Connect with us

Articles

മുസ്‌ലിംകളെ പരിചയപ്പെടാന്‍ അഞ്ച് നിമിഷം ചെലവഴിക്കൂ

Published

|

Last Updated

മുസ്‌ലിംകളെ സംബന്ധിച്ച് പൊതുബോധത്തിലും സാമാന്യ സംസാരങ്ങളിലും നിലനിന്നുപോരുന്ന പല വിശ്വാസങ്ങളും ധാരണകളും എത്ര മാത്രം അബദ്ധജടിലവും വസ്തുതാവിരുദ്ധവുമാണെന്ന് വിശദീകരിക്കുന്ന ഒരു കുറിപ്പ് അടുത്ത ദിവസം ഓണ്‍ലൈന്‍ പോര്‍ട്ടലായ കാഫിലയില്‍ പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി. ശങ്കര്‍ ഗോപാലകൃഷ്ണനാണ് കുറിപ്പ് എഴുതിയത്. വിശദമായി വായിക്കേണ്ടവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്ത്   പ്രസ്തുത കുറിപ്പും അതു സംബന്ധിച്ചുള്ള ചര്‍ച്ചകളും പരിശോധിക്കാവുന്നതാണ്. പത്രവായനക്കാരുടെ സൗകര്യത്തിനായി അതിന്റെ ചില വിശദാംശങ്ങള്‍ ഇവിടെ പങ്ക് വെക്കാനനുവദിക്കുക. ഇതില്‍ പല കാര്യങ്ങളും നാം നിരന്തരം കേള്‍ക്കുന്നതും നാം തന്നെ പല തവണ മറുപടി പറഞ്ഞതുമാണെങ്കിലും; അവ പിന്നെയും പിന്നെയും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും ഫാസിസം പടിവാതില്‍ക്കലെത്തിനില്‍ക്കുന്ന അവസ്ഥയിലാണ് ഇന്ത്യ എന്ന പശ്ചാത്തലം നിലനില്‍ക്കുന്നതുകൊണ്ടും, അവ എടുത്തെഴുതുന്നത് പ്രസക്തമാകുമെന്നു കരുതുന്നു. പാശ്ചാത്യവും ഇന്ത്യനുമായ മാധ്യമങ്ങള്‍ മുസ്‌ലിംകളെ ഒരു ഏകകമായിട്ടാണ് വിശേഷിപ്പിക്കാറ്. അതായത്, ലോകത്തുള്ള എല്ലാ മുസ്‌ലിംകളും ഒരേ സ്വഭാവവും ഒരേ മര്യാദകളും ഒരേ അസഹിഷ്ണുതയും ഒരേ സംസ്‌കാരവും എല്ലാം പ്രകടിപ്പിക്കുന്ന ഒരേ തരക്കാരാണെന്ന നിഗമനമാണ് ഈ സ്റ്റീരിയോടൈപ്പിംഗിനെ സാധ്യമാക്കുന്നത്. ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ മതവിശ്വാസമായ ഇസ്‌ലാമിനെ സംബന്ധിച്ച് ഇത്തരം അസംബന്ധങ്ങള്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ് മുസ്‌ലിംകള്‍ ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും വംശീയാക്രമണങ്ങള്‍ നേരിടേണ്ടി വരുന്നത്.
മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് ഒട്ടും മതനിരപേക്ഷ സ്വഭാവമില്ലെന്നും അവ ഇതര മതക്കാരോട് അസഹിഷ്ണുതാപരമായാണ് പെരുമാറാറുള്ളത് എന്നുമാണ് ഒരു പ്രചാരണം. ലോകത്തെ ഏറ്റവും വലിയ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രമായ ഇന്തോനേഷ്യ(25 കോടി ജനസംഖ്യ/പാക്കിസ്ഥാനേക്കാള്‍ കൂടുതല്‍)യില്‍ മതനിരപേക്ഷ ജനാധിപത്യമാണ് നിലനില്‍ക്കുന്നത്. 88 ശതമാനമാണ് ഇവിടത്തെ മുസ്‌ലിം ജനസംഖ്യ. ഇന്ത്യയില്‍ 80 ശതമാനമാണ് ഹിന്ദു ജനസംഖ്യ എന്നതുമോര്‍ക്കണം. ഇന്തോനേഷ്യയുടെ ദേശീയ മുദ്രാവാക്യം നാനാത്വത്തില്‍ ഏകത്വം എന്നതാണ്. തുര്‍ക്കി, മാലി, സിറിയ, നൈജര്‍, ഖസാക്കിസ്ഥാന്‍ എന്നീ മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളും മതനിരപേക്ഷ രാഷ്ട്രങ്ങളായാണ് തുടരുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്. ബംഗ്ലാദേശ് സര്‍ക്കാറും മതനിരപേക്ഷത തങ്ങളുടെ നിയമമായി അംഗീകരിച്ചിട്ടുണ്ട്. ഇത് കാണിക്കുന്നത്, ലോകത്തുള്ള മുസ്‌ലിംകളില്‍ ബഹുഭൂരിപക്ഷവും മതനിരപേക്ഷ ഭരണകൂടങ്ങള്‍ക്കു കീഴിലാണ് ജീവിക്കുന്നത് എന്നതാണ്.
മുസ്‌ലിംകള്‍ എല്ലായ്‌പോഴും മൗലികവാദികളാണെന്നും അവര്‍ മറ്റ് മതസ്ഥരേക്കാള്‍ കൂടുതല്‍ മതതാത്പര്യം പുലര്‍ത്തുന്നവരാണെന്നുമാണ് മറ്റൊരു നിഗമനം. മുസ്‌ലിംകള്‍ കൂടുതലുള്ള രാഷ്ട്രങ്ങളിലധികവും മതനിരപേക്ഷ ഇടതുപക്ഷ രാഷ്ട്രീയമാണ് പ്രധാന കക്ഷികള്‍ക്കുള്ളത് എന്നതാണ് വാസ്തവം. ഇന്തോനേഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി(ഏതാനും ദശകങ്ങള്‍ക്കു മുമ്പ് നടന്ന കൂട്ടക്കൊലയില്‍ നിരവധി സഖാക്കള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഈ പാര്‍ട്ടി ഇപ്പോള്‍ ഒളിവിലാണ് പ്രവര്‍ത്തിക്കുന്നത്), ഈജിപ്തിലെ നാസറൈറ്റ്, ബാത്തിസ്റ്റ് മുന്നേറ്റങ്ങള്‍, സിറിയ, ഇറാഖ്, ഇറാന്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെ രാഷ്ട്രീയം എന്നിവ ഈ പ്രവണതക്കുദാഹരണമാണ്. അമേരിക്കന്‍ പിന്തുണയോടെ അടുത്ത കാലത്ത് രൂപപ്പെട്ട അല്‍ഖാഇദയും താലിബാനും അടക്കമുള്ള ഭീകര സംഘടനകളെ മുന്‍നിര്‍ത്തി ഇസ്‌ലാമിന്റെ സമ്പന്നവും ധന്യവും വൈവിധ്യവുമാര്‍ന്ന ചരിത്രത്തെ പരിമിതപ്പെടുത്തുന്നത് തികച്ചും തെറ്റാണ്.
മുസ്‌ലിംകളാണ് എപ്പോഴും ആക്രമണങ്ങളാരംഭിക്കുന്നത്. പിന്നീട്, അതിനോടുള്ള പ്രത്യാക്രമണങ്ങളാണ് സംഭവിക്കാറുള്ളത് എന്നതാണ് മറ്റൊരു വാദം. പ്രത്യാക്രമണത്തിന്റെയും പ്രതിക്രിയയുടെയും ന്യായവാദങ്ങള്‍ ഫാസിസ്റ്റുകള്‍ എല്ലാ ചരിത്ര ഘട്ടങ്ങളിലും ഉന്നയിച്ചിട്ടുള്ളതാണ്. ഇറാഖിലും ഫലസ്തീനിലും നടത്തിയ അമേരിക്കന്‍ ആക്രമണങ്ങളുടെ പേരില്‍ സപ്തംബര്‍ 11ന്റെ ഭീകരാക്രമണവും ഇതനുസരിച്ച് ന്യായീകരിക്കാവുന്നതേ ഉള്ളൂ. ക്രിസ്റ്റല്‍നാച്ച് എന്ന, നാസി ഭരണകൂടത്തിനാല്‍ സംഘടിപ്പിക്കപ്പെട്ട ജൂതവംശഹത്യക്കു മുമ്പ് ഒരു ജര്‍മന്‍ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതായ കാരണമുണ്ടായിരുന്നു. അതിക്രൂരവും നിഷ്ഠൂരവുമായ കൂട്ടക്കൊലകളെയും വംശഹത്യകളെയും പൊതുബോധത്തില്‍ ന്യായീകരിച്ചെടുക്കാനും സമ്മതി ഉത്പാദിപ്പിക്കാനും ഇത്തരം ചില പ്രത്യാക്രമണ കഥകള്‍ മുന്‍കൂട്ടി സംഘടിപ്പിച്ചെടുക്കുകയാണ് പതിവ് എന്ന് സൂക്ഷ്മമായി പരിശോധിച്ചാല്‍ ബോധ്യമാകും. ബീഹാറില്‍ നിന്നുള്ളവരെ ആക്രമിക്കുന്ന ശിവസേനയുടെയും എം എന്‍ എസ്സിന്റെയും ശൈലികള്‍ക്കും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ ആക്രമിക്കുന്നതിനും എന്ത് മുന്‍കഥകളാണ് നിരത്താനുള്ളത്?
മുസ്‌ലിംകള്‍ എപ്പോഴും ഐക്യത്തോടെ നില്‍ക്കുന്നു, ഹിന്ദുക്കള്‍ അങ്ങനെയല്ല എന്നാണൊരു വാദം. മുസ്‌ലിംകള്‍ക്കുള്ളില്‍ ജാതി, ഉപജാതി, ഭാഷ, ലിംഗം, പ്രദേശം, വര്‍ഗം, സംഘടനകള്‍ എന്നിങ്ങനെ അനവധി പിരിവുകള്‍ ഉണ്ടെന്നതാണ് വാസ്തവം. ഇവര്‍ തമ്മിലുള്ള സംഘര്‍ഷങ്ങളും പതിവാണ്. 13 ശതമാനം മുസ്‌ലിം ജനസംഖ്യ ഉണ്ടായിട്ടും 5.5 ശതമാനം മാത്രം എണ്ണം എം പിമാരാണ് ഇപ്പോള്‍ പിരിയുന്ന ഇന്ത്യന്‍ പാര്‍ലിമെന്റില്‍ മുസ്‌ലിംകള്‍ക്കുള്ളത് എന്നതു തന്നെ “ഐക്യ”ത്തിന്റെ മുഖം വെളിപ്പെടുത്തുന്നു. നഗരങ്ങളിലും മറ്റും മുസ്‌ലിംകള്‍ക്ക് കൂട്ടം കൂട്ടമായി താമസിക്കേണ്ടി വരുന്നത്, അവരെ അത്തരത്തില്‍ ഒറ്റപ്പെടുത്തി മാറ്റി നിര്‍ത്തുന്നതു കൊണ്ടാണ്. ഈ നിസ്സഹായതയെ ഐക്യം എന്നു വിളിച്ച് ഭയപ്പെടുന്നത് എന്തൊരു വൈപരീത്യമാണ്!
സര്‍ക്കാറുകള്‍ എപ്പോഴും മുസ്‌ലിംപ്രീണനം നടത്തുന്നു എന്നാണൊരു ആരോപണം. ഇത് തികച്ചും വസ്തുതാവിരുദ്ധമാണെന്ന് സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു കൊണ്ടുവരുകയുണ്ടായി. ബസ് സ്റ്റോപ്പുകള്‍, റോഡുകള്‍, ബേങ്ക് ശാഖകള്‍ എന്നിവ സ്ഥാപിക്കുന്നതില്‍ പോലും മുസ്‌ലിംകള്‍ വിവേചനം അനുഭവിച്ചു വരികയാണ്. ഐ എ എസ് ഓഫീസര്‍മാരില്‍ മൂന്ന് ശതമാനം മാത്രമാണ് മുസ്‌ലിംകളുള്ളത്. ഐ പി എസുകാരാകട്ടെ നാല് ശതമാനവും. 2007ല്‍ ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലിയില്‍ വന്ന ഒരു പഠനത്തില്‍ പറയുന്നത്, സ്വകാര്യ കമ്പനികള്‍ പ്രസിദ്ധീകരിച്ച 548 തൊഴില്‍ പരസ്യങ്ങള്‍ക്ക് ഒരേ യോഗ്യതകള്‍ ഉള്ള മൂന്ന് വീതം അപേക്ഷകള്‍ ഈ ലേഖകര്‍ അയച്ചതിനേക്കുറിച്ചാണ്. ഒരാള്‍ക്ക് സവര്‍ണ ഹിന്ദു നാമവും രണ്ടാമത്തെയാള്‍ക്ക് ദളിത് നാമവും മൂന്നാമത്തെയാള്‍ക്ക് മുസ്‌ലിം നാമവും ഇട്ടാണ് അപേക്ഷകള്‍ അയച്ചത്. ദളിതരെ ഇന്റര്‍വ്യൂവിന് വിളിച്ചത് മൂന്നില്‍ രണ്ട് എന്ന കണക്കിനായിരുന്നെങ്കില്‍ മുസ്‌ലിംകളെ മൂന്നിലൊന്ന് എന്ന കണക്കിന് മാത്രമാണ് വിളിച്ചത്.
ജമ്മു കാശ്മീരില്‍ ഹിന്ദുക്കള്‍ക്ക് ഭൂമി വാങ്ങാന്‍ പറ്റില്ലെന്ന ആരോപണം. കാശ്മീരില്‍ കാശ്മീരുകാരല്ലാത്തവര്‍ക്കാര്‍ക്കും ഭൂമി വാങ്ങാന്‍ കഴിയില്ല. ഹിമാചല്‍ പ്രദേശിലും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും ഉത്തരാഖണ്ഡിലും ഇത് തന്നെയാണ് നിയമം. ദുര്‍ബലരായ പ്രാദേശിക ജനങ്ങളെ സംരക്ഷിക്കാനുള്ള ഗംഭീരമായ നിയമങ്ങളിലൊന്നാണിത്. ഇതുണ്ടായിട്ടും ആദിവാസികളുടെ ഭൂമിയും മറ്റും തട്ടിയെടുക്കുന്നവരാണ് നമുക്കിടയിലെ മാന്യന്മാര്‍.
മുസ്‌ലിം പുരുഷന്മാര്‍ ഒന്നിലധികം വിവാഹം കഴിക്കുന്നതുകൊണ്ട് മുസ്‌ലിം ജനസംഖ്യ ഹിന്ദുക്കളുടെതിനേക്കാള്‍ വേഗത്തില്‍ വര്‍ധിക്കുന്നു എന്നത് കേട്ടു തഴമ്പിച്ച ആരോപണമാണ്. ഒരേ സാമ്പത്തിക നിലവാരമുള്ള ഹിന്ദു, മുസ്‌ലിം യുവതികള്‍ക്ക് ഒരേ തരത്തിലുള്ള പ്രത്യുത്പാദനക്ഷമതയാണുള്ളതെന്നാണ് സര്‍ക്കാര്‍ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. പിന്നെ എങ്ങനെയാണ് മുസ്‌ലിംകള്‍ മാത്രം പെറ്റു കൂട്ടുന്നത്? ദാരിദ്ര്യവും ജനസംഖ്യാ വര്‍ധനവും തമ്മിലാണ് ബന്ധം എന്നതാണ് വാസ്തവം. കേരളത്തില്‍ ദാരിദ്ര്യം താരതമ്യേന കുറവായതു കൊണ്ട്, കേരളത്തിലെ മുസ്‌ലിം ജനസംഖ്യ 25 ശതമാനമുണ്ടായിട്ടും കേരളത്തിലെ ജനസംഖ്യാ വര്‍ധനവ് ദേശീയ ശരാശരിയേക്കാള്‍ വളരെയധികം കുറവാണ്. സത്യത്തില്‍ തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള മുസ്‌ലിം ജനസംഖ്യാ വര്‍ധനവ്; ഉത്തര്‍പ്രദേശ്, ബിഹാര്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ ഹിന്ദു ജനസംഖ്യാവര്‍ധനവിനേക്കാള്‍ കുറവാണ്. ഇന്ത്യയിലെ ഹിന്ദുക്കള്‍ക്കിടയില്‍ 5.8 ശതമാനം പേര്‍ ബഹുഭാര്യാത്വം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ മുസ്‌ലിംകളിലത് 5.73 ശതമാനം മാത്രമാണെന്ന് എന്‍ ഇ എച്ച് എസ് ഇതു സംബന്ധമായി നടത്തിയ പഠനത്തില്‍ വെളിവായിട്ടുണ്ട്.
മുസ്‌ലിംകള്‍ക്ക് അവരുടെ രാജ്യമായ പാക്കിസ്ഥാന്‍ ലഭിച്ചതു കൊണ്ട് അവര്‍ ഇന്ത്യ വിടണം എന്നതാണ് പ്രബലമായ ഒരു ആഹ്വാനം. ഹിന്ദു മഹാസഭക്കാരാണ് ആദ്യം ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും വെവ്വേറെ രാജ്യം എന്ന ആവശ്യമുയര്‍ത്തിയത്. 1905ല്‍ സഭയുടെ പ്രസിന്റായിരുന്ന ഭായ് പരമാനന്ദ് ഈ ആവശ്യമുന്നയിക്കുകയുണ്ടായി. 1940വരെയും മുസ്‌ലിം ലീഗ് ഈ ആവശ്യം ഉന്നയിക്കുകയുണ്ടായില്ല. ഇന്ത്യയിലുള്ള നിരവധി മുസ്‌ലിംകള്‍ ദ്വിരാഷ്ട്ര വാദത്തെ എതിര്‍ക്കുകയാണ് ചെയ്തത്. ഇന്ത്യയിലെ പ്രമുഖ മതപാഠശാലയായ ദേവ്ബന്ദ് പ്രസ്ഥാനം ഇന്ത്യയെ വിഭജിക്കുന്നതിനെതിരായിരുന്നു. കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്ന മൗലാനാ അബുല്‍ കലാം ആസാദും ഈ ആശയക്കാരനായിരുന്നു.
ചുരുക്കത്തില്‍, മുസ്‌ലിംകള്‍ മറ്റെല്ലാവരെയും പോലെ സാധാരണക്കാരായ മനുഷ്യര്‍ തന്നെയാണ്. അതായത്, വിവിധ രൂപത്തില്‍ ചിന്തിക്കുകയും സ്വതന്ത്രവും വിശേഷവുമായ ബുദ്ധിശക്തി ഉപയോഗിക്കുകയും ചെയ്യുന്നവര്‍. മുസ്‌ലിംകള്‍ക്കെതിരായ വെറുപ്പിന്റെ സുവിശേഷം ഉയര്‍ത്തിപ്പിടിക്കുന്നവരെ തിരിച്ചറിയേണ്ടതും സമുദായങ്ങള്‍ക്കിടയിലും സമുദായങ്ങള്‍ക്കുപരിയായും മനുഷ്യരുടെ ഐക്യം വിപുലപ്പെടുത്തുക എന്ന സമാധാനപൂര്‍ണമായ ജീവിതം ഉറപ്പ് വരുത്തുന്നതിന് അത്യന്താപേക്ഷിതമാണെന്നു ചുരുക്കം.

Latest