Connect with us

Articles

വൈദ്യുതി വിലയും റിലയന്‍സും തമ്മിലെന്ത്?

Published

|

Last Updated

കേരളത്തില്‍ സരിതയും മദ്യവും മറ്റുമുണ്ടാക്കിയ വിവാദങ്ങളൊന്നുമില്ലാതെ, ജനങ്ങളെ മൊത്തത്തില്‍ കൊള്ളയടിക്കും വിധത്തില്‍ വൈദ്യുതി നിരക്ക് കുത്തനെ വര്‍ധിപ്പിച്ചിട്ടും പ്രതിപക്ഷത്തുനിന്നു പോലും (ചില അനുഷ്ഠാന പ്രസ്താവനകള്‍ക്കപ്പുറം) ഒരു പ്രതികരണവുമായില്ലെന്നത് അത്ഭുതകരമല്ലേ? മറ്റേത് വിഷയത്തേക്കാളും കേരളീയരെ പല വിധത്തില്‍ ബാധിക്കുന്നതാണ് നിരക്ക് വര്‍ധനവ്. ഇതേറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരളത്തിലെ പ്രമുഖ വിഭാഗമായ മധ്യവര്‍ഗക്കാരെയാണ്. ജനങ്ങളൊക്കെ ഇത്തരം നിരക്കുവര്‍ധനക്കനുകൂലമാണെന്ന് കരുതാമോ? അതു പറ്റില്ല. പലരും ശക്തമായി സ്വകാര്യം പറയുന്നുണ്ട്. പക്ഷേ, പുറത്ത് പറയാന്‍ ചങ്കൂറ്റമില്ല. മുഖ്യധാരാ പ്രസ്ഥാനങ്ങള്‍, രാഷ്ട്രീയ, ട്രേഡ് യൂനിയന്‍ നേതൃത്വം ഒന്നും പറയാത്തതിനാല്‍ ശരാശരി കേരളീയര്‍ നിശ്ശബ്ദരാണ്. ജനവിധിപോലെ അവരതിനെ സ്വീകരിക്കുന്നു. ട്രേഡ് യൂനിയന്‍ നേതാക്കളെപ്പറ്റി പറയേണ്ടതില്ല. സ്വന്തം ശമ്പളവും ബത്തയും ബോണസും തൊഴിലും (തൊഴില്‍ ചെയ്യാതിരിക്കലും) സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണവര്‍ പ്രവര്‍ത്തിക്കുന്നത്. തൊഴിലാളി വര്‍ഗ നേതൃത്വത്തില്‍ രാഷ്ട്രീയ വിപ്ലവം നടക്കുമെന്നും മറ്റുമുള്ള അന്ധവിശ്വാസം ഉണ്ടായിരുന്ന ഒരു കാലത്ത്. ഈ ലേഖകന്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് വൈദ്യുതി ജീവനക്കാര്‍ നടത്തിയ സമരത്തെ ഉള്ളഴച്ച് പിന്തുണച്ചിരുന്നു. അതിന്റെ പേരില്‍ അറസ്റ്റും ജയില്‍വാസവും വരെയുണ്ടായിട്ടുണ്ട്. പക്ഷേ, ഈ വൈദ്യുതി നിരക്കു വര്‍ധനവക്കെതിരെ വിപ്ലവ യൂനിയനുകള്‍ പോലും മിണ്ടുന്നില്ല. അതാണവരുടെ രാഷ്ട്രീയം. ഇത് വൈദ്യുത ബോര്‍ഡിലെ മാത്രം പ്രശ്‌നമല്ല. കെ എസ് ആര്‍ ടി സിയിലും വാട്ടര്‍ അതോറിറ്റിയിലും ഒക്കെ സ്ഥിതി ഇതുതന്നെ. ജനങ്ങള്‍ക്കെത്ര ഭാരമായാലും അവര്‍ക്ക് പ്രശ്‌നമല്ല. അതില്‍ വ്യത്യസ്ത യൂനിയനുകളില്‍ ഒരഭിപ്രായ വ്യത്യാസവുമില്ലതാനും.
മറ്റെല്ലാ ഉത്പന്നങ്ങള്‍ക്കുമെന്നപോലെ ഒരു വിലവര്‍ധനവാണോ വൈദ്യുതി നിരക്കിലുണ്ടായത്. ഇതൊഴിവാക്കാന്‍ കഴിയുമായിരുന്നുവോ? ഇത് ഇപ്പോഴത്തെ ഒരു പ്രതിസന്ധിയാണോ? ഇതിന് മറ്റ് കാരണങ്ങളുണ്ടോ? ഇതിന്റെ ചരിത്ര പശ്ചാത്തലം എന്താണ്? അത്തരമൊരു അന്വേഷണത്തിനാണിവിടെ ശ്രമിക്കുന്നത്. വൈദ്യുതി ബോര്‍ഡിലെ അഴിമതിയും കെടുകാര്യസ്ഥതയും ഒരു പുതിയ വിഷയമല്ല. ഇത് പരിഹരിക്കാനെന്ന പേരില്‍ കേന്ദ്ര സര്‍ക്കാര്‍ ആഗോളീകരണ സ്വകാര്യവത്കരണ നയങ്ങള്‍ നടപ്പിലാക്കാന്‍ ശ്രമിച്ചതിന്റെ ദുരന്തങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. സ്വകാര്യവത്കരണം വഴി നിരവധി വൈദ്യുതി ബോര്‍ഡുകള്‍ പാപ്പരായിട്ടുണ്ട്. ദില്ലി, ഒറീസ തുടങ്ങി നിരവധി സംസ്ഥാനങ്ങളില്‍ നിരക്കു വര്‍ധനയുണ്ടായിട്ടുണ്ട്. എന്നാല്‍ പൊതുമേഖലാ സ്ഥാപനമായി നിര്‍ത്തിക്കൊണ്ടുതന്നെ ഈ ബോര്‍ഡിനെ മെച്ചപ്പെട്ട നിലയിലാക്കാമായിരുന്നില്ലേ? ഇക്കാര്യത്തില്‍ മാറിമാറി വന്ന ഭരണകര്‍ത്താക്കളും അവര്‍ നിയന്ത്രിച്ചിരുന്ന ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥരും ഇവരെയെല്ലാം വിറപ്പിക്കുന്ന യൂനിയന്‍ നേതാക്കളുമെല്ലാം കുറ്റക്കാരാണ് എന്നതാണ് സത്യം. ഇന്നത്തെ (എന്നത്തേയും) നിരക്കു വര്‍ധനയുടെ യഥാര്‍ഥ കാരണം തേടിച്ചെന്നാല്‍ നാമിതിലാണെത്തുക.
ഉത്പാദനം, പ്രസരണം, വിതരണം എന്നിങ്ങനെ മൂന്ന് ജോലികളാണ് ബോര്‍ഡ് ചെയ്യുന്നത്. ഒപ്പം കുറേ വൈദ്യുതി നാം പുറത്തുനിന്നും വാങ്ങുന്നുമുണ്ട്. സംസ്ഥാനത്തിനാവശ്യമായ വൈദ്യുതി ഇവിടെ ഉണ്ടാക്കുന്നില്ല. ഈ വൈദ്യുതി കമ്മിയാണ് നമ്മുടെ യഥാര്‍ഥ വില്ലന്‍ എന്നു പറയാം. കാലാകാലങ്ങളില്‍ ഭാവി ഊര്‍ജ പ്രശ്‌നം വിലയിരുത്താന്‍ പവര്‍ സര്‍വേകള്‍ നടത്തുന്നു. ഇതു തന്നെ വലിയ തട്ടിപ്പിന്റെ തുടക്കമാണ്. ഇതതു കാലത്തെ ഭരണകൂടത്തിന്റെ ആവശ്യമനുസരിച്ചുള്ള കണക്കുണ്ടാക്കും. “വൈദ്യുതി കമ്മി”യുണ്ടാക്കും. വ്യവസായങ്ങള്‍ തകരും, തൊഴില്‍ നഷ്ടമുണ്ടാകും. ദാരിദ്ര്യമാകും എന്ന ഭീഷണി ഉയത്തി പലതും നേടുന്നതാണ് നമ്മുടെ രീതി. 1970 കളുടെ അവസാനത്തില്‍ നടന്ന പവര്‍ സര്‍വേക്ക് ഒരൊറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. എതു വിധേയനയും സൈലന്റ്‌വാലി പദ്ധതിക്കുവേണ്ടി കരാര്‍ ഉറപ്പിക്കുക എന്നതാണത്. അന്ന് മുന്നോട്ടുവെച്ച “ഭാവി കണക്ക്” ഇന്നൊന്ന് വായിച്ചാല്‍ നാം തലതല്ലി ചിരിച്ചുപോകും. 2000 ആകുമ്പോഴേക്ക് കേരളത്തിന്റെ വൈദ്യുതിയാവശ്യം നേരിടാന്‍ വേണ്ട സ്ഥാപിത ശേഷം 10000 മെഗാവാട്ടെങ്കിലുമാകുമെന്നാണ് കണക്ക്. എത്ര പ്രസരണ, വികിരണ നഷ്ടമുണ്ടായാലും വൈകീട്ട് 6.30 സമയത്ത് (ഏറ്റവും ഉയര്‍ന്ന ആവശ്യം) 4500 മെഗാവാട്ട് മതി. പ്രവചനമനുസരിച്ച് വൈദ്യുതി ഉണ്ടാക്കാന്‍ നിലയങ്ങള്‍ സ്ഥാപിച്ചിരുന്നെങ്കിലോ?
ഇത്തരത്തില്‍ കമ്മിഭീതി പരത്തിയാണ് പല പദ്ധതികള്‍ക്കും അംഗീകാരം നേടിയെടുത്തിരുന്നത്. “നൊ പവര്‍ ഈസ് കോസ്റ്റ്‌ലിയര്‍ ഓള്‍ നൊപാര്‍” എന്ന മുദ്രാവാക്യം ഒറ്റ നോട്ടത്തില്‍ ശരിയാണെന്ന് തോന്നും. പക്ഷേ, കേരളത്തില്‍ പല ഉത്പാദന നിലയങ്ങളും അടച്ചിട്ട് ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്താറുണ്ട്. കാരണം ആ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി എടുത്താന്‍ വന്‍ ബാധ്യതയുണ്ടാകും ബോര്‍ഡിന്. കേരളത്തില്‍ ഈ കമ്മി ഭീതി കാട്ടി തെറ്റായ നിരവധി നടപടികള്‍ എല്ലാ കാലത്തേയും സര്‍ക്കാറുകള്‍ സ്വീകരിച്ചിട്ടുണ്ട്. അതില്‍ അഴിമയിയും കെടുകാര്യസ്ഥതകളും പ്രകടമായി കാണാം.
ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണല്ലോ ലാവ്‌ലിന്‍ അഴിമതി. അതേപോലെ തന്നെയാണ് കുറ്റിയാടിയടക്കം നിരവധി നിലയങ്ങളിലെ അറ്റകുറ്റപ്പണികളും. ലാവ്‌ലിനേക്കാള്‍ പലമടങ്ങ് അബദ്ധമാകാമായിരുന്ന ഒരു പദ്ധതി, പിണറായി വിജയന്‍ മന്ത്രിയാകുന്ന കാലത്ത് ജനകീയ സമരങ്ങളുടെ ഫലമായി ഒഴിവായി പോയതാണ്. കണ്ണൂരിലെ ഇരിണാവില്‍ സ്ഥാപിക്കാന്‍ നിര്‍ദേശിക്കപ്പെട്ട എന്റോണിന്റെ താപനിലയം. കെ പി പി നമ്പ്യാര്‍ ചെയര്‍മാനായ കമ്പനി വഴി സ്ഥാപിക്കാനായിരുന്നു നിര്‍ദേശം. കണ്ണൂരിലെ സി പി എം നേതൃത്വം പദ്ധതിക്കു വേണ്ടി ശക്തമായി വാദിച്ചു. മഹാരാഷ്ട്രയിലെ ധാബോളില്‍ എന്റോണ്‍ തട്ടിപ്പ് നിലയത്തിനെതിരായി നടക്കുന്ന സമരത്തില്‍ സി ഐ ടി യു നേതൃപരമായ പങ്ക് വഹിക്കുന്നുവെന്നിരിക്കുമ്പോഴും അത്തരമൊന്ന് കണ്ണൂരില്‍ കൊണ്ടുവരാന്‍ ശ്രമിച്ചു. ഏതായാലും എന്റോണ്‍ കമ്പനി തന്നെ ലോകത്ത് ഇല്ലാതായത് ഭാഗ്യം. അല്ലെങ്കില്‍ വൈദ്യുതി വില ഇന്ന് പലമടങ്ങായി ഉയരുമായിരുന്നു.
ഇതേ കമ്മിഭീതി ഉയര്‍ത്തിയാണ് മൂന്ന് ഡീസല്‍ നിലയങ്ങള്‍ കേരളത്തില്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതും. ലോകത്തെല്ലായിടത്തും പൊതുവിതരണത്തിന് (വിശേഷിച്ച് ഗാര്‍ഹികാവശ്യങ്ങള്‍ക്ക്) ഡീസല്‍ നിലയം സ്ഥാപിക്കാറില്ല. കാരണം അത് മുതലാകില്ല. എന്നാല്‍ വന്‍ അഴിമതിയിലൂടെ ബ്രഹ്മപുരത്ത് ഒരു ഡീസല്‍ നിലയം വന്നു. അതിനെ എതിര്‍ത്ത് ഇടതുപക്ഷം കോഴിക്കോട്ടെ നല്ലളത്ത് ബോര്‍ഡ് നേരിട്ടും കാസര്‍കോട് (മൈലാട്ടി) വ്യവസായ വികസന കോര്‍പറേഷന്‍ വഴിയും ഡീസല്‍ നിലയങ്ങള്‍ സ്ഥാപിച്ചു. ഈ നിലയങ്ങള്‍ പ്രവര്‍ത്തിപ്പിച്ചാല്‍ വന്‍ നഷ്ടമായതിനാല്‍ മിക്കപ്പോഴും വെറുതെയിടുന്നു. ഇവ നിര്‍മിക്കാന്‍ വേണ്ടി മുടക്കിയ നൂറുകണക്കിന് കോടിയുടെ പലിശ, യന്ത്ര തേയ്മാനം എന്നിവ വളരെ കുറവാണെന്നു പറഞ്ഞാലും കൂറേ ജീവനക്കാര്‍ക്കു ശമ്പളം മുതലായ ചെലവുകള്‍ തുടര്‍ച്ചയായി നല്‍കണം. ഈ ഒറ്റ ഇനത്തില്‍ മാത്രം എത്ര നൂറുകോടി ബോര്‍ഡിന് നഷ്ടമായിട്ടുണ്ടാകും?
കായംകുളം താപനിലയം എന്‍ ടി പി സിയുടെതാണ്. അതാരംഭിക്കുന്ന കാലത്ത് അവിടെനിന്നുള്ള മുഴുവന്‍ വൈദ്യുതിയും കേരളം എടുക്കണമെന്ന വാദത്തെ എതിര്‍ത്തവരുടെ കൂട്ടത്തില്‍ ഈ ലേഖകനുമുണ്ടായിരുന്നു. കാരണം വ്യക്തം. മുഴുവന്‍ വൈദ്യുതിയും നല്‍കുമ്പോള്‍ അതിന്റെ മുഴുവന്‍ വിലയും (ചെലവും) നാം നല്‍കണം. മറിച്ച് കേരളത്തിന്റെ “വിഹിതം” മാത്രമാണ് ലഭിക്കുന്നതെങ്കില്‍ ദക്ഷിണേന്ത്യയിലെ മൊത്തം കേന്ദ്ര ഉത്പാദനത്തിന്റെ ശരാശരി വിലയേ വരൂ! ഇവ തമ്മില്‍ വലിയ വ്യത്യാസമുണ്ട്. ഇന്ധന വിലയാണ് പ്രശ്‌നം. നാഫ്ത വില വളരെ കുറവാണ്. കായംകുളം നിലയം ആരംഭിച്ച കാലത്ത് നാഫ്ത വില കേവലം ടണ്ണിന് 4500 രൂപയായിരുന്നു. ഈ വില സ്ഥിരമല്ലെന്നും അന്താരാഷ്ട്ര വിലയായതിനാല്‍ മാറാമെന്നും ഉള്ളതിനാല്‍ കൂടിയാണ് കായംകുളം വൈദ്യുതി മൊത്തമായി നാം വാങ്ങരുതെന്നു പറഞ്ഞത്. നിലയം പ്രവര്‍ത്തനക്ഷമമായപ്പോഴേക്കും നാഫ്ത വില 20,000 രൂപയോളമായി. വൈദ്യുതി വില വളരെ കൂടുതലായി. (10-11 രൂപ). ഈ വിലക്ക് വൈദ്യുതി വാങ്ങി നാട്ടുകാര്‍ക്കു നല്‍കിയാല്‍ ബോര്‍ഡ് കുത്തുപാളയെടുക്കുമെന്നതിനാല്‍ പലപ്പോഴും കായംകുളം നിലയത്തില്‍ നിന്ന് വൈദ്യുതി വാങ്ങാതെ (ലോഡ്‌ഷെഡിംഗ് ഉള്ളപ്പോഴും) ഒഴിവാകുന്നു. പക്ഷേ, ഇതിന് പ്രതിമാസം 30 കോടി രൂപ ഐഡ്‌ലിംഗ് ചാര്‍ജ് (വെറുതെയിരുന്നാലുള്ള ചെലവ്) നാം നല്‍കണം. വൈദ്യുതി വാങ്ങിയാല്‍ നഷ്ടം പലമടങ്ങാകും.
ഇപ്പോള്‍ മറ്റൊരു വാദം ഇറങ്ങിയിട്ടുണ്ട്. പ്രകൃതിവാതകം ഇങ്ങുവന്നാല്‍ പിന്നൊക്കെ ശുഭം. അതിനു വില വളരെ കുറവാണ്…. ഇതിന്റെ സ്ഥിതിയും വ്യത്യസ്തമാകാന്‍ വഴിയില്ല. അന്താരാഷ്ട്ര കമ്പോളത്തില്‍ നിന്നാണ് പ്രകൃതിവാതകം വാങ്ങുന്നത്. ആവശ്യം ഉയര്‍ന്നാല്‍ അതിന്റെ വിലയും കൂടും. ഇന്ത്യയില്‍ ഒ എന്‍ ജി സിയും റിലയന്‍സുമാണ് ഇതു കുഴിച്ചെടുക്കുന്നവര്‍. ഇതിന്റെ കമ്പോള വില സര്‍ക്കാറുകള്‍ നിശ്ചയിക്കുക റിലയന്‍സ് ആവശ്യപ്പെടുന്നതനുസരിച്ചാകുമെന്നാര്‍ക്കാണറിയാത്തത്? അന്താരാഷ്ട്ര വിലക്കനുസരിച്ച് ആഭ്യന്തര ഉത്പാദനത്തിന്റെ വില നിശ്ചയിക്കുന്നതിനാലാണല്ലോ ഇന്ന് ഇന്ധല വില ഇന്ത്യയില്‍ ഇത്ര ഉയര്‍ന്നിരിക്കുന്നത്. ഈ പ്രകൃതിവാതകം കൊച്ചി ടെര്‍മിനലില്‍ എത്തിയിട്ടെന്തു ഫലമുണ്ടായി? ഏറെ കൊട്ടിഘോഷിച്ച പുതുവൈപ്പിലെ എല്‍ എന്‍ ജി നിലയം എന്തേ ആരും ഓര്‍ക്കുന്നില്ല? വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ ഈയിടെ ഒരു സത്യം പറഞ്ഞു. ഈ വിദഗ്ധര്‍ പറയുന്നതല്ല ശരി, ബോര്‍ഡിന് പ്രകൃതിവാതക നിലയത്തിലെ വൈദ്യുതി വില താങ്ങാനാകില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. പ്രകൃതിവാതകക്കച്ചവടം കൊഴുപ്പിക്കാന്‍ കൊച്ചിയില്‍ ചേര്‍ന്ന “വിദഗ്ധ സമിതി” യോഗത്തില്‍ (ചേംബര്‍ ഓഫ് കൊമേഴ്‌സ് സംഘടിപ്പിച്ചത്) വെച്ചാണ് ഈ പ്രസ്താവന നടത്തിയത്. അതില്‍ പങ്കെടുത്ത മറ്റ് “വിദഗ്ധര്‍” എല്ലാം തന്നെ പ്രകൃതിവാതകത്തിന്റെ സ്തുതിപാഠകരായിരുന്നു. എഫ് എ സി ടിക്ക് ഇതുകൊണ്ട് വന്‍ നേട്ടമുണ്ടാകുമെന്ന പ്രചാരണമുണ്ടായിരുന്നു! ഒന്നുമുണ്ടായില്ല. കൊച്ചിയില്‍ വീടുകളിലേക്ക് ഇത് പാചകവാതമായെത്തിക്കുമെന്ന് പറഞ്ഞു. ഒന്നും നടന്നില്ല. ഇപ്പോഴിതാര്‍ക്കും വേണ്ട.
ഇനി ഈ ടെര്‍മിനല്‍ ലാഭകരമാകണമെങ്കില്‍ ഒരൊറ്റ വഴി മാത്രം. ബംഗളൂരവിലേക്കും മംഗലാപുരത്തേക്കും കേരളത്തെ നെടുകെയും കുറുകെയും പിളര്‍ന്നു പൈപ്പിടണം. കൊച്ചിയില്‍ മുതലാകാത്ത എല്‍ എന്‍ ജി നീക്കം ചീമേനിയില്‍ ലാഭകരമാകില്ലല്ലോ. ചുരുക്കത്തില്‍ മംഗലാപുരത്തും ബംഗളൂരുവിലുമുള്ള ആര്‍ക്കോ വേണ്ടി കേരളത്തിലെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടങ്ങളിലൂടെ കൂറ്റന്‍ ഗ്യാസ് പൈപ്പുകള്‍ ഇടാന്‍ അനുവാദം വേണം. ജനങ്ങളുടെ അനുവാദം. ഇതു തിരിച്ചറിഞ്ഞ ജനങ്ങള്‍ ഇതിനെ പ്രതിരോധിക്കുന്നു. തമിഴ്‌നാട്ടില്‍ ഇതു നടക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ പറയുകയും ചെയ്തിരിക്കുന്നു. ഈ പൈപ്പ്‌ലൈനിന് ഏതെങ്കിലും വിധത്തില്‍ ജനങ്ങളുടെ സമ്മതം നേടിയെടുക്കാനാണിപ്പോള്‍ ഗെയില്‍ എന്ന സ്ഥാപനത്തിന്റെ മറവില്‍ വന്‍കിട പൈപ്പിംഗ് കരാറുകാര്‍ കളിക്കുന്നത്. വന്‍ ലാഭവും അഴിമതിയുമുള്ള ഇടപാടാണ് ഗ്യാസ് പൈപ്പിംഗ്. വിശാഖപട്ടണത്തുണ്ടായതുപോലൊന്ന് കേരളത്തിലുണ്ടായാല്‍ കൊല്ലപ്പെടുന്നത് ആയിരക്കണക്കിന് മനുഷ്യരായിരിക്കും. അന്തിമമായി ഈ പൈപ്പ് ലൈനിന്റെ ഗുണഭോക്താക്കള്‍ റിലയന്‍സ് ആയിരിക്കുകയും ചെയ്യും. വൈദ്യുതി ബോര്‍ഡിന്റെ കമ്മി (എല്ലാ പാഴ്‌ചെലവുകളും പരിഗണിക്കാതിരുന്നാലും) 1423 കോടിയാണെന്നാണ് റഗുലേറ്ററി കമ്മീഷന്‍ പറയുന്നത്. മേല്‍പറഞ്ഞ എല്ലാ നഷ്ടങ്ങളും പ്രസരണ വിതരണ നഷ്ടങ്ങളും (കളവും കേടായ മീറ്ററുകളുമെല്ലാം) അവഗണിച്ചാലും ഏലൂരിലെ ഒരൊറ്റ നിലയത്തിലൂടെ വരുന്ന നഷ്ടം മാത്രം ഒഴിവാക്കിയിരുന്നെങ്കില്‍ ഈ നിരക്ക് വര്‍ധന ഒഴിവാക്കാമായിരുന്നു. ബോംബെയിലെ ഒരു കമ്പനി തുടങ്ങിയ ഈ താപനിലയം ഇന്ന് റിലയന്‍സിന്റെതാണ്. എല്ലാതരം അഴിമതികള്‍ക്കും കള്ളക്കണക്കുകള്‍ക്കും മടിയില്ലാത്ത ഈ സ്ഥാപനവുമായുണ്ടാക്കിയ കരാര്‍ തന്നെ കൊള്ളയാണ്. അവിടുത്തെ വൈദ്യുതി വില വളരെ ഉയര്‍ന്നതാണ്. വൈദ്യുതി വാങ്ങാതിരുന്നാല്‍ നല്‍കുന്ന നഷ്ടപരിഹാരവും വളരെ ഉയര്‍ന്നതാണ്. നിലയം നിര്‍മിക്കാന്‍ മുടക്കിയതിന്റെ പലമടങ്ങ് തുക അവര്‍ ലാഭം ഉണ്ടാക്കിക്കഴിഞ്ഞിരിക്കുന്നു. “നഷ്ടപരിഹാരം” എന്ന രീതിയില്‍ മാത്രം ഇതുവരെ 1200 കോടിയിലധികം രൂപ ബോര്‍ഡ് ഇവര്‍ക്ക് നല്‍കിയിരിക്കുന്നു. ഇതുമാത്രം ഇല്ലായിരുന്നെങ്കില്‍ ഭീമമായ വര്‍ധന ഒഴിവാക്കാമായിരുന്നു. പക്ഷേ, ഈ സത്യം ഇടതു-വലതു പക്ഷക്കാര്‍ പറയില്ല. എല്ലാം അംബാനി കക്ഷിക്കാര്‍ തന്നെ.

Latest