Connect with us

Ongoing News

യൂറോപ ലീഗ്:സെവിയ്യ ചാമ്പ്യന്‍മാര്‍

Published

|

Last Updated

ടുറിന്‍: പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്കയെ ഷൂട്ടൗട്ടില്‍ (2-4) വീഴ്ത്തി സ്പാനിഷ് ക്ലബ്ബ് സെവിയ്യ യൂറോപ ലീഗ് ചാമ്പ്യന്‍മാര്‍. എട്ട് വര്‍ഷത്തിനിടെ സെവിയ്യ നേടുന്ന മൂന്നാമത്തെ യൂറോപ്യന്‍ കിരീടമാണിത്. അതേ സമയം, 52 വര്‍ഷമായി യൂറോപ്പില്‍ കിരീടമില്ലാതെ ശാപമേറ്റു കഴിയുന്ന ബെന്‍ഫിക്കയുടെ കണ്ണീരിന് അറുതിയായില്ല. കഴിഞ്ഞ വര്‍ഷം യൂറോപ ലീഗ് ഫൈനലില്‍ ചെല്‍സിയോട് തോറ്റ ബെന്‍ഫിക്ക ഇത്തവണയും മുഖം പൊത്തി. യൂറോപ്പില്‍ അവസാനം കളിച്ച എട്ട് ഫൈനലുകളിലും ബെന്‍ഫിക്ക തോല്‍ക്കുകയായിരുന്നു. പോര്‍ച്ചുഗീസ് ലീഗ് കിരീടവും, ലീഗ് കപ്പും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ജോര്‍ജ് ജീസസിന്റെ ബെന്‍ഫിക്ക ഫൈനലില്‍ സെവിയ്യയെ നേരിടാനൊരുങ്ങിയത്.
ടുറിനിലെ ജുവെന്റസ് ക്ലബ്ബിന്റെ സ്റ്റേഡിയത്തില്‍ 120 മിനുട്ടും ഗോളില്ലാതെ വലഞ്ഞ ബെന്‍ഫിക്കക്ക് ഷൂട്ടൗട്ടില്‍ രണ്ട് കിക്കുകള്‍ പാളി. ഓസ്‌കര്‍ കര്‍ഡോസോയും റോഡ്രിഗോയുമാണ് വില്ലന്‍മാരായത്. ഹീറോ പരിവേഷം, കിക്കുകള്‍ തടുത്തിട്ട സെവിയ്യ ഗോള്‍കീപ്പര്‍ ബെറ്റോക്ക് സ്വന്തം. കെവിന്‍ ഗമെയ്‌റോയുടെ കിക്ക് വലയിലെത്തിയതോടെയാണ് സെവിയ്യ അവരുടെ മൂന്നാമത്തെ യൂറോപ ലീഗില്‍ മുത്തമിട്ടത്. ഇതേ ടൂര്‍ണമെന്റ് മുമ്പ് യുവേഫ കപ്പ് എന്നറിയപ്പെട്ടപ്പോഴായിരുന്നു സെവിയ്യയുടെ ആദ്യ രണ്ട് ജയങ്ങള്‍. 2006,2007 വര്‍ഷങ്ങളില്‍ തുടരെയായിരുന്നു ഈ കിരീടജയങ്ങള്‍.
ആദ്യ തൊണ്ണൂറ് മിനുട്ടില്‍ ഗംഭീരപ്രകടനം ബെന്‍ഫിക്ക കാഴ്ചവെച്ചു. ഗോളെന്നുറച്ച നിരവധി അവസരങ്ങള്‍ ഫിനിഷിംഗിലെ പോരായ്മ കൊണ്ടും അതിലുപരി ദൗര്‍ഭാഗ്യം കൊണ്ടും പാഴായി. ഗോളിയെ കീഴടക്കിയ സന്ദര്‍ഭത്തില്‍ ഗോള്‍ലൈനില്‍ വെച്ച് പോലും പന്ത് ക്ലിയര്‍ ചെയ്യപ്പെട്ടു. ഭാഗ്യം സെവിയ്യക്കൊപ്പമാണെന്ന് വ്യക്തമായിരുന്നു. എക്‌സ്ട്രാ ടൈമിലേക്ക് നീണ്ടതോടെ സെവിയ്യക്ക് മാനസികാധിപത്യം കൈവന്നു. ബെന്‍ഫിക്കയുടെ ഗോള്‍ മുഖത്ത് രണ്ട് വട്ടം അവര്‍ ഭീതി പരത്തി.
ഷൂട്ടൗട്ടിലെത്തിയപ്പോള്‍ ടോസ് ഭാഗ്യം സെവിയ്യക്കൊപ്പം നിന്നു. ഇത് നിര്‍ണായകമായി.സ്വന്തം കാണികളെ അഭിമുഖമായി കിക്കെടുക്കാന്‍ സെവിയ്യ തീരുമാനിച്ചു. ബെന്‍ഫിക്കക്ക് കിക്കെടുക്കുന്നവര്‍ നേരിട്ട വലിയ വെല്ലുവിളി ഇതായിരുന്നു. മുന്നില്‍ സെവിയ്യക്കായി മുറവിളി കൂട്ടുന്ന ജനക്കൂട്ടം വന്‍മതില്‍ തീര്‍ത്ത് നില്‍ക്കുന്നു. അവര്‍ക്കൊപ്പം പോര്‍ച്ചുഗല്‍ ഗോള്‍ കീപ്പര്‍ ബെറ്റോയും. ഒട്ടും ആത്മവിശ്വാസമില്ലാതെയാണ് കര്‍ഡോസോയും റോഡ്രിഗസും കിക്കെടുത്തത്. ഗോളിയുടെ വലത് ഭാഗത്തേക്ക് ദുര്‍ബല കിക്കെടുത്ത് കര്‍ഡോസോ നിരാശപ്പെടുത്തിയപ്പോള്‍ റോഡ്രിഗസ് ഇടത് ഭാഗത്തേക്ക് അതിലും ദുര്‍ബലമായ കിക്കെടുത്ത് ബെന്‍ഫിക്കയെ ദുരന്തമുഖത്താക്കി.
ഷൂട്ടൗട്ടില്‍ 1-1ന് തുല്യം നില്‍ക്കുമ്പോഴാണ് രണ്ടാം കിക്കെടുത്ത കര്‍ഡോസോക്ക് പിഴച്ചത്. സെവിയ്യക്കായി രണ്ടാം കിക്കെടുത്ത സ്റ്റെഫാനി എംബിയ ബുള്ളറ്റ് ഷോട്ടിലൂടെ വല കുലുക്കി സെവിയ്യ ആരാധകരോട് ശബ്ദം പോരെന്ന് ആംഗ്യം കാണിച്ചു. ഇത്, സെവിയ്യ താരങ്ങളുടെ ആത്മവിശ്വാസം അടിവരയിട്ടു. ബെന്‍ഫിക്കയുടെ മൂന്നാം കിക്കെടുത്ത റോഡ്രിഗസിന് പിഴച്ചതോടെ സെവിയ്യ പിടിമുറുക്കി (2-1). കോക്കെയിലൂടെ 3-1ന് സ്പാനിഷ് ക്ലബ്ബ് ലീഡെടുത്തു. ക്യാപ്റ്റന്‍ ലൂയിസാവോ ബെന്‍ഫിക്കക്ക് പ്രതീക്ഷ നല്‍കി (3-2). നാലാം കിക്ക് കെവന്‍ ഗമെയ്‌റോ വലയിലെത്തിച്ചതോടെ സെവിയ്യ ചാമ്പ്യന്‍മാര്‍. യൂറോപ ലീഗ് ഷൂട്ടൗട്ടിലൂടെ സ്വന്തമാക്കുന്ന ആദ്യ ടീമായും സെവിയ്യ മാറി. മികച്ച ടീം എല്ലായ്‌പോഴും കിരീടം നേടണമെന്നില്ലെന്ന് ബെന്‍ഫിക്ക കോച്ച് ജീസസ് പറഞ്ഞു.