Connect with us

International

ബംഗ്ലാ- ബീഹാരി സംഘര്‍ഷം; പത്ത് പേര്‍ മരിച്ചു

Published

|

Last Updated

ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ മീര്‍പൂരില്‍ ബംഗ്ലാദേശികളും കുടിയേറിത്താമസിക്കുന്ന ബീഹാരികളും തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. മീര്‍പൂരില്‍ ബറാഅത്ത് പരിപാടിക്കിടെ രാത്രിയില്‍ പടക്കം പൊട്ടിച്ചതിനെ തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. തീവെപ്പില്‍ ഒരു കുടുംബത്തിലെ എട്ട് പേരടക്കം ഒമ്പത് പേര്‍ വെന്ത് മരിച്ചു. ഇവരില്‍ നാല് കുട്ടികളും ഒരു സ്ത്രീയും ഉണ്ട്.
തുടര്‍ന്ന് ബംഗ്ലാദേശി ക്യാമ്പിനു നേരെയുണ്ടായ വെടിവെപ്പില്‍ ഒരാളും കൊല്ലപ്പെട്ടു. വെടിവെച്ചത് പോലീസാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ബറാഅത്ത് ദിവസം രാത്രി പ്രദേശത്തെ ബംഗ്ലാദേശി സ്വദേശികളും ബീഹാരികളും ഒരു വീടിന്റെ സമീപം വെച്ച് പടക്കങ്ങള്‍ പൊട്ടിക്കുകയായിരുന്നു. ഇതിനിടെ ഒരു വീടിന് തീ പിടിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്ന് ധാക്ക അഡീഷനല്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജാസിം ഉദ്ദീന്‍ പറഞ്ഞു. കലാപത്തിന്റെ മറവില്‍ പത്ത് വീടുകള്‍ കൊള്ളയടിക്കുകയും അഗ്നിക്കിരയാക്കുകയും ചെയതു. ബംഗ്ലാദേശികളായ ചിലര്‍ ഇന്നലെ രാത്രി ബറാഅത്ത് പരിപാടികള്‍ നടക്കുന്ന സ്ഥലത്ത് പെട്രോളിംഗ് നടത്തിയിരുന്ന പോലീസുകാരുമായി തര്‍ക്കിച്ചിരുന്നു. പ്രശ്‌നങ്ങളുണ്ടാക്കരുതെന്നും പ്രദേശത്ത് സമാധാനാന്തരീക്ഷം നിലനിര്‍ത്തണമെന്നും പോലീസ് അവര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇത് ലംഘിച്ച് കൊണ്ട് ചിലര്‍ രാവിലെ പ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്തുകയായിരുന്നു. കലാപമുണ്ടായതിനെ തുടര്‍ന്ന് പോലീസ് ഇടപെട്ടു. പോലീസിന്റെ ഇടപെടലില്‍ പ്രതിഷേധിച്ച് ബീഹാരികള്‍ ശവശരീരങ്ങള്‍ റോഡിലിട്ട് കത്തിച്ചു. പോലീസിന് ക്യാമ്പിലേക്ക് പ്രവേശിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കലാപം കൂടുതല്‍ വ്യാപിപ്പിക്കാതെ പോലീസ് തടയുകയായിരുന്നു.

Latest