Connect with us

Ongoing News

വടക്കന്‍ ജില്ലകളില്‍ മഴ തുടരു

Published

|

Last Updated

തിരുവനന്തപുരം: കന്യാകുമാരിക്ക് സമീപം രൂപം കൊണ്ട ന്യൂനമര്‍ദം കര്‍ണാടകയിലേക്ക് നീങ്ങിയതിനാല്‍ വരും ദിവസങ്ങളില്‍ തെക്കന്‍ ജില്ലകളില്‍ മഴ കുറയുമെന്ന് തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേസമയം, തൃശൂര്‍ മുതല്‍ വടക്കോട്ട് ശക്തമായ മഴ രണ്ട് ദിവസം കൂടി തുടരാനാണ് സാധ്യതയെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ അഞ്ച് ദിവസമായി തെക്കന്‍ കേരളത്തിലും കഴിഞ്ഞ രണ്ട് ദിവസമായി വടക്കന്‍ കേരളത്തിലും കനത്ത മഴയാണ് ലഭിച്ചത്. ഇന്നലെയും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചു. തെക്കന്‍ ജില്ലകളില്‍ അടുത്ത 48 മണിക്കൂറില്‍ കേരളത്തിലും ലക്ഷദ്വീപിലും മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ശ്രദ്ധിക്കണം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴക്ക് സാധ്യതയുണ്ട്.
വേനല്‍മഴയില്‍ സംസ്ഥാനത്ത് ഇതുവരെ 13 പേരാണ് മരിച്ചത്. 250 കോടിയുടെ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് റവന്യു വകുപ്പിന്റെ കണക്ക്. 2965 ഹെക്ടറിലെ കൃഷി നശിച്ചു. ഏറ്റവും കൂടുതല്‍ കൃഷിനാശമുണ്ടായത് തൃശൂര്‍ ജില്ലയിലാണ് (518 ഹെക്ടര്‍). 282 വീടുകള്‍ പൂര്‍ണമായും 6000ത്തിലേറെ വീടുകള്‍ ഭാഗികമായും നശിച്ചു. 550 കിലോമീറ്ററിലേറെ റോഡ് തകര്‍ന്നു. വയനാട്, കോഴിക്കോട് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ റോഡ് നശിച്ചത്. മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ളതിനാല്‍ മലയോര മേഖലകളിലും ജാഗ്രതാ നിര്‍ദേശമുണ്ട്.
തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളിലെ ചില പ്രദേശങ്ങളില്‍ കനത്ത മഴക്ക് സാധ്യതയുണ്ട്. കനത്ത മഴയില്‍ കഴിഞ്ഞ ദിവസം എറണാകുളം നോര്‍ത്ത്, സൗത്ത് സ്റ്റേഷനുകളിലെ ട്രാക്കുകളില്‍ വെള്ളം കയറി താറുമാറായ ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിച്ചു. ആലുപ്പുഴ വഴിയുള്ള ട്രെയിന്‍ ഗാതാഗതവും പുനഃസ്ഥാപിച്ചിട്ടുണ്ട്. മംഗള എക്‌സ്പ്രസ് ഒഴികെ മറ്റെല്ലാ ട്രെയിനുകളും കൃത്യസമയം പാലിക്കുന്നതായി റെയില്‍വേ അറിയിച്ചു.
നിലക്കാതെ പെയ്ത മഴയില്‍ അപ്പര്‍ കൂട്ടനാട്ടില്‍ കനത്ത കൃഷിനാശമുണ്ടായി. ചെന്നിത്തല, തഴക്കര പാടശേഖരങ്ങളില്‍ വ്യാപകമായി നെല്‍കൃഷി നശിച്ചു. മട വീണ് 400 ഏക്കറിലേറെ നെല്ലാണ് വീണുപോയത്. വടക്കന്‍ കേരളത്തില്‍ പൊതുവെ ഇന്ന് തെളിഞ്ഞ കാലാവസ്ഥയാണ്. സുരക്ഷ കണക്കിലെടുത്ത് കണ്ണൂര്‍ പഴശ്ശി ഡാമിന്റെയും കോഴിക്കോട്ടെ പെരുവണ്ണാമൂഴിയിലെയും പെരിങ്ങത്തൂര്‍ വിഷ്ണുമംഗലത്തെയും ഷട്ടറുകള്‍ തുറന്നിട്ടിരിക്കുകയാണ്.
വെള്ളിയാഴ്ച വടക്കന്‍ കേരളത്തില്‍ സാമാന്യം വ്യാപകമായി മഴ ലഭിച്ചു. ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തലശ്ശേരിയിലാണ് (21 സെമീ ). മട്ടന്നൂര്‍ 20, അങ്ങാടിപ്പുറം 17, പെരിന്തല്‍മണ്ണ 16, ഇരിക്കൂര്‍, വടകര 16, കണ്ണൂര്‍, വൈത്തിരി 14, തൃശൂര്‍ 13 സെമീ എന്നിങ്ങനെ മഴ ലഭിച്ചു. തിരുവനന്തപുരം നഗരത്തിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത് (1 സെമീ).