Connect with us

National

മോദിയുടെ കടുത്ത നടപടികളില്‍ ഇന്ധന വില മുതല്‍ റെയില്‍വേ കൂലി വര്‍ധന വരെ

Published

|

Last Updated

ന്യൂഡല്‍ഹി: യു പി എ സര്‍ക്കാര്‍ കാലിയായ ഖജനാവാണ് അവശേഷിപ്പിച്ചതെന്നും രാജ്യത്തെ മുന്നോട്ട് നയിക്കാന്‍ “കടുത്ത നടപടികള്‍” വേണ്ടി വരുമെന്നുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുന്‍കൂര്‍ ജാമ്യം. തന്നില്‍ അമിത പ്രതീക്ഷയര്‍പ്പിക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു വെക്കുന്നു. അദ്ദേഹം സൂചിപ്പിക്കുന്ന കടുത്ത നടപടികളില്‍ ഇന്ധന സബ്‌സിഡിയില്‍ തൊടുന്നത് തൊട്ട് റെയില്‍വേ കൂലി കുത്തനെ കൂട്ടുന്നത് വരെയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഡീസല്‍ വിലനിയന്ത്രണം ഭാഗികമായെങ്കിലും എടുത്തു കളയും. എല്‍ പി ജി, മണ്ണെണ്ണ എന്നിവയുടെ വിലയില്‍ പ്രതിമാസ വര്‍ധന നിലവില്‍ വരാനുമിടയുണ്ട്. യു പി എയുടെ അഭിമാനമായിരുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതിയുടെ ചിറകും കാലും അരിയും. പാവപ്പെട്ടവരെ മാത്രം ഉള്‍പ്പെടുത്തി പദ്ധതിയുടെ വ്യാപ്തി വെട്ടിക്കുറക്കും. പാവപ്പെട്ടവര്‍ ആരെന്ന് സര്‍ക്കാര്‍ തീരുമാനിക്കും.
യൂറിയ അടക്കമുള്ള വളങ്ങളുടെ വിലയില്‍ വര്‍ധന വരുത്തുകയെന്നതാണ് “കടുത്ത നടപടി”കളില്‍ മറ്റൊന്ന്. സര്‍ക്കാര്‍ ചെലവ് പരമാവധി കുറക്കും. പല ക്ഷേമ പദ്ധതികളുടെയും വ്യാപ്തി കുറച്ചേക്കും. ഗുജറാത്തില്‍ മിച്ച ബജറ്റ് കൊണ്ടുവരുന്നതില്‍ മോദി ശുഷ്‌കാന്തി കാണിച്ചിരുന്നു. പൊതു മേഖലാ ബേങ്കുകളെ ലയിപ്പിക്കുകയെന്ന പണപരമായ നടപടിക്ക് മോദി സര്‍ക്കാര്‍ മുതിര്‍ന്നേക്കാമെന്ന് ഈ രംഗത്തുള്ളവര്‍ ആശങ്കപ്പെടുന്നുണ്ട്. ഭൂമിയേറ്റെടുക്കല്‍ ചട്ടങ്ങള്‍ കൂടുതല്‍ ഉദാരമാക്കും.
റെയില്‍വേ യാത്രാ നിരക്ക് വര്‍ധിപ്പിക്കുമെന്ന് മന്ത്രി സദാനന്ദ ഗൗഡ വ്യക്തമാക്കിക്കഴിഞ്ഞു. വിലവര്‍ധനവെന്ന പാപം കഴിഞ്ഞ സര്‍ക്കാര്‍ തന്റെ ചുമലിലേല്‍പ്പിച്ചുവെന്നാണ് അദ്ദേഹം മുതലക്കണ്ണീര്‍ പൊഴിച്ചത്.
വിളകളുടെ താങ്ങുവിലയിലെ വര്‍ധന മന്ദഗതിയിലാക്കും. രോഗാവസ്ഥയിലുള്ള പൊതു മേഖലാ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുമെന്നുറപ്പാണ്. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവക്ക് കൂടുതല്‍ പരിഗണന ലഭിക്കും. അവയില്‍ നിന്ന് വര്‍ധിച്ച വരുമാനം ആര്‍ജിക്കുന്നതിന് ബഹുമുഖ പദ്ധതികള്‍ ആവിഷ്‌കരിക്കും. ഇത്തരം സ്ഥാപനങ്ങളില്‍ പാഴ്‌ച്ചെലവ് കര്‍ശനമായി നിയന്ത്രിക്കും.
നികുതി ഘടനയില്‍ കാര്യമായ മാറ്റത്തിന് സര്‍ക്കാര്‍ തുടക്കം കുറിക്കുമെന്നുറപ്പാണ്. പരോക്ഷ നികുതി വര്‍ധിപ്പിക്കാന്‍ ഔഷധങ്ങളടക്കമുള്ളവയില്‍ കണ്ണുവെച്ചാല്‍ പോലും അത്ഭുതപ്പെടാനില്ല.
എന്നാല്‍ കോര്‍പറേറ്റുകള്‍ക്ക് കൂടുതല്‍ നികുതി ഇളവുകള്‍ നല്‍കും. സാമ്പത്തിക വളര്‍ച്ചക്ക് അത് അനിവാര്യമാണെന്നായിരിക്കും ന്യായം.