Connect with us

Articles

ബൈത്തുല്‍ ഇസ്സഃ ഇരുപതിന്റെ തികവില്‍

Published

|

Last Updated

സാമൂഹിക നവോത്ഥാനത്തിന്റെ ദൗത്യവുമായി മുന്നേറുന്ന ബൈത്തുല്‍ ഇസ്സഃ വലിയൊരു ജനസഞ്ചയത്തിന്റെ ആത്മസാക്ഷാത്കാരമായി വളര്‍ന്നുകൊണ്ടിരിക്കയാണ്. കോഴിക്കോട് ജില്ലയിലെ നരിക്കുനിയില്‍ 1993ല്‍ ലളിതമായി തുടങ്ങിയ സ്ഥാപനം ഇന്ന് വിവിധ സംരംഭങ്ങളുടെ സമുച്ചയമായി മാറിയിരിക്കുന്നു. മര്‍ഹൂം പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരുടെ ശ്രമഫലമായി ആരംഭിച്ച ബൈത്തുല്‍ ഇസ്സഃ പ്രഗത്ഭരായ സയ്യിദുമാര്‍, പണ്ഡിതന്മാര്‍, ഉമറാക്കള്‍ തുടങ്ങിയവരുടെ സാരഥ്യത്തില്‍ പ്രയാണം തുടരുകയാണ്. പി പി ഉസ്താദിന്റെ വിയോഗം ബൈത്തുല്‍ ഇസ്സഃയെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഒരു നഷ്ടം തന്നെയായിരുന്നു. എങ്കിലും നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യവും സഹകരണവും സ്ഥാപനത്തിന് പ്രചോദനം നല്‍കുന്നു.
കാലത്തിനൊപ്പം സഞ്ചരിക്കാന്‍ പ്രാപ്തമായ ഒരു തലമുറയെ വാര്‍ത്തെടുക്കുന്നതിനാവശ്യമായ എല്ലാ സംവിധാനങ്ങളും ഇവിടെ സജ്ജീകരിച്ചിരിക്കുന്നു. അനാഥരും നിരാലംബരുമായ കുരുന്നുകള്‍ക്ക് ജീവിതത്തിന്റെ മധുരം നുകരാനും അര്‍ഥപൂര്‍ണമായ ഒരു ജീവിത സാഹചര്യം അനുഭവിക്കാനും സ്ഥാപനം അവസരമൊരുക്കുന്നു. മത ഭൗതിക വിദ്യാഭ്യാസ രംഗത്ത് ഉയര്‍ന്ന നിലവാരത്തിലേക്കെത്തിക്കുന്നതിനുള്ള ആഗ്രഹം സഫലീകൃതമാക്കുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം. അഗതികളും അനാഥരുമായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വ്യത്യസ്ത കാമ്പസുകളിലായി അധ്യായനം നടത്തി വരുന്നു.
ഹിഫഌല്‍ ഖുര്‍ആന്‍ കോളജ്, സി എം സ്മാരക ദര്‍സ്, ദഅ്‌വാ കോളജ് തുടങ്ങിയ സംരംഭങ്ങളിലൂടെ മതബോധവും ആദര്‍ശ പ്രബുദ്ധതയുമുള്ള തലമുറയെയാണ് രൂപപ്പെടുത്തുന്നത്. എസ് എസ് എല്‍ സിയില്‍ ഉന്നത ഗ്രേഡ് നേടിയ വിദ്യാര്‍ഥികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മതരംഗത്ത് മുത്വവ്വല്‍ വരെയും ഭൗതികരംഗത്ത് പ്ലസ് വണ്‍ മുതല്‍ പി ജി വരെയുമുള്ള പഠനത്തിന് അവസരമൊരുക്കുകയാണ് ദഅ്‌വാ കോളജ്. ദഅ്‌വാ കോളജ് വിദ്യാര്‍ഥികള്‍ക്ക് മതപഠനത്തോടൊരപ്പം അംഗീകൃതസ്ഥാപനങ്ങളില്‍ വിദ്യാഭ്യാസം നല്‍കാന്‍ കഴിയുന്നു എന്നത് സ്ഥാപനത്തിന്റെ മാത്രം പ്രത്യേകതയാണ്. അഗതി അനാഥ മന്ദിരം, ദഅ്‌വാ കോളജ്, ദര്‍സ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളുടെ ഭക്ഷണം, താമസം, വിദ്യാഭ്യാസം എന്നിവ പൂര്‍ണമായും സൗജന്യമായാണ് നല്‍കിവരുന്നത്.
കാലിക്കറ്റ് യൂനിവേഴ്‌സിറ്റിയുമായി അഫിലിയേറ്റ് ചെയ്ത ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, അറബിക് കോളജ് എന്നിവ ബൈത്തുല്‍ ഇസ്സയിലെ സവിശേഷ സ്ഥാപനങ്ങളാണ്. ബി കോം വിത്ത് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ബി ബി എ, ബി സി എ, ബി എ ട്രാവല്‍ ആന്‍ഡ് ടൂറിസം, ബി കോം ഫിനാന്‍സ്, ബി എ സോഷ്യോളജി, എം കോം എന്നീ കോഴ്‌സുകളാണ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിലുള്ളത്. അഫ്‌സലുല്‍ ഉലമ പ്രിലിമിനറി, ഡിഗ്രി കോഴ്‌സുകളാണ് അറബി കോളജുകളില്‍ നിലവിലുള്ളത്.
ആത്മീയബന്ധിതമായ ആംഗലേയ വിദ്യാഭ്യാസം എന്ന ലക്ഷ്യവുമായി ആരംഭിച്ച ഇംഗ്ലീഷ് മീഡിയം അഭിമാനകരമായി പ്രവര്‍ത്തിച്ചുവരുന്നു. ഹയര്‍ സെക്കന്‍ഡറി പഠനത്തിനാവശ്യമായ സ്‌കൂളുകളും മറ്റു സംവിധാനങ്ങളും ബൈത്തുല്‍ ഇസ്സയുടെ വിദ്യാഭ്യാസ മികവിന്റെ ഉദാഹരണങ്ങളാണ്. ബോര്‍ഡിംഗ് മദ്‌റസ വിജയകരമായി പ്രയാണം തുടരുകയാണ്.
അവേലത്ത് അബ്ദുസ്സ്വബൂര്‍ ബാഹസന്‍ തങ്ങളുടെ നേതൃത്വത്തില്‍ മൂന്ന് മാസത്തിലൊരിക്കല്‍ നടന്നുവരുന്ന ദിക്ര്‍ ഹല്‍ഖ ആത്മീയാനുഭൂതി പകരുന്ന വിശുദ്ധ സംരംഭമാണ്. നിര്‍ധനരായ കുടുംബാംഗങ്ങള്‍ക്ക് വിവിധ സഹായങ്ങള്‍ ചെയ്യുന്നതിന് സ്ഥാപനത്തിനു കീഴില്‍ റിലീഫ് സെന്റര്‍ പ്രവര്‍ത്തിച്ചുവരുന്നു. ഭവനനിര്‍മാണം, പെണ്‍കുട്ടികളുടെ വിവാഹം, രോഗചികിത്സ തുടങ്ങിയ ആവശ്യങ്ങള്‍ക്ക് സഹായം ചെയ്യുന്ന ഈ കാരുണ്യ സംരംഭം സ്ഥാപനത്തിന്റെ പ്രധാന പ്രവര്‍ത്തനങ്ങളില്‍ ഒന്നാണ്. 20-ാം വാര്‍ഷികത്തോട് അനുബന്ധമായി 20 പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് നിര്‍മിക്കുന്നതിന് സാമ്പത്തിക സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്നുണ്ട്.
വിവിധ ആവശ്യങ്ങള്‍ക്കായി ഭീമമായ സാമ്പത്തിക ബാധ്യതയാണ് സ്ഥാപനം വഹിക്കുന്നത്. ചരിത്രപരമായ ഒരു ദൗത്യനിര്‍വഹണം എന്ന നിലയില്‍ ഈ സ്ഥാപനത്തെ സഹായിക്കുന്നവര്‍ക്ക് പ്രാര്‍ഥന മാത്രമാണ് തിരിച്ചു നല്‍കാനുള്ളത്.
1993ല്‍ സ്ഥാപിതമായ ബൈത്തുല്‍ ഇസ്സഃ ഇരുപതാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ അഭിമാനകരമായ കര്‍മ മുന്നേറ്റത്തിന്റെ അനുഭവ സാക്ഷ്യങ്ങളുമായി പുതിയമാറ്റത്തിനൊരുങ്ങുകയാണ് സ്ഥാപനം. സ്ഥിരവരുമാനത്തിന് സഹായകമാകും വിധം വിപുലമായ ഷോപ്പിംഗ് സെന്റര്‍ സ്ഥാപിക്കുന്നതിന് രണ്ട് കോടി രൂപ സമാഹരണം സമ്മേളനത്തിന്റെ മുഖ്യ അജന്‍ഡയാണ്.
നിലവിലുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ ഭൗതിക സൗകര്യങ്ങളും വര്‍ധിപ്പിക്കേണ്ടതുണ്ട്. ബൈത്തുല്‍ ഇസ്സഃ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത് കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ , ഡോ. എം എ സബൂര്‍ തങ്ങള്‍, പി മുഹമ്മദ് മാസ്റ്റര്‍ , ടി എ മുഹമ്മദ് അഹ്‌സനി എന്നിവരാണ്.
20-ാം വാര്‍ഷികത്തോടനുബന്ധമായി പി പി ഉസ്താദ് സ്മാരക കെട്ടിടത്തിന്റെ ഉദ്ഘാടനം ഖമറുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിക്കും. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജിനായി പുതുതായി നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ഹിഫിളുല്‍ ഖുര്‍ആന്‍ കോളജ്, ബൈത്തുല്‍ ഇസ്സഃ ഡിസ്‌പെന്‍സറി, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ് പുതിയ കെട്ടിടം എന്നിവയുടെ ശിലാസ്ഥാപനവും വാര്‍ഷിക സമ്മേളന വേദിയില്‍ നടക്കും. 2014 ഏപ്രില്‍ 4,5,6 തീയതികളില്‍ ഉദ്ഘാടന സമ്മേളനം, ആത്മീയ സദസ്സ്, പി പി ഉസ്താദ് അനുസ്മരണ സമ്മേളനം, ന്യൂനപക്ഷ സമ്മേളനം, പ്രാസ്ഥാനിക സമ്മേളനം, പ്രവാസി സംഗമം, പൂര്‍വ വിദ്യാര്‍ഥി സമ്മേളനം, പൊതു സമ്മേളനം എന്നിവ നടക്കും. പരിപാടികളില്‍ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖ നേതാക്കളും സാദാത്തുക്കളും പണ്ഡിതരും സംബന്ധിക്കും.