Connect with us

Ongoing News

റൂണിക്ക് പരുക്ക്; ഇംഗ്ലണ്ട് ആശങ്കയില്‍

Published

|

Last Updated

വെയിന്‍ റൂണിക്ക് പരുക്ക്. മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കിരീടപ്രതീക്ഷകളൊന്നും അവശേഷിക്കുന്നില്ലെന്നതിനാല്‍ അത്ര പ്രശ്‌നമില്ല. പക്ഷേ, ഇംഗ്ലണ്ടിന്റെ സ്ഥിതി അതല്ലല്ലോ. ലോകകപ്പാണ് മുന്നിലുള്ളത്. റൂണിയുടെ പരിചയ സമ്പന്നതയെ മുന്‍നിര്‍ത്തിയാണ് ഇംഗ്ലണ്ട് കോച്ച് റോയ് ഹൊഗ്‌സന്‍ തന്ത്രം മെനയുന്നത്. അതിനിടെയാണ് നിനച്ചിരിക്കാതെ റൂണിക്ക് പരുക്കേല്‍ക്കുന്നത്. പ്രീമിയര്‍ ലീഗ് സീസണ്‍ മുഴുവന്‍ റൂണിക്ക് നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. നേരിയ പരുക്കുണ്ടായിട്ടും വേദനാസംഹാരിയുടെ സഹായത്തോടെ റൂണി ചാമ്പ്യന്‍സ് ലീഗ് കളിക്കാനിറങ്ങിയതാണ് പരുക്ക് വഷളാക്കിയത്.
ബയേണിനെതിരെ റിട്ടേണ്‍ ലെഗില്‍ റൂണിയില്ലാതെ ഇറങ്ങിയാല്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മുന്നേറാന്‍ സാധിക്കില്ലെന്ന മുന്‍വിധിയോടെയാണ് കോച്ച് ഡേവിഡ് മോയസ് ടീം പ്രഖ്യാപിച്ചത്. സീസണില്‍ അഞ്ച് ലീഗ് മത്സരങ്ങള്‍ മാത്രം അവശേഷിക്കുന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡ് റൂണിയുടെ പരുക്കിനെ അവഗണിച്ച് ചൂതാട്ടം നടത്തുകയായിരുന്നു. ബ്രസീലിലേക്കുള്ള ടീമിനെ പ്രഖ്യാപിക്കാന്‍ അവസാനവട്ട ആറ്റിക്കുറുക്കലുകള്‍ നടത്തുന്ന ഹൊഗ്‌സന്‍ റൂണിക്ക് പകരക്കാരനെ കണ്ടെത്തേണ്ട ഗതികേടിലാണ്. 2006 ലോകകപ്പിന് മുന്നോടിയായും റൂണിക്ക് പരുക്കേറ്റിരുന്നു. കാല്‍പാദത്തിനേറ്റ പരുക്ക് പൂര്‍ണമായും ഭേദമാകാതെ ടീമിനൊപ്പം ചേര്‍ന്ന റൂണി മങ്ങി. ഇത്തവണയും അത്തരമൊരു ഗതിയാകുമോ റൂണിക്കും ഇംഗ്ലണ്ടിനും.

Latest