Malappuram
സന്ദര്‍ശകരുടെ മനംകവര്‍ന്ന് ആതവനാട് അയ്യപ്പനോവ് വെള്ളച്ചാട്ടം
കല്‍പകഞ്ചേരി: ടൂറിസം ഭൂപടത്തില്‍ ഇടം ലഭിച്ചില്ലെങ്കിലും ആതവനാട് പഞ്ചായത്തിലെ അയ്യപ്പനോവ് വെള്ളച്ചാട്ടം സന്ദര്‍ശകര്‍ക്ക് മനംകുളിര്‍പ്പിക്കുന്ന കാഴ്ച്ചയൊരുക്കുന്നു.
കുന്നിന്‍ പ്രദേശത്തെ ഈ വെള്ളച്ചാട്ടത്തിന് പുറമെ ഈ ഭാഗത്തെ പ്രകൃതി ഭംഗി ആസ്വദിക്കാന്‍ ഒട്ടേറെ പേരാണ് എത്തുന്നത്. ആഘോഷ സമയങ്ങളിലും ഒഴിവുദിനങ്ങളിലും ഈ പ്രകൃതി രമണീയമായ സ്ഥലത്ത് ചെലവഴിക്കാന്‍ സന്ദര്‍ശകരുടെ തിരക്കാണ്. ദേശീയപാതയിലെ വെട്ടിച്ചിറയില്‍ നിന്ന് കാട്ടിലങ്ങാടി റോഡിലൂടെ നാല് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ പ്രകൃതി ദൃശ്യഭംഗി ഒരുക്കിയ ഈ പ്രദേശത്ത് എത്തിച്ചേരാനാകും.
വെള്ളച്ചാട്ടത്തിന് മീതെയുള്ള ഭാഗത്തെത്തി വീക്ഷിക്കുന്നവര്‍ക്ക് പ്രകൃതിയുടെ മനോഹാരിതയും കണ്ടാസ്വദിക്കാനാകും. മാട്ടുമ്മല്‍ പാടശേഖരത്തിലെ വെള്ളം പാറകള്‍ക്കിടയിലൂടെ 40 അടി താഴ്ച്ചയിലേക്ക് പതിച്ചുണ്ടാകുന്ന വെള്ളച്ചാട്ടവും ഏക്കര്‍ കണക്കിന് സ്ഥലത്തെ പാടശേഖരങ്ങളും പച്ചപ്പട്ടണിഞ്ഞ കുന്നുകളുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷകം. എന്നാല്‍ ഇവിടെയെത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് സന്ദര്‍ശകരെ വെട്ടിലാക്കുന്നത്. വെള്ളച്ചാട്ടത്തിന് താഴെ ഭാഗത്തേക്ക് എത്തുന്നതിനുള്ള നടവഴി ഏറെ ദുര്‍ഘടമാണ്. തീര്‍ഥാടന ടൂറിസവുമായി ഈ സ്ഥലത്തെ ബന്ധപ്പെടുത്തുമെന്ന് മന്ത്രി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ടൂറിസം ഭൂപടത്തില്‍ ഉള്‍പ്പെടുത്തി സന്ദര്‍ശകര്‍ക്ക് സൗകര്യം ചെയ്ത് ഈ ഭാഗം സംരക്ഷിക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും നടപടി വേണമെന്നാണ് പ്രകൃതി സ്‌നേഹികളുടെ ആവശ്യം.