Connect with us

International

ഈജിപ്തില്‍ 529 ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ

Published

|

Last Updated

കൈറോ: ഭീകര സംഘടനയായി പ്രഖ്യാപിക്കപ്പെട്ട മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തകരായ 529 പേര്‍ക്ക് ഈജിപ്ത് കോടതി വധശിക്ഷ വിധിച്ചു. കൊലപാതക കുറ്റമടക്കം ഗുരുതരമായ കേസില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് തെക്കന്‍ കൈറോയിലെ മിന്‍യയിലുള്ള പ്രത്യേക കോടതിയാണ് കൂട്ട വധശിക്ഷ വിധിച്ചത്. ഈജിപ്തിന്റെ സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്രയും പേര്‍ക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത്.
പോലീസുകാരനെ ക്രൂരമായി കൊല്ലപ്പെടുത്തിയെന്ന കേസിന് പുറമെ സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുക, പൊതുമുതലും സ്വകാര്യ മുതലും നശിപ്പിക്കുക, പോലീസുകാര്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ക്കുമെതിരെ ആക്രമണം നടത്തുക തുടങ്ങിയ കുറ്റങ്ങളും ഇവര്‍ക്കു മേല്‍ ചുമത്തിയിരുന്നു. കോടതി വിധിയുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം ഈജിപ്ത് മതകാര്യ വകുപ്പിന്റെ അടുത്താണ്. വിധിയെ അനുകൂലിക്കാനും തള്ളാനും ഗ്രാന്‍ഡ് മുഫ്തിക്ക് അധികാരമുണ്ട്.
ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സി പുറത്താക്കപ്പെട്ടതിനെ തുടര്‍ന്ന് ബ്രദര്‍ഹുഡിന്റെ നേതൃത്വത്തില്‍ നടന്ന അക്രമാസക്തമായ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ ആക്രമണമാണ് കേസിനാസ്പദമായത്. കഴിഞ്ഞ ആഗസ്റ്റിലായിരുന്നു സംഭവം. പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ ആക്രമണമായതിനാല്‍ ആയിരത്തോളം പേര്‍ക്കെതിരെയാണ് കേസ് വന്നത്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന വിചാരണയുടെ ആദ്യത്തെ ഘട്ടമാണിതെന്നും ബാക്കി 700 പേരുടെ വിചാരണ ഇന്നുണ്ടാകുമെന്നും കോടതി വക്താക്കള്‍ അറിയിച്ചു. വിധി കേള്‍ക്കാനായി പ്രതികളില്‍ 147 പേര്‍ മാത്രമാണ് കോടതിയില്‍ ഹാജരായത്. 16 പേരെ കോടതി വിട്ടയച്ചിട്ടുണ്ട്.
എന്നാല്‍, കോടതി വിധിക്കെതിരെ രൂക്ഷമായ പ്രതികരണമാണ് പ്രതിഭാഗം അഭിഭാഷകന്‍മാര്‍ ഉന്നയിച്ചത്. എല്ലാ നിയമ ചട്ടങ്ങളില്‍ നിന്നും തെന്നിമാറിയാണ് ജഡ്ജി വിധി പ്രഖ്യാപിച്ചതെന്നും അംഗീകരിക്കാനാകാത്ത വിധിയാണിതെന്നും അഭിഭാഷകന്‍മാരിലൊരാള്‍ വ്യക്തമാക്കി. വിധിക്കെതിരെ മേല്‍ കോടതിയില്‍ അപ്പീലിന് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 529 പേര്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിക്കുന്നത് കേസ് തള്ളിപ്പോകുന്നതിലേക്ക് നയിക്കുമെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍. ഇത്തരത്തില്‍ ശിക്ഷ വിധിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.
കോടതിയില്‍ പ്രതിഭാഗം അഭിഭാഷകര്‍ക്കെതിരെ പക്ഷാപാതപരമായ സമീപനമാണ് ജഡ്ജി സ്വീകരിച്ചതെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. തങ്ങള്‍ക്ക് കൂടുതല്‍ സമയം നല്‍കിയില്ലെന്നും പ്രതിഭാഗം അഭിഭാഷകര്‍ ആരോപിച്ചു. ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത വിധിയാണിതെന്നും ബ്രദര്‍ഹുഡ് മേധാവി മുഹമ്മദ് ബദീഅ് ഉള്‍പ്പെടെയുള്ളവരെ കോടതിയില്‍ ഹാജരാക്കിയിട്ടില്ലെന്നും ലണ്ടനിലുള്ള ബ്രദര്‍ഹുഡ് വക്താവ് അബ്ദുല്ല അല്‍ ഹദ്ദാദ് വ്യക്തമാക്കി. ഈജിപ്ത് സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുന്നതിനുള്ള തെളിവാണ് ഈ വിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest