Gulf
ഹോളി ഖുര്‍ആന്‍: പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ വന്‍ ജനക്കൂട്ടം
ദുബൈ: ദുബൈ ഹോളി ഖുര്‍ആന്‍ മത്‌സരത്തിന്റെ മുന്നോടിയായി അറബികള്‍ക്കായി നടത്തപ്പെടുന്ന പരിപാടിയിലെ പ്രസംഗങ്ങള്‍ ഒന്നിനൊന്ന് മെച്ചം. പ്രഭാഷണം കേള്‍ക്കാന്‍ വന്‍ ജനക്കൂട്ടമാണ് എല്ലാ ദിവസവും എത്തുന്നത്. രണ്ടാം ദിവസം ഈജിപത് പണ്ഡിതന്‍ ഉമര്‍ അബ്ദുല്‍ കാഫിയാണ് പ്രഭാഷണം നടത്തിയത്. നര്‍മം ചേര്‍ന്ന ഗൗരവമേറിയ പ്രസംഗം വേറിട്ടൊരു അനുഭവമായി. സത്യവിശ്വാസികള്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കല്‍ എന്ന വിഷയത്തെ കുറിച്ചാണ് അദ്ദേഹം പ്രസംഗിച്ചത്.
അല്ലാഹുവിന്റെ വിധിവിലക്കുകളെ മനസാ വാചാ കര്‍മണാ അനുസരിക്കണമെന്ന് ഖുര്‍ആനിലൂടെ അദ്ദേഹം സമര്‍ഥിച്ചു. എത് കാര്യവും ആത്മാര്‍ഥതയില്‍ മാത്രം ചെയ്യണമെന്ന് ഉദാഹരണ സഹിതം ബോധ്യപ്പെടുത്തി. ഒത്തൊരുമയോടെ മുന്നേറിയാല്‍ മുന്‍ഗാമികള്‍ നേടിയ വിജയം നമുക്ക് കൊയ്യാമെന്നും അദ്ദേഹം ഉണര്‍ത്തി. ശ്രോതാക്കളായി അറബികള്‍ക്ക് പുറമെ ഇന്ത്യക്കാരും പാകിസ്ഥാനികളും മറ്റും ഹാളില്‍ നിറഞ്ഞിരുന്നു. അല്ലാഹുവിന്റെ കലാമിലുള്ള അന്വേഷണം എന്ന വിഷയത്തില്‍ സഊദിയുടെ ശൈഖ് സ്വാലിഹ് അല്‍ മആമസിയുടെ പ്രസംഗത്തോടെയാണ് പതിനെട്ടാമത് സെഷന് തുടക്കമായത്. ദുബൈ ചേംബര്‍ ഓഫ് കേമേഴ്‌സില്‍ രാത്രി പത്തരയോടെ തുടങ്ങുന്ന പരിപാടി പന്ത്രണ്ടരയോടെ അവസാനിക്കും. ശ്രോദ്ധാക്കള്‍ക്ക് ലഭിക്കുന്ന കൂപ്പണുകള്‍ പരിപാടിയുടെ അവസാനത്തില്‍ നറുക്കെടുത്ത് വില പിടിപ്പുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും.