Connect with us

National

ഇന്‍ഷൂറന്‍സ് ബില്‍: സര്‍വകക്ഷിയോഗം വിളിച്ചിട്ടില്ലെന്ന് വെങ്കയ്യാ നായിഡു

Published

|

Last Updated

venkayya nayiduന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് ബില്‍ ചര്‍ച്ച ചെയ്യുന്നതിനായി സര്‍വകക്ഷിയോഗം വിളിച്ചിട്ടില്ലെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു. ബില്‍ നാളെ രാജ്യസഭയില്‍ വയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍ഷുറന്‍സ് ബില്‍ പാസാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി സര്‍വകക്ഷി യോഗം വിളിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശ നിക്ഷേപ പരിധി 49 ശതമാനമാക്കാനുള്ള ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും നിലപാടിന്റെ പശ്ചാത്തലത്തിലാണ് സമവായമുണ്ടാക്കുന്നതിനായി യോഗം വിളിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നത്.

എസ് പി , ബി എസ് പി കക്ഷികള്‍ തങ്ങളുടെ നിലപാട് മയപ്പെടുത്തിയതാണ് ബി ജെപിക്ക് പ്രതീക്ഷ പകരുന്നത്. സെലക്ട് കമ്മിറ്റിക്കു മുന്നില്‍ കോണ്‍ഗ്രസ് അവതരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന ഭേദഗതികള്‍ എഴുതി നല്‍കിയാല്‍ അംഗീകരിക്കാമെന്നു കഴിഞ്ഞ സര്‍വകക്ഷി യോഗത്തില്‍ വെങ്കയ്യ നായിഡു വെച്ച നിര്‍ദേശം എസ് പി, ബി എസ് പി കക്ഷികള്‍ക്ക് സ്വീകാര്യമാകുന്നുണ്ട്. യുപിഎ സഖ്യകക്ഷിയായ എന്‍ സി പിക്കും വെങ്കയ്യ നായിഡുവിന്റെ നിലപാടിനോട് യോജിപ്പുണ്ട്.

അതേസമയം, ഇന്‍ഷുറന്‍സ് ബില്‍ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണയ്ക്കാമെന്നു സമ്മതിച്ചിരുന്ന അണ്ണാ ഡി എം കെ ഇന്നലെ മലക്കം മറിഞ്ഞ് ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്ന് നിലപാടെടുത്തതു ബി ജെ പിക്ക് തിരിച്ചടിയായി. അണ്ണാ ഡിഎംകെയെ അനുനയിപ്പിക്കാനുള്ള ഊര്‍ജിത ശ്രമത്തിലാണ് ബിജെപി നേതൃത്വം.