Connect with us

Ongoing News

സ്‌പെയിന്‍ നന്ദി

Published

|

Last Updated

spainഅര്‍ജന്റീന ഫാന്‍സിന്റെ കൂറ്റന്‍ ഫഌക്‌സ്. ഒരു നെവര്‍ മൈന്‍ഡ് ചിരിയുമായി മെസി. ബ്രസീല്‍ ഫാന്‍സിനെയൊന്ന് പൊള്ളിക്കാന്‍ ചീറിയ കമെന്റും. അതിങ്ങനെ: വെടിക്കെട്ടുകാരന്റെ മകനെ ഉടുക്കു കൊട്ടി പേടിപ്പിക്കല്ലേ..ബോസേ…!

തൊട്ടരികില്‍ ബ്രസീല്‍ ഫാന്‍സിന്റെ ഫഌക്‌സ്. നീളവും വലിപ്പവും ഒട്ടും കുറവില്ല (രണ്ട് പേരും ഒരേ സെന്ററില്‍ നിന്നാണിതെല്ലാം ചെയ്യുന്നത്). പന്തും പിടിച്ചങ്ങനെ നില്‍പ്പാണ് നെയ്മര്‍. കമെന്റുണ്ട്. അതിങ്ങനെ: ആരെയും വെല്ലുവിളിക്കാനില്ല. കാരണം ഞങ്ങളെ വെല്ലാനാരുമില്ല !
രണ്ട് പേര്‍ക്കും മറുപടി നല്‍കി കോഴിക്കോട്ടെ “സ്പാനിഷു”കാരുടെ ഫഌക്‌സ് ബോര്‍ഡ്. ഇനിയെസ്റ്റയും സംഘവും ടിക്കി-ടാക്ക സ്റ്റൈലില്‍. കാല്‍പ്പന്തിന്റെ സൗന്ദര്യമറിയിക്കാന്‍ വരുന്നു ലോകചാമ്പ്യന്‍മാര്‍ എന്ന കമെന്റും.
നാട് മുഴുവന്‍ അര്‍ജന്റീന-ബ്രസീല്‍ ഫഌക്‌സ് പോരാട്ടം. ലോകകപ്പ് കളിക്കുന്നത് ഈ രണ്ട് ടീമുകള്‍ മാത്രമാണെന്ന് തോന്നിപ്പോകും. ഇവരുടെ പോരിനിടെ സ്‌പെയിന്‍ ഇടം പിടിച്ചതില്‍ അത്ഭുതപ്പെടാനില്ല. തുടരെ രണ്ട് തവണ യൂറോ കപ്പ്. അതിനിടെ ആദ്യമായി ലോകകപ്പ്. ആറ് വര്‍ഷത്തിനിടെ തുടരെ മൂന്ന് മേജര്‍ ടൂര്‍ണമെന്റുകളില്‍ സ്‌പെയിന്‍ ചാമ്പ്യന്‍മാരായതിനേക്കാള്‍, അവര്‍ കളിച്ച രീതിയായിരുന്നു സൂപ്പര്‍ ഹിറ്റ്. ടിക്കി-ടാക്ക എന്ന ഓമനപ്പേരിലറിയപ്പെടുന്ന പൊസഷന്‍ ഗെയിം. എണ്ണയിട്ട യന്ത്രം പോലെ സ്‌പെയിന്‍ താരങ്ങള്‍ വിശ്രമമില്ലാതെ, പിഴവില്ലാതെ കുറിയ പാസുകള്‍ നെയ്‌തെടുക്കുന്നു. അതിന്റെ അറ്റമെന്നത് പലപ്പോഴും എതിരാളിയുടെ വലക്കുള്ളിലാകും.
സ്‌പെയിന്‍ ഫുട്‌ബോള്‍ ലോകം അടക്കിവാണപ്പോള്‍ ഇപ്പറഞ്ഞ ബ്രസീലുകാരും അര്‍ജന്റീനക്കാരുമെല്ലാം ഉള്ളിന്റെയുള്ളില്‍ ടിക്കി-ടാക്കക്കാരെ ആരാധിച്ചു. നീളന്‍ ക്രോസുകളും ലോംഗ് റേഞ്ചറുകളിലും നിറഞ്ഞാടിയ യൂറോപ്യന്‍ ഫുട്‌ബോളില്‍ നിന്നാണ് സ്‌പെയിന്‍ ചാരുതയാര്‍ന്ന ശൈലിയുമായി വരുന്നത്. ഒരു കളിയില്‍ അറുനൂറിലേറെ പാസുകള്‍ നടത്തുകയെന്ന് വെച്ചാല്‍ ! അതും എതിരാളികള്‍ നൂറ് പാസുകള്‍ തികയ്ക്കാന്‍ പ്രയാസപ്പെടുമ്പോള്‍. ലൂയിസ് അരഗോണസ് പരിശീലകനായിരുന്നപ്പോഴാണ് സ്‌പെയിന്‍ 2008 യൂറോ കപ്പ് ഉയര്‍ത്തുന്നത്. പിന്നീട് വിസെന്റ് ഡെല്‍ ബൊസ്‌ക് എന്ന തന്ത്രശാലിക്ക് കീഴില്‍ സ്‌പെയിന്‍ ആര്‍ക്ക് മുന്നിലും തലകുനിക്കാത്തവരായി മാറി. 2010 ലോകകപ്പും 2012 യൂറോ കപ്പും മറ്റാരുടെയും കൈയ്യകലത്തില്‍ പോലുമെത്തിയില്ല. സ്‌പെയിന്‍ മാത്രം !
ലോകഫുട്‌ബോളിന് ഏകാധിപത്യ സ്വഭാവം. വിരസത പടര്‍ന്നു. ടിക്കി-ടാക്ക ബോറന്‍ ഗെയിം. വികാരം സ്പാനിഷ് സംഘത്തിനെതിരാകാന്‍ തുടങ്ങി. ഫിഫ കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫൈനലില്‍ ബ്രസീല്‍ അടികൊടുത്തു. അതൊരു സാമ്പിളായിരുന്നുവെന്ന് ഹോളണ്ടും ചിലിയും കയറി മേഞ്ഞപ്പോള്‍ വ്യക്തമായി. ഗ്രൂപ്പിലെ ആദ്യ രണ്ട് കളികളില്‍ ഏഴ് ഗോളുകള്‍ വാങ്ങി, സ്‌പെയിന്‍ ലോകവേദിയില്‍ നിന്ന് അവരുടെ അസ്തമയം പ്രഖ്യാപിച്ചു കൊണ്ട് വിടവാങ്ങിയിരിക്കുന്നു. മനോഹരമായ ഫുട്‌ബോള്‍ നിമിഷങ്ങള്‍ സമ്മാനിച്ചാണ് വിസെന്റെ ഡെല്‍ ബോസ്‌കും സംഘവും സുവര്‍ണയുഗാന്ത്യം പൂര്‍ത്തിയാക്കിയത്. അവര്‍ക്ക് നന്ദി പറയാം. ലോകഫുട്‌ബോളിനെ എന്റര്‍ടെയിന്‍ ചെയ്യിച്ചതിന്, പുതിയ തന്ത്രങ്ങള്‍ ആവീഷ്‌കരിക്കാന്‍ ഹോളണ്ടിനെ പോലുളള ടീമുകളെ നിര്‍ബന്ധിതമാക്കിയതിന്, അങ്ങനെ എല്ലാത്തിനും.
ആദ്യം ബാഴ്‌സ, പിന്നെ ബയേണ്‍, ഇപ്പോഴിതാ സ്‌പെയിനും
സ്‌പെയിനിന്റെ ലോകകപ്പ് ദുരന്തത്തിലേക്ക് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. കോണ്‍ഫെഡറേഷന്‍സ് കപ്പില്‍ ബ്രസീലിനോട് തോല്‍ക്കുന്നതിനും മുമ്പെ. സ്പാനിഷ് ക്ലബ്ബ് ബാഴ്‌സലോണയില്‍ പെപ് ഗോര്‍ഡിയോള അവതരിപ്പിച്ച പൊസഷന്‍ ഗെയിമായിരുന്നു സ്‌പെയിന്‍ ദേശീയ ടീമിനെയും ലോകോത്തരമാക്കിയത്. ഷാവി ഹെര്‍നാണ്ടസ്, ആന്ദ്രെ ഇനിയെസ്റ്റ, ബുസ്‌ക്വുറ്റ്‌സ്, പെഡ്രോ റോഡ്രിഗസ്, ജെറാര്‍ഡ് പീക്വെ, കാര്‍ലസ് പ്യുയോള്‍ എന്നീ ബാഴ്‌സ താരങ്ങളായിരുന്നു സ്‌പെയിനിന്റെയും കരുത്ത്. ആദ്യ സീസണില്‍ (2008-09) തന്നെ ഗോര്‍ഡിയോള ബാഴ്‌സയെ യുവേഫ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കി. ഒപ്പം തന്നെ സ്പാനിഷ് ലീഗും, കപ്പും ജയിച്ച് ബാഴ്‌സ ചരിത്രം സൃഷ്ടിച്ചു. 2009 ല്‍ കലണ്ടര്‍ വര്‍ഷം ആറ് കിരീടങ്ങള്‍ സ്വന്തമാക്കിയും ബാഴ്‌സ അത്ഭുതമായി. എല്‍ക്ലാസികോയില്‍ റയല്‍മാഡ്രിഡ് തുടരെ നാല് തവണ ബാഴ്‌സക്ക് മുന്നില്‍ തലകുനിച്ചതോടെ ഗോര്‍ഡിയോള എന്ന യുവപരിശീലകന്റെ കാല്‍ക്കീഴിലായി ഫുട്‌ബോള്‍.
റയല്‍മാഡ്രിഡ് പരിശീലകനായി ജോസ് മൗറിഞ്ഞോ വന്നതോടെ ബാഴ്‌സയുടെ പൊസഷന്‍ ഗെയിമിന് മറുപടിയുണ്ടെന്ന് വ്യക്തമായി. കൗണ്ടര്‍ അറ്റാക്കിംഗിലൂടെ ബാഴ്‌സയെ വീഴ്ത്തി റയല്‍ കിംഗ്‌സ് കപ്പ് ഉയര്‍ത്തി. അതൊരു തുടക്കമായിരുന്നു. ഗോര്‍ഡിയോള തന്റെ നാലാം സീസണില്‍, തന്ത്രങ്ങളെല്ലാം പിഴച്ചതിന്റെ പേരില്‍ ബാഴ്‌സലോണ വിട്ടു. ബയേണ്‍ മ്യൂണിക്കിലെത്തിയപ്പോഴും ഗോര്‍ഡിയോള പൊസഷന്‍ ഗെയിമുമായി മുന്നോട്ടു പോകുന്നു. ഏഴ് മത്സരങ്ങള്‍ ശേഷിക്കെയാണ് അവര്‍ ഇത്തവണ ജര്‍മന്‍ ചാമ്പ്യന്‍മാരായത്. പക്ഷേ യൂറോപ്പില്‍ കാര്‍ലോ ആഞ്ചലോട്ടിയുടെ റയല്‍മാഡ്രിഡ് കൗണ്ടര്‍ അറ്റാക്കിംഗ് എന്ന മറുതന്ത്രമുപയോഗിച്ച് ബയേണിന്റെ പൊസഷന്‍ ഗെയിമിനെ കശക്കിയെറിഞ്ഞു. സ്പാനിഷ് ലാ ലിഗയില്‍ ബാഴ്‌സലോണയുടെ കുതിപ്പിന് തടയിടാന്‍ ഡിയഗോ സിമിയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡ് പയറ്റിയതും കൗണ്ടര്‍ അറ്റാക്കിംഗ് തന്ത്രമായിരുന്നു. സ്‌പെയിനിന്റെ ടിക്കി-ടാക്ക ഇനി ചെലവാകില്ലെന്ന് ലോകകപ്പിന് മുമ്പ് തന്നെ റയലും അത്‌ലറ്റിക്കോയുമൊക്കെ സൂചിപ്പിച്ചത് ഈ വിധം.

ടിക്കി-ടാക്ക; ശീലവും വഴക്കവും
പതിനൊന്ന് പേരും ഒരേ പ്രതിഭാസ്പര്‍ശത്തോടെ കളിക്കേണ്ട ശൈലി. ഒരാള്‍ക്ക് പിഴച്ചാല്‍ കഥ കഴിഞ്ഞു. ആക്രമിക്കുന്നതും പ്രതിരോധിക്കുന്നതും ടീം ഒന്നിച്ചാണ്. പലപ്പോഴും നാല്‍പതും അമ്പതും പാസുകളൊക്കെ സ്‌പെയിന്‍ ഇഴമുറിയാതെ കളിക്കും. ടിവിയില്‍ കളി കാണുമ്പോള്‍ തന്നെ തലകറക്കം വരും. അപ്പോള്‍ ഗ്രൗണ്ടിലുള്ളവരുടെ സ്ഥിതിയോ? ബാഴ്‌സയായാലും ബയേണായാലും സ്‌പെയിനായാലും എതിരാളിക്ക് തലകറക്കം സൃഷ്ടിച്ചാണ് റിസള്‍ട്ടുണ്ടാക്കുന്നത്. ഈ ശൈലി ഏറ്റവും അനുയോജ്യം ഷാവി-ഇനിയെസ്റ്റ സഖ്യത്തിനാണ്. ഇവര്‍ക്ക് പകരം വെക്കാന്‍ ആരുണ്ട്? ബാഴ്‌സയും സ്‌പെയിനും അനുഭവിക്കുന്ന പ്രതിസന്ധി ഇതാണ്. ടിക്കി-ടാക്ക ശീലത്തിന്റെയും വഴക്കത്തിന്റെയും ഭാഗമാണ്. ഇത് വഴങ്ങുന്നവരായിരുന്നു ഗോര്‍ഡിയോളയുടെ കീഴില്‍ ചരിത്രം സൃഷ്ടിച്ച ബാഴ്‌സലോണ നിര. ഇതിന്റെ ചെറിയ പതിപ്പ് മാത്രമായിരുന്നു സ്‌പെയിന്‍. ഷാവിയെ പ്രായം പിടികൂടിയിരിക്കുന്നു. ഹോളണ്ടിനെതിരെ ഷാവി കാഴ്ചക്കാരനായപ്പോള്‍ ചിലിക്കെതിരെ കോച്ച് കളിപ്പിച്ചില്ല. ഇനിയെസ്റ്റയിലെ മിന്നലാട്ടം അവസാനിച്ചിട്ടില്ല. പക്ഷേ, ഇനിയെസ്റ്റ ഒരാള്‍ വിചാരിച്ചാല്‍ പൂര്‍ണതയിലെത്തുന്നതല്ല പൊസഷന്‍ ഗെയിം.

ടീം സെലക്ഷന്‍ പ്രധാനമാണ്
ഗോളിയും ക്യാപ്റ്റനുമായ ഐകര്‍ കസിയസ്, ഷാവി,ഇനിയെസ്റ്റ, അലോണ്‍സോ, ഫാബ്രിഗസ്, ഡേവിഡ് വിയ, ടോറസ് എന്നിവരെയെല്ലാം കൂട്ടിയിണക്കി പന്തടക്കത്തിന്റെ മായാജാലം സൃഷ്ടിച്ച വിസെന്റെ ഡെല്‍ ബൊസ്‌ക് ബ്രസീലില്‍ എന്തു കൊണ്ട് പരാജയമായി. ടീം സെലക്ഷനിലെ പാളിച്ചയാണ് പ്രധാന പ്രശ്‌നം. ഫിറ്റ്‌നെസില്ലാത്ത അത്‌ലറ്റിക്കോ മാഡ്രിഡ് സ്‌ട്രൈക്കര്‍ ഡിയഗോ കോസ്റ്റയെ സ്‌ട്രൈക്കറാക്കി. ഹോര്‍സ് പ്ലാസന്റ ചികിത്സ എന്നറിയപ്പെടുന്ന അത്ഭുത ചികിത്സ കഴിഞ്ഞാണ്, ഒട്ടും പരുവപ്പെടാത്ത കാലുമായി കോസ്റ്റ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനിറങ്ങിയത്. പത്ത് മിനുട്ടിനുള്ളില്‍ കോസ്റ്റയെ കോച്ച് സിമിയോണിക്ക് തിരിച്ചു വിളിക്കേണ്ടി വന്നു. ആ കോസ്റ്റയെങ്ങനെ സ്‌പെയിനിന്റെ സ്‌ട്രൈക്കറായി ? ടോറസ് അത്ര പോരെങ്കിലും വിയ്യയേയോ പെഡ്രോയെയോ സ്‌ട്രൈക്കറാക്കിയിരുന്നെങ്കില്‍ നോക്കൗട്ടിലെത്താനുള്ള ത്രാണിയുണ്ടാകുമായിരുന്നു.
ഇനിയെസ്റ്റ പറഞ്ഞത്, കോക്കെ ലോകകപ്പില്‍ എനിക്കൊപ്പം പന്ത് തട്ടുമെന്നാണ്. പക്ഷേ, കോച്ച് കോക്കെയെ പകരക്കാരുടെ ബെഞ്ചിലാക്കി. ഷാവിക്ക് പകരം കോക്കെയെ മധ്യനിരയില്‍ പരീക്ഷിക്കാമായിരുന്നു. ത്രൂ പാസുകള്‍ നല്‍കുന്നതില്‍ ഷാവിയെ പോലെ മിടുക്കനായ കോക്കെ ചിലിക്കെതിരെയും രണ്ടാം പകുതിയിലാണ് ഇറങ്ങിയത്. ഐകര്‍ കസിയസിനെ റയല്‍ മാഡ്രിഡ് ലാ ലിഗയില്‍ കളിപ്പിക്കുന്നില്ല. ചാമ്പ്യന്‍സ് ലീഗില്‍ മാത്രം. അതു തന്നെ റയല്‍ ആരാധകരുടെ സമ്മര്‍ദം കൊണ്ടാണെന്നതാണ് യാഥാര്‍ഥ്യം.
കസിയസിനെ കാലം കഴിഞ്ഞവനെന്ന് മുദ്ര കുത്തി പകരക്കാരുടെ നിരയിലേക്ക് തള്ളിയിട്ടതിനാണ് റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനം മൗറിഞ്ഞോക്ക് നഷ്ടമായത്. കസിയസ് ഇല്ലെങ്കില്‍ കളി കാണാനില്ലെന്ന് റയല്‍ അനുകൂലികള്‍ പ്രഖ്യാപിച്ചതോടെ ക്ലബ്ബ് ബോര്‍ഡ് യോഗം ചേരേണ്ടി വന്നു. മൗറിഞ്ഞോ പുറത്ത്, ആഞ്ചലോട്ടി വന്നു. കസിയസിനെ പുറത്തിരുത്തി ആഞ്ചലോട്ടിക്കെങ്ങനെ മുന്നോട്ടു പോകുവാനാകും.
ബ്രസീല്‍ ലോകകപ്പില്‍ സ്‌പെയിന്‍ തകര്‍ന്നടിഞ്ഞപ്പോള്‍ ദാരുണകാഴ്ച കസിയസായിരുന്നു. പന്ത് റീഡ് ചെയ്യാനറിയാത്ത ഗോളിയായി കസിയസ് മാറിയിരുന്നു. സല്‍പ്പേര് കളഞ്ഞ് കുളിച്ച് ഒരു മടക്കം. ഗ്ലൗസ് വലിച്ചെറിഞ്ഞാണ് കസിയസ് ഗ്രൗണ്ട് വിട്ടത്. ആസ്‌ത്രേലിയക്കെതിരെ യുവ ഗോളി ഡി ഗിയ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാം. കസിയസിന്റെ വിരമിക്കല്‍ അതു കഴിഞ്ഞാകും.
എവിടെ മറുതന്ത്രം
ഹോളണ്ട് അഞ്ച് പ്രതിരോധനിരക്കാരെ നിരത്തുമെന്ന് അറിയിച്ചിട്ടും സ്‌പെയിന്‍ മറുതന്ത്രം പയറ്റിയില്ല. ജെറാര്‍ഡ് പീക്വെയും സെര്‍ജിയോ റാമോസും കാര്‍ലോസ് പ്യുയോള്‍ എന്ന ബുദ്ധിമാനായ ഡിഫന്‍ഡറുടെ അഭാവത്തില്‍ ശരാശരിക്കാരായി മാറുന്ന കാഴ്ച. പീക്വെയായിരുന്നു വലിയ അബദ്ധം. റോബനെ പോലെ സദാസമയവും വിംഗ് അറ്റാക്ക് ചെയ്യുന്ന താരത്തെ തളയ്ക്കാന്‍ വിസെന്റ് ഡെല്‍ ബൊസ്‌ക് തുനിഞ്ഞില്ല. ലീഡ് വഴങ്ങിയതോടെ ടിക്കി-ടാക്ക വിട്ട് പരക്കം പാഞ്ഞു കളിക്കുന്ന സ്‌പെയിന്‍ ദുരന്തമുഖത്തെ ചിതറിയോട്ടത്തെ ഓര്‍മിപ്പിച്ചു. ഒരു മെയ്യും മനസ്സുമായി പൊരുതേണ്ട സമയത്ത് ചിതറിയോടിയാല്‍ എതിരാളിക്ക് എന്തെളുപ്പം ! 5-1ന് മാനക്കേട് ചോദിച്ചു വാങ്ങി.
ചിലി നേടിയ രണ്ട് ഗോളുകളും സ്‌പെയിന്‍ പ്രതിരോധത്തിലെ പിഴവിലായിരുന്നു. വര്‍ഗാസ് നേടിയ ആദ്യ ഗോളില്‍ സ്‌പെയിന്‍ പുറത്തായിരുന്നു. രണ്ടാം ഗോള്‍ നോക്കുക. കസിയസ് ഇത്രയും കാലം ഗോള്‍കീപ്പറുടെ ജോലി തന്നെയല്ലേ ചെയ്തത് എന്ന് സംശയം തോന്നും. പന്ത് ക്ലിയര്‍ ചെയ്യേണ്ടത് ബോക്‌സിനുള്ളിലേക്കായിരുന്നോ?
അതേ, സ്‌പെയിന്‍ അവരുടെ സുവര്‍ണകാലത്തിന്റെ അസ്തമയം പ്രഖ്യാപിക്കാന്‍ വേണ്ടി മാത്രം വന്നതായിരുന്നു.

---- facebook comment plugin here -----

Latest