Connect with us

National

മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് തിരിച്ചടി

Published

|

Last Updated

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന് തിരിച്ചടി. കേരളത്തിന്റെ ഡാം സുരക്ഷാ നിയമം സുപ്രീംകോടതി അസാധുവാക്കി. ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴനാടിന് സുപ്രീം കോടതി അനുമതി നല്‍കി. കേരളത്തിന്റെ നിയമ ഭേദഗതി ഭരണഘടനാ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. കേസില്‍ സുപ്രീംകോടതി ഭരണഘടനാബഞ്ചാണ് വിധിപറഞ്ഞത്.

അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കിയ വിധി മറികടക്കാന്‍ കേരളം കൊണ്ടുവന്ന നിയമഭേദഗതി ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് വിധി. അണക്കെട്ട് സുരക്ഷിതമാണെന്ന ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടിലടക്കം വാദം കേട്ടാണ് ഹര്‍ജിയില്‍ എട്ട് വര്‍ഷത്തിന് ശേഷം കോടതി വിധി പ്രസ്താവിക്കുന്നത്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്‌നാടിന് 2006 ഫെബ്രുവരിയില്‍ സുപ്രീം കോടതി അനുമതി നല്‍കി. എട്ട് വര്‍ഷത്തെ നിയമ പോരാട്ടത്തിന് ഒടുവിലായിരുന്നു ഈ വിധി. കേന്ദ്ര ജല കമ്മീഷന്റെ റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു കേരളത്തിന്റെ വാദങ്ങള്‍ തള്ളി സുപ്രീം കോടതി തമിഴ്‌നാടിന് അനുകൂലമായ വിധി പ്രസ്താവിച്ചത്. നൂറ്റാണ്ട് പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ത്തുന്നത് സുരക്ഷാ ഭീഷണിയുണ്ടാക്കുന്നുവെന്ന കേരളത്തിന്റെ വാദമാണ് സുപ്രീം കോടതി നിരാകരിച്ചത്.
ഇതേത്തുടര്‍ന്ന് സുപ്രീം കോടതി വിധി വന്ന് രണ്ട് ആഴ്ചക്കകം, ജലസേചന, ജലസംരക്ഷണ നിയമത്തില്‍ കേരളം ഭേദഗതി കൊണ്ടുവന്നു.
ഇതോടെ ഷെഡ്യൂള്‍ഡ് ഡാം വിഭാഗത്തിലായ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് കേരളം 136 അടിയായി നിജപ്പെടുത്തുകയായിരുന്നു. കേരളത്തിന്റെ ഈ നടപടി സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തമിഴ്‌നാട് വീണ്ടും പരമോന്നത കോടതിയെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് സുപ്രീം കോടതി നിയമിച്ച ജസ്റ്റിസ് എ എസ് ആനന്ദ് അധ്യക്ഷനായ കമ്മിറ്റി 2013 ഏപ്രിലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ കമ്മിറ്റിയുടെ കണ്ടെത്തലുകളെയും കേരളം ചോദ്യം ചെയ്തിരുന്നു. മുപ്പതിനായിരം പേജുകളുള്ള റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമാണ് ഇന്ന് സുപ്രീം കോടതി ഏറെ നിര്‍ണായകമായ വിധി പുറപ്പെടുവിക്കുന്നത്. കഴിഞ്ഞ ജൂലൈ 23 നായിരുന്നു സുപ്രീം കോടതിയില്‍ കേസിന്റെ അന്തിമ വാദം ആരംഭിച്ചത്.

Latest