Connect with us

National

ലോബീയിംഗിലൂടെ കേന്ദ്രമന്ത്രിപദം മോഹിക്കേണ്ട

Published

|

Last Updated

ന്യൂഡല്‍ഹി: ലോബിയിംഗ് നടത്തി മന്ത്രിസഭയില്‍ ഇടം നോടാന്‍ നേക്കേണ്ടെന്ന് ബി ജെ പി എം പിമാര്‍ക്ക് മോദിയുടെ മുന്നറിപ്പ്. കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനം നേടാന്‍ അണിയറ നീക്കങ്ങളും ചരടുവലികളും നടത്താന്‍ നില്‍ക്കാതെ അവരവരുടെ സംസ്ഥാനങ്ങളില്‍ നിലനിന്നുകൊണ്ട് പാര്‍ട്ടിയെ ശക്തമാക്കാന്‍ പരിശ്രമിക്കണമെന്നും ബി ജെ പിയുടെ നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശിച്ചു.
കര്‍ണാടകത്തില്‍ നിന്നുള്ള എം പിമാരായ ബി എസ് യെഡിയൂരപ്പയുടെയും അനന്തകുമാറിന്റെയും നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മന്ത്രിസ്ഥാനത്തേക്കുള്ള ശിപാര്‍ശയുമായി എത്തിയപ്പോഴായിരുന്നു നരേന്ദ്ര മോദി ഇത്തരത്തിലൊരു നിര്‍ദേശം നല്‍കിയത്. ഗോവയിലെ ബി ജെ പി നേതാവായ ശ്രീപദ് നായിക് ഇത്തരത്തിലൊരഭിപ്രായം അറിയാതെ തനിക്ക് കേന്ദ്ര മന്ത്രിസഭയില്‍ സ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ഇന്നലെ പ്രസ്താവന നടത്തുകയുണ്ടായി. നാല് തവണ എം പിയായ അദ്ദേഹം എന്തായാലും മന്ത്രിസ്ഥാനം പ്രതീക്ഷിക്കുന്നതായാണ് വ്യക്തമാക്കിയത്. ചെറിയ സംസ്ഥാനമായ ഗോവയില്‍ നല്ല രീതിയിലുള്ള പ്രകടനമാണ് ബി ജെ പി കാഴ്ചവെച്ചത്. അതിനാല്‍ തന്നെ രണ്ട് സീറ്റ് മാത്രമുള്ള ഗോവയില്‍ രണ്ടിലും വിജയിക്കാനായിട്ടുണ്ട്.
സംസ്ഥാനം ഒരു മന്ത്രിസ്ഥാനമെങ്കിലും പ്രതിക്ഷിക്കുന്നുണ്ടെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഇത്തരത്തിലൊരു ആശങ്ക നിലനില്‍ക്കുന്ന ഘട്ടത്തില്‍ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍, മോദിയെ കാണുമെന്നാണ് അറിയുന്നത്.
വിവിധ സംസ്ഥാനങ്ങളിലെ ബി ജെ പി. എം പിമാരും നേതാക്കളും കേന്ദ്ര മന്ത്രിസ്ഥാനം നേടാന്‍ സമ്മര്‍ദ തന്ത്രങ്ങളും അണികളില്‍ കൂടിയുള്ള ശിപാര്‍ശകളും ഉയര്‍ത്തിത്തുടങ്ങിയ പശ്ചാത്തലത്തിലാണ് മോദി താക്കീതിന്റെ സ്വരത്തില്‍ ഇങ്ങനെ വ്യക്തമാക്കി രംഗത്തെത്തിയത്. ഈ നീക്കം പല എം പിമാര്‍ക്കും തിരിച്ചടിയാകുമെന്ന് വിലയിരുത്തുന്നു.
കേന്ദ്ര മന്ത്രിയും സീനിയര്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ സുശീല്‍ കുമാര്‍ ഷിന്‍ഡെയെ ഇക്കുറി തോല്‍പ്പിച്ച തനിക്ക് സമ്മാനമെന്ന നിലയില്‍ കേന്ദ്രമന്ത്രി പദം കിട്ടുമെന്ന് മഹാരാഷ്ട്രയില്‍ നിന്നുള്ള ശരദ് ബന്‍സുലെ എം പി പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.
ശിവസേനയുടെയും തെലുഗു ദേശം പാര്‍ട്ടിയുടെയും പല എം പിമാരും ക്യാബിനറ്റ് പദവി പ്രതീക്ഷയുമായി രംഗത്തുണ്ട്. മോദിയുടെ ഈ മുന്നറിയിപ്പ് ഇവരെയും പ്രതികൂലമായി ബാധിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ബി ജെ പിക്ക് ഒറ്റക്ക് ഭൂരിപക്ഷവും നരേന്ദ്ര മോദിക്ക് നിലപാടെടുക്കാനുള്ള പിന്‍ബലവും ഉള്ള സാഹചര്യത്തില്‍ വകുപ്പുകള്‍ക്കും മറ്റും വിലപേശുക അസാധ്യമാണെന്നും പല പാര്‍ട്ടികളും തിരിച്ചറിയുന്നുണ്ട്.