Connect with us

Ongoing News

ഗോള്‍ഡന്‍ ബൂട്ട് യാത്ര മുള്ളര്‍ ആരംഭിച്ചു ; വില്ലനായി പെപെ

Published

|

Last Updated

സാല്‍വദോര്‍: ഗോള്‍ഡന്‍ ബൂട്ട് ഇത്തവണയും തോമസ് മുള്ളര്‍ റാഞ്ചുമോ ? ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ ആറ് മത്സരങ്ങളില്‍ അഞ്ച് ഗോളുകള്‍ നേടിയാണ് മുള്ളര്‍ സുവര്‍ണപാദുകം സ്വന്തമാക്കിയത്. ബ്രസീലില്‍ ആദ്യ കളിയില്‍ തന്നെ ഹാട്രിക്ക് നേടി മുള്ളര്‍ വിസ്മയിപ്പിച്ചിരിക്കുന്നു. ഫോം കണ്ടെത്തിയതോടെ ജര്‍മനിയുടെ സ്റ്റാര്‍ട്ടിംഗ് ലൈനപ്പില്‍ മുള്ളര്‍ക്ക് ഇനിയെതിരില്ല.
ഗ്രൂപ്പ് റൗണ്ട് പിന്നിടുമ്പോഴേക്കും ബയേണ്‍ മ്യൂണിക് താരം തന്റെ ഗോള്‍ എക്കൗണ്ടില്‍ നിക്ഷേപം വര്‍ധിപ്പിച്ചേക്കും. എട്ട് ഗോളുകളാണ് ലോകകപ്പ് സമ്പാദ്യം. 14 ഗോളുകളോടെ, ബ്രസീലിന്റെ റൊണാള്‍ഡോയുടെ 15 ഗോളുകളുടെ റെക്കോര്‍ഡിന് ഭീഷണിയായി നില്‍ക്കുന്ന മിറോസ്ലാവ് ക്ലോസെ ജര്‍മനിക്കൊപ്പമുണ്ട്. ഇപ്പോഴത്തെ അവസ്ഥയില്‍ മുള്ളറെ മറികടന്ന് ആദ്യ ലൈനപ്പിലെത്തുക ക്ലോസെക്ക് പ്രയാസകരം. ക്ലോസെക്ക് മുന്നെ മുള്ളറെങ്ങാനും റൊണാള്‍ഡോയുടെ റെക്കോര്‍ഡ് തകര്‍ക്കുമോ എന്നാണിപ്പോഴത്തെ സംശയം. പെനാല്‍റ്റിയിലൂടെ പന്ത്രണ്ടാം മിനുട്ടിലായിരുന്നു ആദ്യ ഗോള്‍. 45+1, 78 മിനിറ്റുകളില്‍ ഹാട്രിക്ക് തികച്ചു. മാറ്റ്‌സ് ഹമ്മല്‍സാണ് മറ്റൊരു ഗോള്‍ നേടിയത്.
പെപെയുടെ അബദ്ധം
രണ്ട് ഗോളിന് ടീം പിറകില്‍ നില്‍ക്കുമ്പോള്‍ മുഖ്യ ഡിഫന്‍ഡറും ഏറെ പരിചയ സമ്പത്തുമുള്ള താരത്തിന് ചേര്‍ന്നതായിരുന്നോ പെപെയുടെ പെരുമാറ്റം. മുള്ളറിനെ ചോദ്യം ചെയ്യാന്‍ ദേഷ്യത്തോടെ തലകൊണ്ടൊന്ന് മുട്ടിയ പെപെ ചുവപ്പ് കാര്‍ഡ് ചോദിച്ചു വാങ്ങുകയായിരുന്നു. സ്പാനിഷ് ലാ ലിഗയില്‍ റെഡ് കാര്‍ഡ് കാണുന്നതുപോലെയല്ല ലോകകപ്പ്. പോര്‍ച്ചുഗലിന് തിരിച്ചുവരവിനുള്ള സാധ്യതകളാണ് പെപെ അടച്ചത്. വലിയ മാര്‍ജിനില്‍ തോല്‍ക്കേണ്ടി വന്നത് ആള്‍ബലം കുറഞ്ഞതു കൊണ്ടാണ്. ക്രിസ്റ്റ്യാനോ സഹായത്തിനാളില്ലാതെ വലയുമ്പോള്‍ പെപെ തനിക്ക് പറ്റിയ അബദ്ധം തിരിച്ചറിഞ്ഞിട്ടുണ്ടാകും. താന്‍ ഫൗള്‍ അഭിനയിച്ചിട്ടില്ല. പെപെ തലക്ക് ഇടിച്ചതു കൊണ്ടാണ് പ്രകോപിതനായത്. ചുവപ്പ് കാര്‍ഡ് വാങ്ങിക്കൊടുക്കുക തന്റെ ഉദ്ദേശ്യമല്ലെന്നും സംഭവത്തില്‍ നിരാശയുണ്ടെന്നും തോമസ് മുള്ളര്‍.
ക്രിസ്റ്റ്യാനോ
ജര്‍മനിയോട് ദാരുണമായി തോറ്റതിന് പിന്നാലെ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ക്ഷമകെട്ടു. വലിയ ഗോളടിക്കാരനെങ്കിലും ലോകകപ്പില്‍ രണ്ട് ഗോളുകള്‍ മാത്രമാണല്ലോ നേടിയതെന്ന ചോദ്യമാണ് ക്രിസ്റ്റ്യാനോയെ ചൊടിപ്പിച്ചത്. എനിക്കാരെയും ഒന്നും ബോധിപ്പിക്കാനില്ല. കരിയര്‍ കണക്കുകള്‍ പരിശോധിച്ചു നോക്കൂ. ഈ ചോദ്യത്തിന് മറുപടിയില്ല. ഏറ്റവും ഉയര്‍ന്ന തലത്തിലെത്തും വരെ കരിയര്‍ തുടരും – ക്രിസ്റ്റ്യാനോ മറുപടി നല്‍കി. പോര്‍ച്ചുഗലിനായി സൂപ്പര്‍ താരത്തിന്റെ 112താമത് മത്സരമായിരുന്നു. ആകെ 49 ഗോളുകള്‍ നേടി ക്രിസ്റ്റ്യാനോ മുന്നിട്ട് നില്‍ക്കുന്നു. പക്ഷേ ലോകകപ്പില്‍ ക്രിസ്റ്റ്യാനോയുടെ റെക്കോര്‍ഡ് മോശമാണ്.
ശക്തരായ ജര്‍മനിക്കെതിരെ ക്രിസ്റ്റ്യാനോ അഞ്ച് തവണയാണ് ഗോളിലേക്ക് ഉന്നം വെച്ചത്. ഇതിലൊരു ഫ്രീകിക്ക് ജര്‍മന്‍ ഗോളി ന്യുവറെ പരീക്ഷിച്ചു. സഹതാരങ്ങളുടെ പിന്തുണയില്ലാതെ ക്രിസ്റ്റ്യാനോ വലയുന്ന കാഴ്ചയായിരുന്നു.
ജര്‍മനിക്ക് മുന്നില്‍ രക്ഷയില്ല
ജര്‍മനിക്ക് മുന്നില്‍ മുട്ട് വിറക്കുന്നത് പോര്‍ച്ചുഗലിന്റെ ശീലമാകുന്നു. മേജര്‍ ടൂര്‍ണമെന്റുകളില്‍ ഇത് നാലാം തവണയാണ് പറങ്കിപ്പട ജര്‍മനിക്ക് മുന്നില്‍ പരാജയപ്പെടുന്നത്. 2006 ലോകകപ്പില്‍ മൂന്നാം സ്ഥാനക്കാരെ നിര്‍ണയിക്കുന്ന പ്ലേ ഓഫിലും 2008, 2012 യൂറോ കപ്പിലും ജര്‍മനി പോര്‍ച്ചുഗല്‍ വീര്യത്തെ കെടുത്തി. ഇത്തവണ ലോകകിരീടം ഉയര്‍ത്താന്‍ പൂര്‍ണസജ്ജരായെത്തിയ ജര്‍മനി എതിരില്ലാത്ത നാലുഗോളുകള്‍ക്കാണ് തറപറ്റിച്ചത്. പറങ്കികള്‍ക്ക് ക്ഷീണം തന്നെ!