Connect with us

Gulf

അറബ് പത്രങ്ങളില്‍ ഇടം നേടി ഇന്ത്യന്‍ തിരഞ്ഞെടുപ്പ്

Published

|

Last Updated

New Imageദുബൈ: 16-ാം ലോക് സഭാ തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ ജനത മുങ്ങിതുടങ്ങുമ്പോള്‍ ഇന്ത്യയിലെ മാധ്യമങ്ങള്‍ക്ക് കഴിഞ്ഞ കുറേ ആഴ്ചകളായി കൊയ്ത്തു കാലമായിരുന്നു. എന്നാല്‍ കടലിനിക്കരെ ഇന്ത്യക്കാരല്ലാത്തവരിലും ഇന്ത്യയിലെ പൊതുതിരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നു.

ഇന്ത്യക്കാരായ ഒട്ടേറെ വായനക്കാരുള്ള യു എ ഇയിലെ ഇംഗ്ലീഷ് പത്രങ്ങളില്‍ പലപ്പോഴും ഇന്ത്യയിലെ തിരഞ്ഞെടുപ്പ് വിഷയമാകുന്നത് തീര്‍ത്തും സ്വാഭാവികം. എന്നാല്‍ അറബ് പത്രങ്ങളുടെ ഒന്നാം പേജില്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നത് അല്‍പം കൗതുകം നിറഞ്ഞത് തന്നെ.
81.4 കോടി ജനങ്ങള്‍ 10 ലക്ഷത്തോളം ബൂത്തിലൂടെ തങ്ങളുടെ സമ്മതിദാനവാകാശം രേഖപ്പെടുത്തുന്ന ലോകത്തിലെ ഏറ്റവും വലിയ പൊതു തിരഞ്ഞെടുപ്പാണ് ഇന്ത്യയില്‍ നടക്കാനിരിക്കുന്നതെന്ന് പ്രമുഖ അറബ് പത്രമായ അല്‍ ബയാന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പത്രത്തിന്റെ തിങ്കളാഴ്ചയിലെ പതിപ്പിലാണ് വന്‍ പ്രാധാന്യത്തോടെ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് വിശകലനം നടത്തിയത്. നവ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചര്‍ച്ചയായ ആം ആദ്മി പാര്‍ട്ടിയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പ്രത്യേക പരാമര്‍ശമുണ്ടെന്നത് ഏറെ ശ്രദ്ധേയമാണ്. മുസ്‌ലിം ന്യൂനപക്ഷത്തിനെതിരെ ഹിന്ദു ഭൂരിപക്ഷത്തെ പ്രകോപിപ്പിച്ച് കൊണ്ട് ഭാരതീയ ജനതാ പാര്‍ട്ടി നേതാവ് അമിത ഷാ നടത്തിയ വിവാദ പ്രസംഗം ഉദ്ധരിച്ച പത്രം 16-ാം മത് ലോക സഭയില്‍ ആര്‍ക്കു ഭൂരിപക്ഷം ലഭിക്കുമെന്ന വിഷയത്തില്‍ മൗനമവലംഭിച്ചിരിക്കുകയാണ്.
ഇന്ത്യയിലെ പ്രധാന പ്രതിപക്ഷമായ ബി ജെ പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്ര മോദിയെ ഉയര്‍ത്തിക്കാണിക്കുന്നവര്‍ അദ്ദേഹത്തിന് അത്ഭുതങ്ങള്‍ കാണിക്കാന്‍ കഴിയുമെന്ന് പ്രചരിപ്പിക്കുന്നുണ്ടെങ്കിലും 2002ല്‍ മോദിയുടെ കാര്‍മികത്വത്തില്‍ നടന്ന ന്യൂനപക്ഷ വേട്ട അപലപനീയമാണെന്ന് വലിയൊരു വിഭാഗം ഇന്ത്യക്കാര്‍ വിശ്വസിക്കുന്നുണ്ടെന്നും പത്രം പറയുന്നു.
2002ല്‍ താന്‍ ഭരിക്കുന്ന സംസ്ഥാനത്ത് നടന്ന കൂട്ടക്കുരുതിയില്‍ ആയിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടപ്പോള്‍ അതിലധികവും ന്യൂനപക്ഷ വിഭാഗമായിരുന്നെന്നത് മോദിയുടെ പൊതു വിശ്വാസ്യതക്ക് കോട്ടം തട്ടിച്ചിട്ടുണ്ടെന്ന് പത്രം വിലയിരുത്തുന്നു. മോദിക്കെതിരെ ഈ സംഭവത്തില്‍ കാര്യമായ അന്വേഷണം ഇതുവരെ നടക്കാതിരിക്കുകയും സംഭവം നടന്ന സമയത്ത് സുരക്ഷാസേന വേണ്ട നടപടിയെടുക്കാതിരുന്നതിലും ദുരൂഹതയുണ്ട്. ഇന്ത്യയെപ്പോലെയുള്ള ഒരു രാജ്യത്ത് ന്യൂനപക്ഷത്തിന്റെ വിശ്വാസമാര്‍ജിക്കുന്നവര്‍ക്ക് മാത്രമേ സുശക്തമായ ഒരു ഗവണ്‍മെന്റ് സ്ഥാപിച്ച് ഭരണം നടത്താന്‍ കഴിയുകയുള്ളു, ഇങ്ങനെ പോകുന്നു അറബ് പത്രങ്ങളുടെ ഇന്ത്യന്‍ തിരഞ്ഞെടുപ്പ് വിശകലനം.

 

Latest