‌കര്‍ (42,66), സാല (71) ചെല്‍സിക്കായി ലക്ഷ്യം കണ്ടു. 31 മത്സരങ്ങളില്‍ 69 പോയിന്റോടെ ചെല്‍സി ഒന്നാം സ്ഥാനത്ത്. 30 മത്സരങ്ങളില്‍ 60 പോയിന്റോടെ ആഴ്‌സണല്‍ നാലാം സ്ഥാനത്തേക്ക് വീണു. 28 മത്സരങ്ങളില്‍ 63 പോയിന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം സ്ഥാനത്ത് ചെല്‍സിക്ക് ഭീഷണിയായി കുതിക്കുന്നു. ചെല്‍സിക്കൊപ്പം കോച്ച് ജോസ് മൗറിഞ്ഞോയുടെ ഏറ്റവും വലിയ വിജയം കൂടിയാണിത്. അതു പോലെ ആഴ്‌സണലിനെതിരെ ചെല്‍സി നേടുന്ന ഉയര്‍ന്ന മാര്‍ജിനിലുള്ള വിജയവും ഇതായി.ആദ്യ ഏഴ് മിനുട്ടില്‍ തന്നെ ചെല്‍സി 2-0ന് മുന്നിലെത്തിയിരുന്നു. പതിനാലാം മിനുട്ടിലാണ് ലെഫ്റ്റ് ബാക്ക് കീരന്‍ ഗിബ്‌സ് ചുവപ്പ് കാര്‍ഡ് കാണുന്നത്. ഹസാദിന്റെ ഷോട്ട് ഗോള്‍ ലൈനില്‍ നിന്ന ഓക്‌സലാഡെ ചാംബര്‍ലെയിനിന്റെ കൈയ്യില്‍ തട്ടിയതായിരുന്നു ചുവപ്പ് കാര്‍ഡിനും പെനാല്‍റ്റിക്കും നിദാനമായത്. ഹസാദിന്റെ ഷോട്ട് പക്ഷേ, പുറത്തേക്കായിരുന്നു. ഗോള്‍ലൈനില്‍ നിന്ന് മുന്നോട്ട് ചാടി ഹെഡറിന് ശ്രമിച്ച ചാംബര്‍ലെയിനിന്റെ കൈയില്‍ അബദ്ധവശാല്‍ തട്ടുകയായിരുന്നുവെന്ന് ടി വി റീപ്ലേയില്‍ വ്യക്തമായിരുന്നു. ചെല്‍സി താരങ്ങള്‍ അപ്പീല്‍ ചെയ്തതോടെ റഫറി ആന്ദ്രെ മറിനര്‍ ലൈന്‍സ്മാനുമായി റഫര്‍ ചെയ്തു. റെഡ് കാര്‍ഡ് കാണിക്കാന്‍ തീരുമാനിച്ചു. റഫറി ആന്ദ്രെ മറിനര്‍ റെഡ് കാണിച്ചതാകട്ടെ ലെഫ്റ്റ് ബാക്ക് കീരന്‍ ഗിബ്‌സിന്. റഫറിയുടെ അബദ്ധം കണ്ട് ചെല്‍സി താരങ്ങള്‍ പോലും അമ്പരന്നു. ഗിബ്‌സും സഹതാരങ്ങളും തീരുമാനത്തെ ചോദ്യം ചെയ്‌തെങ്കിലും റഫറി തന്റെ നിലപാടില്‍ ഉറച്ചു നിന്നു. പ്രീമിയര്‍ ലീഗിലെ കറുത്ത അധ്യായമായി ഗിബ്‌സിന്റെ റെഡ് കാര്‍ഡ് മാറുകയും ചെയ്തു.
ആക്രമിച്ചു കളിച്ച ചെല്‍സിക്കെതിരെ അശ്രദ്ധമായി കളിച്ച് ആഴ്‌സണല്‍ സ്വയം കുഴി തോണ്ടുകയായിരുന്നു. ഗ്രൗണ്ടില്‍ തെന്നിയ ചാംബര്‍ലെയിന്‍ സാമുവല്‍ എറ്റുവിന് അനായാസ ഗോളൊരുക്കി. രണ്ട് മിനുട്ടിനുള്ളില്‍ വീണ്ടും അബദ്ധം. മൈക്കല്‍ അര്‍ടെറ്റയുടെ പിഴവില്‍ പന്ത് കൈക്കലാക്കിയ മാറ്റിച് വലത് ബോക്‌സില്‍ കുതിച്ചെത്തിയ ആന്ദ്രെ ഷുറെലിന് കൈമാറി. ഡിഫന്‍ഡര്‍ ലോറന്റ് കോസിന്‍ലിയുടെ കാലുകള്‍ക്കിടയിലൂടെ പന്ത് വലയില്‍ കയറി (2-0). സന്ദര്‍ശക ടീം ആകെ തകര്‍ന്നു നില്‍ക്കുമ്പോഴാണ് ടോറസും ഹസാദും ആഴ്‌സണല്‍ ഗോള്‍മുഖത്തേക്ക് പരസ്പരധാരണയോടെ നീങ്ങുന്നത്. ഇതാണ് വിവാദ റെഡ് കാര്‍ഡിലും പെനാല്‍റ്റിയിലും കലാശിച്ചത്. സ്‌പോട് കിക്കെടുത്ത ഹസാദിന് പിഴച്ചില്ല (3-0). നാല്‍പ്പത്തിരണ്ടാം മിനുട്ടില്‍ ഓസ്‌കറിന്റെ ഗോളില്‍ 4-0ന് ചെല്‍സി ആദ്യ പകുതി ജയിച്ചു. ഓസ്‌കറിന്റെ രണ്ടാം ഗോളോടെ പതനം 5-0നായി. പകരക്കാരന്‍ മുഹമ്മദ് സാല എഴുപത്തൊന്നാം മിനുട്ടില്‍ ആറാം ഗോള്‍ നേടി. മാറ്റിചായിരുന്നു അവസരമൊരുക്കിയത്.
യായ ടുറെ രണ്ട് പെനാല്‍റ്റിയുള്‍പ്പടെ ഹാട്രിക്ക് നേടിയത് സിറ്റിക്ക് മികച്ച ജയമൊരുക്കി. ഫെര്‍നാണ്ടീഞ്ഞോ, ഡെമിഷെലിസ് എന്നിവരും ഫുള്‍ഹാമിനെതിരെ സ്‌കോര്‍ ചെയ്തു. കാര്‍ഡിഫിനെതിരെ ലിവര്‍പൂള്‍ പിറകില്‍ നിന്ന് തിരിച്ചടിച്ചത് സ്‌കര്‍ട്ടലിന്റെ ഡബിളിലും സുവാരസിന്റെ ഹാട്രിക്കിലും. സ്റ്ററിഡ്ജ് ഒരു ഗോള്‍ നേടി.

Latest